ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്ന പേരാണ് ഹര്‍ഷദ് മെഹ്ത.
1992 ഏപ്രില്‍ 23ന് ടൈംസ് ഓഫ് ഇന്ത്യയില്‍ ഒരു റിപ്പോര്‍ട്ട് വരുന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പോലും പിടിച്ച് കുലുക്കാന്‍ കഴിയുന്ന, ഇന്ത്യയെ ഞെട്ടിച്ച, രാജ്യം അതുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു തട്ടിപ്പിന്റെ കഥ കേട്ടാണ് അന്ന് പ്രഭാതം പൊട്ടിവിടര്‍ന്നത്.
ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ സെയില്‍സ് മാനായി ജോലിയില്‍ പ്രവേശിച്ചത് മുതലാണ് അദ്ദേഹത്തിന്റെ ജീവിതം മറ്റൊരു ദിശയിലേക്ക് മാറുന്നത്. ഇവിടെ വെച്ച് സ്റ്റോക്ക് മാര്‍ക്കറ്റില്‍ താത്പര്യം തോന്നിയ മെഹ്ത ഓഹരി വിപണിയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ വേണ്ടി തന്റെ സെയില്‍സ്മാന്‍ ജോലി രാജി വെച്ച് സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിയുന്ന ഹര്‍ജീവന്‍ദാസ് നെമിദാസ് സെക്യൂരിറ്റീസില്‍ ബ്രോക്കറായി ജോലി തരപ്പെടുത്തുന്നു. അസാധ്യമായ വാക് ചാതുര്യമുള്ള മെഹ്തക്ക് ഈ ജോലിയില്‍ പേരെടുക്കാന്‍ അധികകാലം വേണ്ടിവന്നില്ല.
വര്‍ഷങ്ങളോളം ഓഹരിവിപണിയില്‍ നടത്തിയ പഠനം നല്‍കിയ ധൈര്യംകൊണ്ട് 1986ല്‍ ഗ്രോ മോര്‍ റിസെര്‍ച്ച് ആന്റ് അസെറ്റ് മാനേജ്മെന്റ് എന്ന സ്ഥാപനം സ്ഥാപിക്കുകയും വലിയ രീതിയില്‍ ഓഹരിവിപണിയില്‍ ട്രേഡിങ്ങ് തുടങ്ങുകയും ചെയ്തു. 1990ആയപ്പോഴേക്കും വമ്പന്‍ സ്രാവുകള്‍ മേഹ്തയുടെ ഫേര്‍മില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. ആ സമയത്താണ് മെഹ്ത, അസോസിയേറ്റഡ് സിമന്റ് കമ്പനിയുടെ ഓഹരികള്‍ വലിയ രീതിയില്‍ വാങ്ങിക്കാന്‍ തുടങ്ങിയത്. ഇത് ശ്രദ്ധിച്ച മറ്റ് ഓഹരി നിക്ഷേപകര്‍ ഈ കമ്പനിയുടെ ഷെയര്‍ വാങ്ങാന്‍ തുടങ്ങി. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ 200 രൂപയുണ്ടായിരുന്ന ഷെയര്‍ 9000 രൂപവരെ ഉയര്‍ന്നു. എന്നാല്‍ ഈ ഷെയറുകള്‍ വേഗത്തില്‍ ഇടിയുമെന്ന് മനസിലാക്കിയ സ്റ്റേയ്ക്ക് ഹോള്‍ഡേഴ്‌സ് വില്‍ക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പുതന്നെ മെഹ്ത എല്ലാം വിറ്റ് ലാഭം ഇരട്ടിയിലേറെ ആക്കിയിരുന്നു. ഇങ്ങനെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വ്യാജ ഡിമാന്റ് കാണിച്ചാണ് അദ്ദേഹം തന്റെ തട്ടിപ്പിന് തിരികൊളുത്തുന്നത്.
എന്നാല്‍ കാശിന്റെ തിളക്കത്തില്‍ അദ്ദേഹത്തിന് മത്തുപിടിക്കുകയായിരുന്നു. പത്തുകൊടുത്താല്‍ നൂറിന് പകരം ആയിരം തിരിച്ച് കിട്ടണമെന്ന അത്യാഗ്രഹം അദ്ദേഹത്തിനെ കൂടുതല്‍ കൂടുതല്‍ അന്ധനാക്കി. ഒരു സ്റ്റോക്കിന്റെ മൂല്യത്തില്‍ ഇമ്പാക്ട് ഉണ്ടാക്കുന്ന തരത്തില്‍ വലിയ രീതിയില്‍ നിക്ഷേപിക്കുന്ന തന്ത്രമായിരുന്നു മെഹ്ത എളുപ്പത്തില്‍ പണം കൊയ്യാനായി കണ്ടുപിടിച്ചത്. അതുകൊണ്ടുതന്നെ കോടികളായിരുന്നു അദ്ദേഹത്തിന് ആവശ്യമായി വന്നത്. അതിന് വേണ്ട പണം കണ്ടെത്താനായി അദ്ദേഹം കണ്ടുപിടിച്ച മാര്‍ഗമായിരുന്നു ബാങ്കുകള്‍. സര്‍ക്കാര്‍ കടപത്രങ്ങള്‍ നിറയ്ക്കുന്ന ബാങ്കുകളില്‍ നിന്ന് അത് വാങ്ങി മറ്റു ബാങ്കുകളില്‍ കൊടുക്കുന്ന ഇടനിലക്കാരനാകാന്‍ അദ്ദേഹത്തിന് വളരെ വേഗം കഴിഞ്ഞു. നിക്ഷേപകരെ ഒപ്പിച്ചു കൊടുക്കാമെന്ന് പറഞ്ഞ് ബാങ്കുകളില്‍ നിന്ന് എളുപ്പത്തില്‍ ഹര്‍ഷദ് കടപത്രങ്ങള്‍ വാങ്ങി. തുടര്‍ന്ന് നിക്ഷേപിക്കാന്‍ സന്നദ്ധരായ ബാങ്കുകളെ കണ്ട് പിടിച്ച് പണം കൈപ്പറ്റുകയും കടപത്രം നല്‍കിയ ബാങ്കുകള്‍ക്ക് ആഴ്ചകള്‍ക്ക് ശേഷം മാത്രം പണം നല്‍കുകയും ചെയ്തു. ഈ രീതിയില്‍ അദ്ദേഹത്തിന് വലിയ രീതിയില്‍ പണം റോള്‍ ചെയ്യാന്‍ കഴിഞ്ഞു.
കടപത്രം വാങ്ങാന്‍ സന്നദ്ധരായ ബാങ്കുകളില്‍ നിന്ന് മുന്‍കൂറായി കടം വാങ്ങുകയായിരുന്നു രണ്ടാം ഘട്ടത്തില്‍ ചെയ്തത്. ഇതിലും എളുപ്പത്തില്‍ പണം നേടാന്‍ കടപത്രങ്ങള്‍ വ്യാജമായി നിര്‍മിച്ചാല്‍ കഴിയുമെന്ന് അദ്ദേഹത്തിന് മനസിലാകുന്നു. പണത്തോട് ആര്‍ത്തിമൂത്ത് മെഹ്തയുടെ പതനം സംഭവിക്കുന്നത് ഇവിടെ നിന്നായിരുന്നു. വ്യാജമായി നിര്‍മിച്ച കടപത്രങ്ങളിലൂടെ ബാങ്കുകളില്‍ നിന്ന് കൂടുതല്‍ തുക അയാള്‍ കൈപ്പറ്റാന്‍ തുടങ്ങി. പണത്തിന്റെ പളപളപ്പില്‍ കണ്ണ് മഞ്ഞളിച്ച മെഹ്തക്ക് കുമിഞ്ഞു കൂടുന്ന പണത്തിനപ്പുറം ഒന്നും കാണാന്‍ കഴിഞ്ഞില്ലായിരുന്നു.
ഹര്‍ഷദ് മെഹ്തയുടെ തട്ടിപ്പ് പുറത്തുകൊണ്ടു വന്ന ജേര്‍ണലിസ്റ്റ് സുചേത ദലാലിന് രാജ്യം 2006 പദ്മശ്രീ നല്‍കി ആദരിച്ചു. സുചേത ദലാല്‍ തന്റെ അന്വേഷണത്തെ കുറിച്ചെഴുതിയ ‘The Scam: Who Won, who Lost, who Got Away’ എന്ന പുസ്തകം ചൂടപ്പം പോലെയാണ് വിറ്റുതീര്‍ന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഏറ്റവും പുതിയ ചിത്രമായ ‘ലക്കി ഭാസ്‌കറിലും’ ഹര്‍ഷദ് മെഹ്തയെ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ചിത്രത്തില്‍ ഹര്‍ഷദ് മെഹ്തയായല്ല ദുല്‍ഖര്‍ എത്തുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കറായാണ്. ‘ഹര്‍ഷ്’ എന്ന സ്റ്റോക്ക് മാര്‍ക്കറ്റ് രാജാവിനെ ചിത്രത്തില്‍ പരോക്ഷമായി പരാമര്‍ശിക്കുന്നു. ഹര്‍ഷദ് മെഹ്തയുടെ വ്യാജ കടപത്രവും ഇടനിലക്കാരനും ആഡംബരജീവിതവും സാധാരണക്കാരനില്‍ നിന്ന് പണക്കാരനായി മാറുന്ന കുറുക്കുവഴികളും, അങ്ങനെ മെഹ്തയുടെ ജീവിതത്തിനോട് സാമ്യമുള്ള പലതും നമുക്ക് ലക്കി ഭാസ്‌കറില്‍ കാണാന്‍ കഴിയും. ഒരുതരത്തില്‍ ഭാസ്‌കറായും ഹര്‍ഷദ് മെഹ്തയായും ദുല്‍ഖര്‍ മാറുന്നതും കാണാം. കൂടുതല്‍ പറഞ്ഞാല്‍ സ്‌പോയ്‌ലര്‍ ആക്കുമെന്നതിനാല്‍ മെഹ്തയുടെ ജീവിതവുമായി ഭാസ്‌കറിന് അങ്ങനെ നിസാരമല്ലാത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് നിര്‍ത്തുന്നു.