റാങ്കിങ്ങില്‍ നാലിന് താഴെയുള്ള അര്‍ജന്റീനയും ഫ്രാന്‍സും ഓരോ മത്സരം തോറ്റു; 10ന് മുകളിലുള്ള ക്രൊയേഷ്യയും മൊറോക്കയും സെമിയിലെത്തിയത് തോല്‍ക്കാതെ
football news
റാങ്കിങ്ങില്‍ നാലിന് താഴെയുള്ള അര്‍ജന്റീനയും ഫ്രാന്‍സും ഓരോ മത്സരം തോറ്റു; 10ന് മുകളിലുള്ള ക്രൊയേഷ്യയും മൊറോക്കയും സെമിയിലെത്തിയത് തോല്‍ക്കാതെ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th December 2022, 3:39 am

ക്വാര്‍ട്ടര്‍ ഫൈനലുകള്‍ പൂര്‍ത്തിയായതോടെ ഖത്തര്‍ ലോകകപ്പിന്റെ സെമി ചിത്രം തെളിഞ്ഞിരിക്കുകായണ്. ഇതോടെ രണ്ട് സെമിയും ലൂസേഴ്‌സ് ഫൈനലും, ഫൈനലും അടക്കം ഇനി നാല് കളികള്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ് ഖത്തര്‍ ലോകകപ്പ്.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്, മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന, കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ, ആദ്യമായി സെമിയിലെത്തുന്ന ആഫ്രിക്കന്‍ രാജ്യമായ മൊറൊക്കൊ എന്നിവരാണ് അവസാന നാലില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഫിഫാ റാങ്കിങ്ങില്‍ മൂന്നാമതാണ് അര്‍ജന്റീന. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് നാലാമതാണ്. ക്രൊയേഷ്യ 12ഉം മൊറോക്കൊ 22ഉം സ്ഥാനത്താണ്.

 

 

സെമയിലെത്തിയ ഫ്രാന്‍സും അര്‍ജന്റീനയും ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ മത്സരങ്ങള്‍ തോറ്റിരുന്നു. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദിയോടും, ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഫ്രാന്‍സ് ടുണീഷ്യയോടുമായിരുന്നു പരാജയപ്പെട്ടത്.

എന്നാല്‍ മൊറോക്കൊയും കൊയേഷ്യയും പരാജയമറിയാതെയാണ് സെമയിലെത്തുന്നത്. ഗ്രൂപ്പ് എഫില്‍ ഈ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് സമനിലയും ഒരു വിജയവുമാണ് ക്രൊയേഷ്യക്കുള്ളത്.

ഡിസംബര്‍ 14ന് ഇന്ത്യന്‍ സമയം 12:30നാണ് അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള ആദ്യ സെമി. ഡിസംബര്‍ 15ന് ഇതേസമയത്ത് ഫ്രാന്‍സ് മൊറോക്കയെ നേരിടും.

ഖത്തര്‍ ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഫ്രാന്‍സ് സെമിയിലെത്തിയത്. 2-1നാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ വിജയം. ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ മൊറോക്കൊ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മൊറോക്കന്‍ വിജയം.