| Sunday, 19th February 2023, 1:14 pm

കൊല്ലത്ത് നിന്നും ബ്രിറ്റ്‌സ് സംഗീത വേദിയിലേക്ക്, സാം സ്മിത് തേടിയെത്തിയ മലയാളിയുടെ കഥ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊല്ലത്തെ നെടുമണ്‍ എന്ന ചെറിയ ഗ്രാമത്തില്‍ നിന്നും ബ്രിറ്റ്‌സ് സംഗീത പുരസ്‌കാര വേദിയിലേക്ക് നടന്നുകയറിയ ഒരു മലയാളി പയ്യന്റെ കഥ. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. എന്നാല്‍ ഇത് വെറും കഥയല്ല.

ദിവസങ്ങള്‍ക്ക് മുമ്പ് ലണ്ടനിലെ ദിഒ2 എന്റര്‍ടെയിന്‍മെന്റെ കോംപ്ലക്‌സില്‍ വെച്ചാണ് ബ്രിറ്റ്‌സ് സംഗീത പുരസ്‌കാര ചടങ്ങ് നടന്നത്. ആ വേദിയിലേക്ക് ലോക പ്രശസ്ത ഗായകനും ഗ്രാമി അവാര്‍ഡ് ജേതാവുമായ സാം സ്മിത് നടന്നു കയറി. ലോകരുടെ കണ്ണ് ഒരു നിമിഷത്തേക്ക് ആ സംഗീത പ്രതിഭയുടെ വസ്ത്രങ്ങളിലേക്ക് ചുരുങ്ങിയ നിമിഷം. സൗന്ദര്യ സങ്കല്‍പങ്ങളെയും അഴക് അളവുകളെയും പൂര്‍ണമായി തൂത്തെറിയുന്ന വസ്ത്ര നിര്‍മിതി.

സ്വാഭാവികമെന്നോണം എല്ലാവരും ആദ്യം ആരാഞ്ഞത് വസ്ത്രത്തിന്റെ ഡിസൈനര്‍ ആരാണെന്നാണ്. അങ്ങനെ കഥ ലണ്ടനില്‍ നിന്നും നമ്മുടെ കൊച്ചുകേരളത്തിലേക്ക് തിരിച്ചുവരുകയാണ്. കൊല്ലം ജില്ലയിലെ നെടുമണ്‍ എന്ന ഗ്രാമത്തില്‍ ഫാഷനുമായി ഒരു ബന്ധവുമില്ലാതിരുന്ന ഹരികൃഷ്ണനെന്ന ഇരുപത്തിയെട്ട് കാരനാണ് ലോകം മുഴുവന്‍ ആകാംഷയോടെ തിരഞ്ഞ ആ ഡിസൈനര്‍.

അദ്ദേഹത്തിന്റെ ഡിസൈനിങ് സ്‌റ്റൈല്‍ വളരെ വ്യത്യസ്തമായിരുന്നു. റബര്‍കൊണ്ട് നിര്‍മിച്ച് ഉതിവീര്‍പ്പിച്ചിരിക്കുന്ന വസ്ത്രം. ലാറ്റക്‌സ്‌ എന്നാണ് അതിന്റെ പേര്. മലയാളിക്ക് ഏറെ സുപരിചിതമായ റബറിനെ ലോക പ്രശസ്ത വേദിയിലേക്ക് എത്തിച്ചതില്‍ ഹരികൃഷ്ണന്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ലണ്ടനില്‍ വെച്ച് ഹരിയുടെ ലാറ്റക്‌സ്‌ വസ്ത്രങ്ങളുടെ ഒരു എക്‌സിബിഷന്‍ നടന്നിരുന്നു. അത് വലിയ വാര്‍ത്തയാവുകയും ചെയ്തു. ആ വിവരമറിഞ്ഞ സാം സ്മിത് ഹരിയെ തേടിയെത്തിയത്. വീട്ടില്‍ വന്ന് കൂട്ടികൊണ്ട് പോയി എന്നൊക്കെ കേട്ടിട്ടില്ലേ. ഏതാണ്ട് അത് തന്നെ കാര്യം.

സാം സ്മിത്തിലൂടെ ഹരികൃഷ്ണന്റെ ബ്രാന്‍ഡ് ലോക പ്രശസ്തിയിലേക്ക് ഉയരുകയാണ്. ലാറ്റെക്‌സ് വസ്ത്രങ്ങള്‍ എന്ന ഐഡിയയിലേക്ക് അയാള്‍ എത്തിപ്പെട്ടതിന്റെ കഥയാണ് ഏറ്റവും രസകരം. തന്റെ നായകുട്ടിയുടെ കാഴ്ചയില്‍ തന്റെ രൂപം എന്തായിരിക്കും എന്ന ചിന്തയില്‍ നിന്നുമാണ് റെഡ്കാര്‍പ്പറ്റിലേക്ക് അയാള്‍ എത്തിപ്പെട്ടത്.

ലാറ്റക്‌സ് വസ്ത്രങ്ങളുടെ നിര്‍മാണത്തിലും ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. കൃത്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അവ നിര്‍മിക്കുന്നത്. ലാറ്റക്‌സ് ഷീറ്റുകള്‍ ചെറിയ പാനലുകളാക്കി മുറിച്ചെടുത്താണ് ഈ വസ്ത്രത്തെ ഡിസൈന്‍ ചെയ്യുന്നത്. ഓരോരുത്തരുടെയും അളവിന് അനുസരിച്ച് പീസുകളുടെ എണ്ണം കൂടും. പാനലുകള്‍ ചെറുതാകും തോറും കൃത്യതയും കൂടും. പൂര്‍ണമായ ഹാന്‍ഡ് മെയിഡാണ് ഇതിന്റെ നിര്‍മാണം.

ഒരു ചെറുപ്പക്കാരന്‍ കണ്ട ചെറിയ സ്വപ്‌നമിന്ന് ലോകത്തോളം വളര്‍ന്ന് നില്‍ക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഒരുപാട് മനുഷ്യര്‍ക്ക് പുത്തന്‍ സ്വപ്‌നങ്ങള്‍ കാണാനുള്ള വാതിലാണ് ഹരികൃഷ്ണനെ പോലെയുള്ളവര്‍ തുറന്നിടുന്നത്.

content highlight: story of malayali designer harikrishnan

We use cookies to give you the best possible experience. Learn more