| കഥ : മനോജ് ജാതവേദര് |
| വര: മുഹമ്മദ് അന്‍സാര്‍ പാറയില്‍ |
ജനലരികില്‍ നിന്നും ആരോ എന്നെ വിളിച്ചു. കാറ്റായിരിക്കും. ഞാന്‍ ജനലുകള്‍ അടച്ചു തഴുതിട്ടു. കാറ്റിനെ എനിക്കിനി കാണുകയേ വേണ്ട.
പുറത്തിറങ്ങിയപ്പോള്‍ സൂര്യപ്രകാശം എന്നെ ത്തൊട്ടു. ഞാന്‍ റെയിന്‍കോട്ടെടുത്തിട്ടു. പ്രകാശം എന്നെത്തണുപ്പിക്കുന്നു. പ്രകാശത്തെ എനിക്കിനി അനുഭവിക്കാനേവയ്യ.
വിശപ്പിന്റെ ഭാഷ നിരോധിച്ചു. ഹൃദയത്തിന്റെ വിനിമയം നിശ്ചലമാക്കി.
മൂത്രമൊഴിക്കുമ്പോള്‍ ശരീരത്തില്‍നിനും ലജ്ജ ഊര്‍ന്നുപോകുന്നതുപോലെ തോന്നി. ലിംഗം ഞാന്‍ ഊരിമാറ്റിവെച്ചു. തത്വമസി, ഞാന്‍ സ്വയം സമാധാനിച്ചു. ഞാനിനി സ്വയംഭോഗം ചെയ്യുകയേ ഇല്ല.
തലച്ചോറില്‍ അവിടവിടെയായി രക്തക്കറകള്‍. അനിയന്ത്രിതമായി തലങ്ങും വിലങ്ങും പാഞ്ഞ ഓര്‍മ്മകള്‍ കൂട്ടിയിടിച്ചു മുറിഞ്ഞതാവാം. ഓര്‍മ്മകളുടെ വേരുകള്‍ ഓരോന്നായി പിഴുതെടുത്തു. എനിക്കിനി ഒന്നും, ആരേയും, ഓര്‍മ്മിക്കേണ്ടതില്ല.
ദാഹത്തിന്റെ വിരലുകള്‍ ഛേദിച്ചുകളഞ്ഞു.
വിശപ്പിന്റെ ഭാഷ നിരോധിച്ചു.
ഹൃദയത്തിന്റെ വിനിമയം നിശ്ചലമാക്കി.
മനസ്സിന് ആത്മപിണ്ഡം വെച്ചു.
ഇന്ന് തീയതി, മാര്‍ച്ച് മുപ്പത്തിയൊന്ന്.
മനോജ് ജാതവേദര് : മലയാളത്തിലെ മുന്‍നിര കഥാകൃത്തുക്കളിലൊരാള്‍. നദികള്‍ മടങ്ങിവരും, ഓരോരോ കഥകളുടെ അവകാശികള്‍, രാത്രിയില്‍ യാത്രയില്ല..എന്നിവ പ്രധാന കൃതികള്‍.