2018ലെ കടം മെസി വീട്ടുമോ? അര്‍ജന്റീന- ഫ്രാന്‍സ് ഫൈനലും സാധ്യതകളും
football news
2018ലെ കടം മെസി വീട്ടുമോ? അര്‍ജന്റീന- ഫ്രാന്‍സ് ഫൈനലും സാധ്യതകളും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th December 2022, 4:22 am

ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ അര്‍ജന്റീനയും ഫ്രാന്‍സും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. ആദ്യ സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയേയും രണ്ടാം സെമിയില്‍ ഫ്രാന്‍സ് മൊറോക്കയേയുമാണ് പരാജയപ്പെടുത്തിയത്.

കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പ്രവേശനമാണിത്. മെസിയുടെ അര്‍ജന്റീനയാകട്ടെ 2014 ലോകകപ്പില്‍ ഫൈനലിലെത്തിയെങ്കിലും അവസാന നിമിഷം ജര്‍മനിയോട് തോറ്റിരുന്നു.

ഇരുവരും രണ്ട് തവണയാണ് ലോകകപ്പ് നേടിയിട്ടുള്ളത്. ഇതില്‍ അര്‍ജന്റീന കപ്പടിച്ച രണ്ട് ടൂര്‍ണമെന്റിനും ശേഷമാണ് ഫ്രാന്‍സ് കിരീട ജേതാക്കളുടെ പട്ടികയിലേക്കുവരുന്നത്. 1978ലും 1986ലുമാണ് അര്‍ജന്റീന കിരീട ജേതാക്കളായത്. ഫ്രാന്‍സാകട്ടെ 1998ലും 2018ലെ റഷ്യന്‍ ലോകകപ്പിലും ജേതാക്കളായി.

2018ല്‍ പ്രീക്വാര്‍ട്ടറില്‍ ഇരുവരും ഏറ്റുമുട്ടിയെങ്കിലും 4-3ന് ഫ്രാന്‍സ് വിജയിച്ചുകയറുകയായിരുന്നു. ഈ മത്സരത്തിന്റെ കടവും അര്‍ജന്റീനക്ക് ബാക്കിയുണ്ട്.

മൂന്നാം കിരീടത്തിനപ്പുറം, സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഒരു കിരീടനേട്ടമാകും അര്‍ജന്റീന സ്വപ്‌നം കാണുന്നത്. മറുവശത്ത് ഫ്രാന്‍സാകട്ടെ, കിരീടം നിലനിര്‍ത്താനുള്ള ശ്രമത്തിലുമാണ്.

ഇതുവരെയുള്ള പെര്‍ഫോമന്‍സ് വിലയിരുത്തുമ്പോള്‍ ഓരോ മത്സരങ്ങള്‍ പരാജയപ്പെട്ടാണ് ഇരു ടീമുകളും ഫൈനലില്‍ ടിക്കറ്റുറപ്പിച്ചിട്ടുള്ളത്.

ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യയോട് തോല്‍വി വഴങ്ങിയിരുന്നെങ്കിലും പിന്നീട് മികച്ച പ്രകടനമാണ് ടീം അര്‍ജന്റീന കാഴ്ചവെച്ചത്. 35ാമത്തെ വയസിലും മികച്ച ഫോമിലാണ് ഇതിഹാസ താരം ലയണല്‍ മെസി. മെസി തന്നെയാണ് അര്‍ജന്റീനയുടെ പ്രതീക്ഷയും. അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുമാണ് താരം ഇതുവരെ ടൂര്‍ണമെന്റില്‍ നേടിയത്.

മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലാണ് ഫ്രാന്‍സ് തോല്‍വിയറിഞ്ഞത്.
ആദ്യ രണ്ട് മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ മൂന്നാം മത്സരത്തില്‍ മുന്‍നിര താരങ്ങളെ ബെഞ്ചിലിരുത്തി കളിത്തിലിറങ്ങിയ ഫ്രാന്‍സ് ടുണീഷ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു.

ഗ്രീസ്മാനും ജിറൂദും യുവ താരം കിലിയന്‍ എംബാപ്പെയുമടങ്ങിയതാണ് ഫ്രാന്‍സിന്റെ ശക്തി. എംബാപ്പെ ഇതുവരെ അഞ്ച് ഗോളുകള്‍ ഈ ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്. ഗോള്‍ഡന്‍ ബൂട്ട് നേടാനുള്ള മത്സരത്തില്‍ മെസിക്കൊപ്പമാണ്.

നോക്കൗട്ട് സ്‌റ്റേജില്‍ സെനഗലിനെയും, ഇഗ്ലണ്ടിനെയും ഇപ്പോള്‍ മൊറോക്കയേയും നിശ്ചിത സമയത്ത് തന്നെ കീഴടക്കിയാണ് ഫ്രാന്‍സിന്റെ വരവ്. മറുവശത്ത് അര്‍ജന്റീന ക്വാര്‍ട്ടറില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചത് ഷൂട്ടൗട്ടിലൂടെയായിരുന്നു.


പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയേയും സെമിയില്‍ ക്രൊയേഷ്യയേയും ആധികാരികമായി തന്നെ പരാജയപ്പെടുത്താന്‍ മെസിപ്പടക്കായി. ഈ കണക്കുകളൊക്കെ സൂചിപ്പക്കുന്നത് ഏറക്കുറെ തുല്ല്യ ശക്തികളുടെ മത്സരമാകും ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ എന്നതാണ്.

Content Highlight: story of Qatar World cup Final , Argentina and France