മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചതോടെ ഫിഫ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീം എന്ന ചരിത്രനേട്ട സ്വന്തമാക്കുകയാണ് മൊറോക്കൊ. നേരത്തെ സെനഗല്‍, ഘാന തുടങ്ങിയ ടീമുകള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ വരെയെത്തിയിരുന്നെങ്കിലും സെമി കാണാതെ പുറത്താവുകയായിരുന്നു.
ഖത്തറില്‍ സെമി വരെയുള്ള മൊറോക്കന്‍ ജൈത്രയാത്ര കേവലം അട്ടിമറികള്‍ മത്രമല്ല എന്നതിന്റെ തെളിവാണ് ഈ ലോകകപ്പില്‍ ടീം ഒരു ഗോള്‍ മാത്രം വഴിങ്ങിയിട്ടൊള്ളു
എന്ന വസ്തുത.
ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ കാനഡക്ക് മാത്രമാണ് യാസിന്‍ ബോണോ കാവല്‍ക്കാരനായ മൊറോക്കന്‍ വല കുലുക്കാനായത്. ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില പാലിച്ചാണ് മൊറോക്കൊ തുടങ്ങുന്നത്.
ആ ക്രൊയേഷ്യ മൊറോക്കോക്കൊപ്പം സെമി ഫൈനല്‍ ഉറപ്പിച്ച ടീമായി ഇപ്പോഴും ചിത്രത്തിലുണ്ട്. രണ്ട് ടീമുകള്‍ സെമിയിലെത്തുന്ന ഏക ഗ്രൂപ്പും ഗ്രൂപ്പ് എഫാണ്.
ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഫിഫാ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയത്തെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കും പിന്നീട് കാനഡയെ 2-1 നുമാണ് മൊറോക്കൊ തോല്‍പ്പിച്ചത്.
തുടര്‍ന്ന് നോക്കൗട്ട് സ്‌റ്റേജിലെ പ്രീ ക്വാര്‍ട്ടറില്‍ 90 മിനിട്ടിലും അധിക സമയത്തും മുന്‍ ചാമ്പ്യന്മാരായ സ്‌പെയ്‌നിനെ സമനിലയില്‍ തളച്ച്, ഷൂട്ടൗട്ടിലാണ് മൊറോക്കോ കീഴടക്കിയത്. ഈ ഷൂട്ടൗട്ടില്‍ പോലും മൊറോക്കന്‍ വല ഒരു തവണ കുലുക്കാന്‍ സ്‌പെയ്‌നിന് സാധിച്ചിരുന്നില്ല.
ഇപ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിശ്ചിത സമയത്ത് പോര്‍ച്ചുഗലിനെ ഒരു ഗോളിന് തകര്‍ത്ത് ആധികാരികമായി തന്നെ സെമിയുറപ്പിച്ചിരിക്കുകയാണ് മൊറോക്കൊ.
ആദ്യ പകുതിയിലെ 42ാം മിനിട്ടിലായിരുന്നു മത്സരത്തിലെ ഏക ഗോള്‍ പിറന്നത്. യൂസഫ് എന്‍ നെസ്‌രിയാണ് ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ പോര്‍ച്ചുഗല്‍ വല കുലുക്കിയത്.
ഞായറാഴ്ചത്തെ ഇംഗ്ലണ്ട്- ഫ്രാന്‍സ് മത്സരത്തിലെ വിജയികളാകും സെമിയില്‍ മൊറോക്കൊയുടെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ക്രൊയേഷ്യ- അര്‍ജന്റീനയെ നേരിടും.
Content Highlight: Story of moroccon football team in Qatar world cup