ലക്കി ഭാസ്‌കറിലൂടെ വീണ്ടും ചര്‍ച്ചയാകുന്ന ഹര്‍ഷദ് മെഹ്തയുടെ കഥ
details
ലക്കി ഭാസ്‌കറിലൂടെ വീണ്ടും ചര്‍ച്ചയാകുന്ന ഹര്‍ഷദ് മെഹ്തയുടെ കഥ
ഹണി ജേക്കബ്ബ്
Saturday, 2nd November 2024, 4:31 pm

ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്ന പേരാണ് ഹര്‍ഷദ് മെഹ്ത.

  • യഥാര്‍ത്ഥത്തില്‍ ആരാണ് ഹര്‍ഷദ് മെഹ്ത?
  • എന്താണ് ഹര്‍ഷദ് മെഹ്ത ഓഹരി കുംഭകോണം?
  • എങ്ങനെയാണ് അയാള്‍ പിടിക്കപ്പെടുന്നത്?
  • ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ എങ്ങനെ മെഹ്തയുമായി ബന്ധപ്പെട്ടിരിക്കുന്നു?

1992 ഏപ്രില്‍ 23ന് ടൈംസ് ഓഫ് ഇന്ത്യയില്‍ ഒരു റിപ്പോര്‍ട്ട് വരുന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പോലും പിടിച്ച് കുലുക്കാന്‍ കഴിയുന്ന, ഇന്ത്യയെ ഞെട്ടിച്ച, രാജ്യം അതുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു തട്ടിപ്പിന്റെ കഥ കേട്ടാണ് അന്ന് പ്രഭാതം പൊട്ടിവിടര്‍ന്നത്.ഗുജറാത്തില്‍ ഒരു സാധാരണ ടെക്സ്റ്റെയില്‍സ് വ്യവസായിയുടെ മകനായി ജനിച്ച ഹര്‍ഷദ് ഷാന്റിലാല്‍ മെഹ്തയുടെ ജീവിത കഥ ഏതൊരു സിനിമയെയും വെല്ലുന്നതായിരുന്നു. സ്‌കൂള്‍ പഠനത്തിന് ശേഷം മുംബൈയിലേക്ക് കോളേജ് വിദ്യാഭ്യാസത്തിനായി വന്ന ഹര്‍ഷദ് പിന്നീട് എട്ട് വര്‍ഷത്തോളം നിരവധി ചെറുകിട ജോലികള്‍ ചെയ്ത് കഴിഞ്ഞുകൂടി.

ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ സെയില്‍സ് മാനായി ജോലിയില്‍ പ്രവേശിച്ചത് മുതലാണ് അദ്ദേഹത്തിന്റെ ജീവിതം മറ്റൊരു ദിശയിലേക്ക് മാറുന്നത്. ഇവിടെ വെച്ച് സ്റ്റോക്ക് മാര്‍ക്കറ്റില്‍ താത്പര്യം തോന്നിയ മെഹ്ത ഓഹരി വിപണിയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ വേണ്ടി തന്റെ സെയില്‍സ്മാന്‍ ജോലി രാജി വെച്ച് സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിയുന്ന ഹര്‍ജീവന്‍ദാസ് നെമിദാസ് സെക്യൂരിറ്റീസില്‍ ബ്രോക്കറായി ജോലി തരപ്പെടുത്തുന്നു. അസാധ്യമായ വാക് ചാതുര്യമുള്ള മെഹ്തക്ക് ഈ ജോലിയില്‍ പേരെടുക്കാന്‍ അധികകാലം വേണ്ടിവന്നില്ല.

വര്‍ഷങ്ങളോളം ഓഹരിവിപണിയില്‍ നടത്തിയ പഠനം നല്‍കിയ ധൈര്യംകൊണ്ട് 1986ല്‍ ഗ്രോ മോര്‍ റിസെര്‍ച്ച് ആന്റ് അസെറ്റ് മാനേജ്മെന്റ് എന്ന സ്ഥാപനം സ്ഥാപിക്കുകയും വലിയ രീതിയില്‍ ഓഹരിവിപണിയില്‍ ട്രേഡിങ്ങ് തുടങ്ങുകയും ചെയ്തു. 1990ആയപ്പോഴേക്കും വമ്പന്‍ സ്രാവുകള്‍ മേഹ്തയുടെ ഫേര്‍മില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. ആ സമയത്താണ് മെഹ്ത, അസോസിയേറ്റഡ് സിമന്റ് കമ്പനിയുടെ ഓഹരികള്‍ വലിയ രീതിയില്‍ വാങ്ങിക്കാന്‍ തുടങ്ങിയത്. ഇത് ശ്രദ്ധിച്ച മറ്റ് ഓഹരി നിക്ഷേപകര്‍ ഈ കമ്പനിയുടെ ഷെയര്‍ വാങ്ങാന്‍ തുടങ്ങി. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ 200 രൂപയുണ്ടായിരുന്ന ഷെയര്‍ 9000 രൂപവരെ ഉയര്‍ന്നു. എന്നാല്‍ ഈ ഷെയറുകള്‍ വേഗത്തില്‍ ഇടിയുമെന്ന് മനസിലാക്കിയ സ്റ്റേയ്ക്ക് ഹോള്‍ഡേഴ്‌സ് വില്‍ക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പുതന്നെ മെഹ്ത എല്ലാം വിറ്റ് ലാഭം ഇരട്ടിയിലേറെ ആക്കിയിരുന്നു. ഇങ്ങനെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വ്യാജ ഡിമാന്റ് കാണിച്ചാണ് അദ്ദേഹം തന്റെ തട്ടിപ്പിന് തിരികൊളുത്തുന്നത്.പിന്നീടങ്ങോട്ട് രാജ്യം കണ്ടത് ഒരു സാധാരക്കാരന്റെ അസാധാരണ വളര്‍ച്ചയായിരുന്നു. മുംബൈയുടെ കടലോരത്ത് പതിനയ്യായിരം സ്‌കോയര്‍ഫീറ്റുള്ള മിനി ഗോള്‍ഫ് ഗ്രൗണ്ടും സ്വിമ്മിങ് പൂളും ഉള്‍പ്പെടെയുള്ള ആഡംബര മാളികയാണ് മെഹ്ത പണിതുയര്‍ത്തിയത്. ആഡംബരജീവിതം കൊണ്ട് ആരുടേയും കണ്ണ് മഞ്ഞളിക്കുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ത്യയിലെ അതിസമ്പന്നര്‍ക്ക് മാത്രമുണ്ടായിരുന്ന ടൊയോട്ട കൊറോള, ലെക്‌സസ് LS400, ടൊയോട്ട സെറ തുടങ്ങിയ വാഹനങ്ങള്‍ കൊണ്ട് അദ്ദേഹം തന്റെ കാര്‍ പോര്‍ച്ചിനെ അലങ്കരിച്ചു. സാധാരണക്കാരനില്‍ നിന്ന് സ്വപ്നതുല്യമായ ജീവിതം സ്വന്തമാക്കിയ മെഹ്തക്ക് ആളുകളുടെയും മാധ്യമങ്ങളുടെയും ഇടയില്‍ സൂപ്പര്‍സ്റ്റാര്‍ പരിവേഷമായിരുന്നു. ബിഗ് ബുള്ളെന്നും സ്റ്റോക്ക് മാര്‍ക്കറ്റിലെ അമിതാഭ് ബച്ചനെന്നും അദ്ദേഹത്തെ വാഴ്ത്തി. ‘ബിസിനസ് ടുഡേ‘മാസികയിലടക്കം ഇന്ത്യയിലെ ഒട്ടുമിക്ക മാഗസിനുകളിലും മുഖചിത്രം അദ്ദേഹത്തിന്റേതായിരുന്നു.

എന്നാല്‍ കാശിന്റെ തിളക്കത്തില്‍ അദ്ദേഹത്തിന് മത്തുപിടിക്കുകയായിരുന്നു. പത്തുകൊടുത്താല്‍ നൂറിന് പകരം ആയിരം തിരിച്ച് കിട്ടണമെന്ന അത്യാഗ്രഹം അദ്ദേഹത്തിനെ കൂടുതല്‍ കൂടുതല്‍ അന്ധനാക്കി. ഒരു സ്റ്റോക്കിന്റെ മൂല്യത്തില്‍ ഇമ്പാക്ട് ഉണ്ടാക്കുന്ന തരത്തില്‍ വലിയ രീതിയില്‍ നിക്ഷേപിക്കുന്ന തന്ത്രമായിരുന്നു മെഹ്ത എളുപ്പത്തില്‍ പണം കൊയ്യാനായി കണ്ടുപിടിച്ചത്. അതുകൊണ്ടുതന്നെ കോടികളായിരുന്നു അദ്ദേഹത്തിന് ആവശ്യമായി വന്നത്. അതിന് വേണ്ട പണം കണ്ടെത്താനായി അദ്ദേഹം കണ്ടുപിടിച്ച മാര്‍ഗമായിരുന്നു ബാങ്കുകള്‍. സര്‍ക്കാര്‍ കടപത്രങ്ങള്‍ നിറയ്ക്കുന്ന ബാങ്കുകളില്‍ നിന്ന് അത് വാങ്ങി മറ്റു ബാങ്കുകളില്‍ കൊടുക്കുന്ന ഇടനിലക്കാരനാകാന്‍ അദ്ദേഹത്തിന് വളരെ വേഗം കഴിഞ്ഞു. നിക്ഷേപകരെ ഒപ്പിച്ചു കൊടുക്കാമെന്ന് പറഞ്ഞ് ബാങ്കുകളില്‍ നിന്ന് എളുപ്പത്തില്‍ ഹര്‍ഷദ് കടപത്രങ്ങള്‍ വാങ്ങി. തുടര്‍ന്ന് നിക്ഷേപിക്കാന്‍ സന്നദ്ധരായ ബാങ്കുകളെ കണ്ട് പിടിച്ച് പണം കൈപ്പറ്റുകയും കടപത്രം നല്‍കിയ ബാങ്കുകള്‍ക്ക് ആഴ്ചകള്‍ക്ക് ശേഷം മാത്രം പണം നല്‍കുകയും ചെയ്തു. ഈ രീതിയില്‍ അദ്ദേഹത്തിന് വലിയ രീതിയില്‍ പണം റോള്‍ ചെയ്യാന്‍ കഴിഞ്ഞു.

കടപത്രം വാങ്ങാന്‍ സന്നദ്ധരായ ബാങ്കുകളില്‍ നിന്ന് മുന്‍കൂറായി കടം വാങ്ങുകയായിരുന്നു രണ്ടാം ഘട്ടത്തില്‍ ചെയ്തത്. ഇതിലും എളുപ്പത്തില്‍ പണം നേടാന്‍ കടപത്രങ്ങള്‍ വ്യാജമായി നിര്‍മിച്ചാല്‍ കഴിയുമെന്ന് അദ്ദേഹത്തിന് മനസിലാകുന്നു. പണത്തോട് ആര്‍ത്തിമൂത്ത് മെഹ്തയുടെ പതനം സംഭവിക്കുന്നത് ഇവിടെ നിന്നായിരുന്നു. വ്യാജമായി നിര്‍മിച്ച കടപത്രങ്ങളിലൂടെ ബാങ്കുകളില്‍ നിന്ന് കൂടുതല്‍ തുക അയാള്‍ കൈപ്പറ്റാന്‍ തുടങ്ങി. പണത്തിന്റെ പളപളപ്പില്‍ കണ്ണ് മഞ്ഞളിച്ച മെഹ്തക്ക് കുമിഞ്ഞു കൂടുന്ന പണത്തിനപ്പുറം ഒന്നും കാണാന്‍ കഴിഞ്ഞില്ലായിരുന്നു.എന്നാല്‍ ഇതെല്ലം ശ്രദ്ധിക്കുന്ന ഒരുപറ്റം സ്റ്റോക്ക് മാര്‍ക്കറ്റ് എക്‌സ്‌പെര്‍ട്‌സും ബിസിനസ് ജേര്‍ണലിസ്റ്റുകളും ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു ബിസിനസ് ജേര്‍ണലിസ്റ്റായ സുചേത ദലാല്‍. ആദ്യ അന്വേഷണത്തില്‍ തന്നെ തട്ടിപ്പ് തിരിച്ചറിഞ്ഞ സുചേത ശക്തമായ തെളിവുകളില്ലാതെ ചെന്നാല്‍ തന്റെ കണ്ടുപിടുത്തം വെറും ആരോപണങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് മേഹ്തക്ക് സുഖമായി തള്ളിക്കളയാന്‍ കഴിയുമെന്ന് മനസിലാക്കുന്നു. തുടര്‍ന്ന് സുചേതയും എസ്.ബി.ഐയുടെ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയില്‍ ബാങ്കിന്റെ ലെറ്റര്‍ റെസിപ്റ്റുകള്‍ മിസ്സിങ് ആണെന്നും 770 കോടിയുടെ ഗവണ്മെന്റ് സെക്യൂരിറ്റി ഹര്‍ഷദ് മെഹ്തയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ആയിട്ടുണ്ടെന്നും അതില്‍ 550 കോടി മാത്രമാണ് ബാങ്കിന് നല്‍കാന്‍ കഴിഞ്ഞിട്ടുള്ളുവെന്നും കണ്ടെത്തി. പിന്നീട് എസ്.ബി.ഐയുടെ പി.ആര്‍ വിങ്ങും ആര്‍.ബി.ഐയും സുചേതയെ സഹായിക്കാമെന്ന് തീരുമാനിച്ചതോടെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി.23 ഏപ്രില്‍ 1992 എന്ന ദിവസം ഇന്ത്യ അത്ര വേഗം മറക്കാന്‍ സാധ്യതയില്ല. സുചേത ദലാല്‍, ഹര്‍ഷദ് മെഹ്തയെ കുറിച്ച് കണ്ടെത്തിയതെല്ലാം ടൈംസ് ഓഫ് ഇന്ത്യ അന്നേ ദിവസം പബ്ലിഷ് ചെയ്തു. അത്രയും കാലം സൂപ്പര്‍ഹീറോ ആയി ജനങ്ങള്‍ കണ്ടയാളുടെ യഥാര്‍ത്ഥ മുഖം അറിഞ്ഞപ്പോള്‍ കൂടെ നിന്നവര്‍ പോലും കയ്യൊഴിഞ്ഞു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 4000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഹര്‍ഷദ് മെഹ്ത നടത്തിയതായി കണ്ടെത്തി. ഇന്നത്തെ രൂപയുടെ മൂല്യം വെച്ച് നോക്കുകയാണെങ്കില്‍ ഏകദേശം 30,000 കോടിയോളം വരും. ഒന്‍പത് വര്‍ഷത്തോളം വരുന്ന നിയമ പോരാടത്തിനൊടുവിന്‍ തീഹാര്‍ ജയിലില്‍ വെച്ച് തന്റെ 47ാം വയസില്‍ ബിഗ് ബുള്ളില്‍ നിന്നും ബിഗ്ഗെസ്റ്റ് സ്‌കാമര്‍ ആയി മാറിയ ഹര്‍ഷദ് മെഹ്ത അന്തരിച്ചു. ഒന്‍പത് വര്‍ഷത്തിനുളളില്‍ അദ്ദേഹത്തിന്റെ സ്വത്തുക്കളില്‍ ഏറെയും ഗവണ്മെന്റ് കണ്ടുകെട്ടി. നേരായ വഴിയിലൂടെ അല്ലാതെ കുറുക്കുവഴികളിലൂടെ സമ്പന്നനാകാന്‍ കഴിയില്ലെന്നും എത്ര വലിയ ബിഗ് ബുള്ളായാലും കാലം സത്യം തെളിയിക്കുമെന്നും ഹര്‍ഷദ് മേഹ്തയുടെ ജീവിതം കാണിച്ച് തരുന്നു.

ഹര്‍ഷദ് മെഹ്തയുടെ തട്ടിപ്പ് പുറത്തുകൊണ്ടു വന്ന ജേര്‍ണലിസ്റ്റ് സുചേത ദലാലിന് രാജ്യം 2006 പദ്മശ്രീ നല്‍കി ആദരിച്ചു. സുചേത ദലാല്‍ തന്റെ അന്വേഷണത്തെ കുറിച്ചെഴുതിയ ‘The Scam: Who Won, who Lost, who Got Away’ എന്ന പുസ്തകം ചൂടപ്പം പോലെയാണ് വിറ്റുതീര്‍ന്നത്.

ഇതുതന്നെയാണ് ഹര്‍ഷദ് മെഹ്ത സിനിമ മെറ്റീരിയലാണെന്ന് ബോളിവുഡിന് തോന്നാന്‍ കാരണവും. ഒരു സിനിമാറ്റിക് ജീവിതം നയിച്ച മെഹ്തയുടെ കഥ ‘സ്‌കാം1992’ എന്ന പേരില്‍ 2020 ല്‍ സോണി ലിവില്‍ സീരീസായി എത്തി. ലോകത്തിലെ തന്നെ മികച്ച സീരീസുകളുടെ ഗണത്തിലാണ് ‘സ്‌കാം1992’ ഉള്‍പ്പെടുന്നത്. 2021ല്‍ ‘ബിഗ് ബുള്‍’ എന്ന പേരില്‍ അഭിഷേക് ബച്ചന്‍ നായകനായി ഹര്‍ഷദ് മെഹ്തയുടെ ജീവിതകഥ ബിഗ്സ്‌ക്രീനില്‍ എത്തിയിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഏറ്റവും പുതിയ ചിത്രമായ ‘ലക്കി ഭാസ്‌കറിലും’ ഹര്‍ഷദ് മെഹ്തയെ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ചിത്രത്തില്‍ ഹര്‍ഷദ് മെഹ്തയായല്ല ദുല്‍ഖര്‍ എത്തുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കറായാണ്. ‘ഹര്‍ഷ്’ എന്ന സ്റ്റോക്ക് മാര്‍ക്കറ്റ് രാജാവിനെ ചിത്രത്തില്‍ പരോക്ഷമായി പരാമര്‍ശിക്കുന്നു. ഹര്‍ഷദ് മെഹ്തയുടെ വ്യാജ കടപത്രവും ഇടനിലക്കാരനും ആഡംബരജീവിതവും സാധാരണക്കാരനില്‍ നിന്ന് പണക്കാരനായി മാറുന്ന കുറുക്കുവഴികളും, അങ്ങനെ മെഹ്തയുടെ ജീവിതത്തിനോട് സാമ്യമുള്ള പലതും നമുക്ക് ലക്കി ഭാസ്‌കറില്‍ കാണാന്‍ കഴിയും. ഒരുതരത്തില്‍ ഭാസ്‌കറായും ഹര്‍ഷദ് മെഹ്തയായും ദുല്‍ഖര്‍ മാറുന്നതും കാണാം. കൂടുതല്‍ പറഞ്ഞാല്‍ സ്‌പോയ്‌ലര്‍ ആക്കുമെന്നതിനാല്‍ മെഹ്തയുടെ ജീവിതവുമായി ഭാസ്‌കറിന് അങ്ങനെ നിസാരമല്ലാത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് നിര്‍ത്തുന്നു.Content Highlight: Story Of Harshad Mehta And How It Related To Lucky Baskar 

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം