Entertainment news
ആ യാത്രയിലായിരുന്നു കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഗാനങ്ങള്‍ ജനിക്കുന്നത്: സിദ്ധു പനക്കല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 09, 02:54 am
Monday, 9th January 2023, 8:24 am

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു കിളിച്ചുണ്ടന്‍ മാമ്പഴം. ചിത്രത്തിലെ ഒന്നാം കിളി രണ്ടാം കിളി എന്ന് തുടങ്ങുന്ന ഗാനം മുതല്‍ എല്ലാ ഗാനങ്ങളും വലിയ ഹിറ്റായിരുന്നു. സിനിമയിലെ പല ഗാനങ്ങളും ഇന്നും ആഘോഷിക്കപ്പെടുന്നുണ്ട്.

സൗന്ദര്യ, ശ്രീനിവാസന്‍, സലീംകുമാര്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഷീല തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

എങ്ങനെയാണ് ആ ഗാനങ്ങളുണ്ടായതെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കല്‍. കവിയും ഗാനരചയിതാവുമായ ബിയാര്‍ പ്രസാദാണ് ആ ഗാനങ്ങള്‍ എഴുതിയത്. പ്രസാദുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സിദ്ധു പനക്കല്‍.

‘സെവന്‍ ആര്‍ട്‌സിന്റെ ഗസ്റ്റ് ഹൗസിലാണ് ഞാനും പ്രസാദും ആദ്യമായി കാണുന്നത്. സെവന്‍ ആര്‍ട്‌സിന്റെയോ അല്ലെങ്കില്‍ സിബി സാറിന്റെയോ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് നടക്കുമ്പോള്‍ ഗസ്റ്റ് ഹൗസില്‍ തിരക്കാവും. അങ്ങനെ വരുമ്പോള്‍ ഞാന്‍ രാത്രി പ്രസാദിന്റെ റൂമിലായിരിക്കും കിടക്കുന്നത്. ഇടക്കൊക്കെ പ്രസാദ് പോകും വീണ്ടും തിരിച്ചുവരും. ഏതാണ്ട് ഒന്നര വര്‍ഷത്തോളം ഞ്ങ്ങള്‍ ഒരുമിച്ച് പോയി.

ഞങ്ങളുടെ ബന്ധം തുടര്‍ന്നുകൊണ്ടിരുന്നു. മൊബൈല്‍ ഫോണ്‍ വന്നപ്പോള്‍ ബന്ധം കുറച്ചുകൂടെ ഊഷ്മളമായി. പ്രസാദിനെ പിന്നെ ഞാന്‍ കാണുന്നത് ചാനല്‍ അവതാരകനും ഗാനരചയിതാവും ആയിട്ടൊക്കെയാണ്.

അയാള്‍ ഗാനരചയിതാവായി ഒരിക്കല്‍ എന്നെ വിളിച്ചിരുന്നു. ഒരു സിനിമക്ക് പാട്ട് എഴുതാന്‍ പോയി, സിനിമയുടെ കഥ മുഴുവന്‍ കേട്ടിട്ടാണ് എന്നെ വിളിച്ചത്. നീ എന്നോട് മുമ്പ് പറഞ്ഞ കഥയില്ലേ, അതാണ് ഈ സിനിമയെന്നും എന്നോട് പറഞ്ഞു. ഇതെങ്ങനെ ചോര്‍ന്നുവെന്ന് പ്രസാദ് ചോദിച്ചു. ഞാന്‍ അതിന് മുമ്പ് പലരോടും ആ കഥ പറഞ്ഞിട്ടുണ്ടായിരുന്നു. എന്തായാലും ആ സിനിമ തരക്കേടില്ലാതെ തിയേറ്ററിലോടി.

കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന സമയത്ത് ആന്റണി പെരുമ്പാവൂര്‍ എന്നെ വിളിച്ചു. ഗാനരചയിതാവ് പ്രസാദിനെയൊന്ന് ചെന്നൈക്ക് വിടണം. പ്രിയദര്‍ശനുമായി ഒരു മീറ്റങ് ഉണ്ടെന്നും പറഞ്ഞു. അങ്ങനെ തലേ ദിവസം തന്നെ ചെന്നൈക്ക് പോകാന്‍ പ്രസാദ് തിരുവനന്തപുരത്തെ എന്റെ വീട്ടിലെത്തി.

വൈകുന്നേരം വീട്ടിലെത്തിയ പ്രസാദ് ആദ്യം ശ്രദ്ധിച്ചത് എന്റെ കയ്യിലുള്ള കുറച്ച് പുസ്തകങ്ങളാണ്. പുസ്തകങ്ങളൊക്കെ അയാളെടുത്ത് മറിച്ച് നോക്കി. അതില്‍ ഒരു പുസ്തകം പ്രസാദ് പ്രത്യേകം ശ്രദ്ധിച്ചു. ഈ പുസ്തകം എവിടെ നിന്ന് കിട്ടിയെന്ന് പ്രസാദ് എന്നോട് ചോദിച്ചു. ഈ പുസ്തകം ഇപ്പോള്‍ കിട്ടാനില്ലെന്നും അതുകൊണ്ട് തന്നെ കളയരുതെന്നും പ്രസാദ് പറഞ്ഞു.

ഹോട്ടലില്‍ റൂമെടുത്ത് കൊടുക്കാമെന്ന് പറഞ്ഞെങ്കിലും പ്രസാദ് സമ്മതിച്ചില്ല. നമ്മള്‍ എത്രയോ കാലും ഒരുമിച്ച് താമസിച്ചതല്ലേ പിന്നെയെന്താണ് കുഴപ്പമെന്നും പ്രസാദ് ചോദിച്ചു.

അടുത്ത ദിവസം രാവിലെ പ്രസാദിനെ ഞാന്‍ എയര്‍പോട്ടില്‍ കൊണ്ടുവിട്ടു. ആ പോക്കില്‍ ജനിച്ചതാണ് ‘ഒന്നാം കിളി രണ്ടാം കിളി’ അടക്കമുള്ള കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ എല്ലാ ഹിറ്റ് ഗാനങ്ങളും,’

content highlight: story of kilichundan mambazham movie songs