പ്യൂപ്പ /ആഷ രാജു
[]തോല്‍വിയെ പേടിയുണ്ടോ ? എന്തെങ്കിലും ചെയ്യുമ്പോള്‍
ഇത് ശരിയാകുമോ…ശരിയായില്ലെങ്കില്‍ എന്തു ചെയ്യും…മറ്റുള്ളവര്‍ എന്ത് പറയും…അങ്ങനെ ചിന്തിക്കാറുണ്ടോ?
വിജയിച്ചോ പരാജയപ്പെട്ടോ എന്നത് രണ്ടാമത്തെ കാര്യം. പരിശ്രമിക്കുക എന്നതാണ് പ്രധാനം.
ചിലര്‍ പരാജയങ്ങളില്‍ മനം മടുത്ത് പിന്‍വാങ്ങും. മറ്റു ചിലരാകട്ടെ തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് വീണ്ടും വീണ്ടും അതിനായി പരിശ്രമിക്കും.
ഒരു കാര്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ അത് ലഭിക്കുക തന്നെ ചെയ്യുമെന്നാണ് മഹാന്‍മാര്‍ പറഞ്ഞിട്ടുള്ളത്.
പരാജയങ്ങളില്‍ തകര്‍ന്ന് പിന്‍മാറുന്നവരും മറ്റുള്ളവരെയും സാഹചര്യങ്ങളെയും പഴിച്ച് ഒഴിഞ്ഞുമാറുന്നവരും ജീവിതത്തില്‍ വിജയിച്ചതായി ഇതുവരെ കേട്ടിട്ടില്ല. പരാജയം വിജയത്തിന്റെ മുന്നോടിയാണെന്ന് പഴമക്കാര്‍ വെറുതെ പറയുന്നതല്ല.
മനുഷ്യകുലത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച പല കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നിലും ഇങ്ങനെ ഒട്ടേറെ പരാജയങ്ങളുടെ നീണ്ട കഥ തന്നെയുണ്ട്.
അത്തരമൊന്നിന്റെ കഥയാണിത്.
ഇന്‍കാന്‍ഡസന്റ് ബള്‍ബ് കണ്ടിട്ടുണ്ടോ? സി.എഫ്.എല്ലുകളും ട്യൂബ് ലൈറ്റുകളും അരങ്ങിലെത്തുന്നതിന് മുമ്പ് ഇവരായിരുന്നു താരം.
ബള്‍ബ് കണ്ടുപിടിച്ചത് ആര് എന്ന ചോദ്യത്തിന് നാമെല്ലാവും ഉത്തരം നല്‍കും. എഡിസണ്‍.
എന്നാല്‍ ബള്‍ബ് കണ്ടുപിടിച്ച ആദ്യ വ്യക്തി എഡിസണല്ല. ബള്‍ബ് കണ്ടുപിടിച്ച ഒരേയൊരു വ്യക്തിയും അദ്ദേഹമല്ല. അതിനെക്കുറിച്ച് പിന്നെപ്പറയാം.
ഒന്നു മാത്രം.. വ്യാവസായികാടിസ്ഥാനത്തില്‍ വിജയകരമായ വൈദ്യുതി ബള്‍ബ് കണ്ടുപിടിച്ചയാളാണ് എഡിസന്‍.
ആദ്യം ഇന്‍കാന്‍ഡസന്റ് ബള്‍ബ് എന്താണെന്ന് നോക്കാം.
ഒരു ചെറിയ ലോഹക്കമ്പിയിലൂടെ വൈദ്യുതി കടത്തി വിടുകയും അത് ഒരു പ്രത്യേക പരിധി വരെ ചൂടാകുമ്പോള്‍ പ്രകാശം പുറപ്പെടുവിക്കുകയുമാണ് ബള്‍ബിന്റെ രഹസ്യം.
ലോകത്തില്‍ ആദ്യത്തെ വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചത് ഹംഫ്രി ഡേവി ആയിരുന്നു. ബാറ്ററി കണ്ടുപിടിച്ച അതേയാള്‍ തന്നെ.
അദ്ദേഹം കണ്ടുപിടിച്ച ബാറ്ററിയും കുറച്ച് വയറുകളും ഒരു കഷ്ണം കാര്‍ബണുമായി ബന്ധിപ്പിച്ചപ്പോള്‍ കാര്‍ബണ്‍ ജ്വലിച്ചു പ്രകാശം പരത്തി.
അതായിരുന്നു ആദ്യത്തെ വൈദ്യുതി വെളിച്ചം. ഇലക്ട്രിക് ആര്‍ക് ലാമ്പ് എന്നാണ് ഈ കണ്ടുപിടുത്തം അറിയപ്പെട്ടത്.
1878 മുതല്‍ 1880 വരെയുള്ള ചുരുങ്ങിയ കാലത്തിനുള്ളില്‍ തോമസ് ആല്‍വാ എഡിസണ്‍ മൂവായിരം വ്യത്യസ്ത പരീക്ഷണങ്ങളാണ് നടത്തിയത്.
ഗ്ലാസ് ഉരുക്കാനായി അദ്ദേഹത്തിന് സ്വന്തമായി ഒരു ഫാക്ടറി തന്നെയുണ്ടായിരുന്നു. ബള്‍ബ് എന്ന സ്വപ്‌നത്തിലേയ്ക്ക് എത്താനായി അദ്ദേഹം പല രൂപത്തിലും പല സ്വഭാവത്തിലുമുള്ള ഗ്ലാസ് ഉപയോഗിച്ച് നിരവധി രൂപങ്ങളും ഉണ്ടാക്കി.
അതുവരെ ഉപയോഗിച്ചിരുന്ന ആര്‍ക് ലാമ്പുകളില്‍ പ്രതിരോധം കുറഞ്ഞ ലോഹങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഒരു തടസവുമില്ലാതെ വൈദ്യുതി കടന്നു പോകുന്നതിനാല്‍ അവ ചൂടായി വെളിച്ചം പുറപ്പെടുവിക്കാന്‍ വളരെ കൂടുതല്‍ വൈദ്യുതി ആവശ്യമായിരുന്നു.
ഈ പ്രശ്‌നം മറികടക്കുകയായിരുന്നു ആദ്യ വെല്ലുവിളി.
ജനുവരി 1879 ആയപ്പോഴേയ്ക്കും ഉയര്‍ന്ന പ്രതിരോധ ശക്തിയുളള ലോഹമുപയോഗിച്ച് ബള്‍ബ് നിര്‍മിക്കുന്നതില്‍ എഡിസണ്‍ വിജയിച്ചു കഴിഞ്ഞിരുന്നു. വായുശൂന്യമായ ഒരു ഗ്ലാസ് ബള്‍ബിനുള്ളില്‍ നേര്‍ത്ത പ്ലാറ്റിനം കമ്പിയാണ് ഫിലമെന്റായി അദ്ദേഹം ഉപയോഗിച്ചത്. കമ്പി ഉരുകാതിരിക്കുന്നതിന് വേണ്ടിയാണിത്.
എങ്കിലും അതിന് വളരെ കുറച്ച് മണിക്കൂറുകളുടെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു. അപ്പോഴേയ്ക്കും ഫിലമെന്റ് ഉരുകും.
ഈ പ്രശ്‌നം പരിഹരിക്കാനായി ആയിരക്കണക്കിന് വസ്തുക്കള്‍ അദ്ദേഹം ഫിലമെന്റായി പരീക്ഷിച്ചു നോക്കി.
ഇന്ന് ഫിലമെന്റായി ഉപയോഗിക്കുന്ന ടങ്സ്റ്റണ്‍ അന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയിലും വന്നിരുന്നു. എന്നാല്‍ അന്ന് ലഭ്യമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് കടുപ്പമേറിയ ടങ്സ്റ്റണ്‍ ലോഹത്തെ ഫിലമെന്റാക്കി മാറ്റാന്‍ സാധിക്കുമായിരുന്നില്ല.
അടുത്തപേജില്‍ തുടരുന്നു
മുള പോലും അദ്ദേഹം ഫിലമെന്റിന് യോജിക്കുമോ എന്ന് പരിശോധിച്ചു നോക്കിയിരുന്നു എന്ന് സങ്കല്‍പിക്കുവാന്‍ സാധിക്കുമോ?
വളരെ മടുപ്പിക്കുന്ന ജോലിയായിരുന്നു അതെന്ന് പിന്നീട് എഡിസണ്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും വില നന്നായി മനസിലാക്കിയിരുന്ന അദ്ദേഹം പിന്മാറാന്‍ ഒരുക്കമായിരുന്നില്ല.
“ശരിയായ ഫിലമെന്റ് കണ്ടെത്തുന്നത് വരെ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തി. ഏറ്റവും കുറഞ്ഞത് ആറായിരം വസ്തുക്കള്‍ ഞാന്‍ ഉപയോഗിച്ചു നോക്കി. പച്ചക്കറിത്തണ്ട് പോലും പരീക്ഷിച്ചു.” പിന്നീട് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കാര്‍ബണ്‍ പൂശിയ ഒരു കോട്ടണ്‍ തിരി ഉപയോഗിച്ചു നോക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിലേയ്ക്ക് വൈദ്യുതി കടത്തി വിട്ടപ്പോള്‍ മങ്ങിയ ഓറഞ്ച് നിറത്തില്‍ ഒരു തിളക്കമുണ്ടായി..
എന്നാല്‍ 15 മണിക്കൂറിന് ശേഷം അതും എരിഞ്ഞടങ്ങി.
തുടര്‍ന്നും നിരവധി നിരവധി പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി. ഓരോ തവണയും ഫിലമെന്റ് കത്തിത്തീരാനെടുക്കുന്ന സമയം കൂടി കൂടി വന്നു.
കാര്‍ബണ്‍ പൂശിയ ഒരു കോട്ടണ്‍ തിരി ഉപയോഗിച്ചു നോക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിലേയ്ക്ക് വൈദ്യുതി കടത്തി വിട്ടപ്പോള്‍ മങ്ങിയ ഓറഞ്ച് നിറത്തില്‍ ഒരു തിളക്കമുണ്ടായി.
പിന്നെയും വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍..
അവസാനം 1880ല്‍ 1500 മണിക്കൂര്‍ കത്തി നില്‍ക്കുന്ന പതിനാറ് വാട്ടിന്റെ ഒരു ബള്‍ബ് അദ്ദേഹം നിര്‍മിച്ചു.
ലോകചരിത്രത്തിലെ തന്നെ സുപ്രധാനമായ കണ്ടുപിടുത്തങ്ങളിലൊന്നായിരുന്നു അത്.
എന്നാല്‍ ഇതിനൊരു മറുപുറം കൂടിയുണ്ട്.. എഡിസണ്‍ മാത്രമല്ല ബള്‍ബ് കണ്ടുപിടിച്ചതെന്ന് നേരത്തെ പറഞ്ഞില്ലേ.. അതിന്റെ തുടര്‍ച്ച.
ഇംഗ്ലണ്ടുകാരനായ ജോസഫ് വില്‍സണ്‍ സ്വാന്‍ എന്ന ഒരു ശാസ്ത്രജ്ഞനും ഇതേ സമയം ബള്‍ബ് കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങളില്‍ ആയിരുന്നു.
അദ്ദേഹവും വായുശൂന്യമായ ഗ്ലാസ് പാത്രത്തിനുള്ളില്‍ ഫിലമെന്റ് സ്ഥാപിച്ച് പരീക്ഷണങ്ങള്‍ നടത്തി.
1850ല്‍ തന്നെ സ്വാന്‍ കാര്‍ബണ്‍ പൂശിയ കടലാസ് ഫിലമെന്റുകള്‍ ഉപയോഗിച്ചു പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. അതായത് കാര്‍ബണിന്റെ ഗുണങ്ങള്‍ എഡിസണ്‍ മനസിലാക്കുന്നതിന് മുമ്പ് തന്നെ ഇദ്ദേഹം മനസ്സിലാക്കിയിരുന്നു.
സ്വാന്‍ ആദ്യകാലങ്ങളില്‍ പരാജയപ്പെടാനുണ്ടായ കാരണം ബള്‍ബിന്റെ ഉള്‍ഭാഗം പൂര്‍ണമായും വായുശൂന്യമാക്കാന്‍ അദ്ദേഹത്തിന് കഴിയാതിരുന്നതാണ്. അതിനുള്ള ഉപകരണങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
പിന്നീട് 1875ല്‍ മെച്ചപ്പെട്ട ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹം പരീക്ഷണങ്ങള്‍ തുടര്‍ന്നു.
അദ്ദേഹം കണ്ടുപിടിച്ച ബള്‍ബില്‍ അല്‍പം ഓക്‌സിജന്‍ ഉണ്ടായിരുന്നു. അതിനാല്‍ തീ പിടിക്കാതെ വെളുത്ത നിറത്തില്‍ ബള്‍ബ് പ്രകാശിച്ചു കൊണ്ടിരുന്നു.
ഈ കണ്ടുപിടുത്തത്തിന് 1878ല്‍ സ്വാന് ബ്രിട്ടീഷ് പേറ്റന്റും ലഭിച്ചിരുന്നു.
ഓര്‍ക്കുക..അന്ന് എഡിസണ്‍ തന്റെ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളു.
1879ല്‍ തന്നെ അദ്ദേഹം ഇംഗ്ലണ്ടിലെ വീടുകളില്‍ ബള്‍ബുകള്‍ സ്ഥാപിച്ചു നല്‍കാന്‍ തുടങ്ങിയിരുന്നു.
1880ല്‍ പൊതുപ്രദര്‍ശനം നടത്തി ജനങ്ങള്‍ക്ക് ഈ കണ്ടുപിടുത്തത്തെ കുറിച്ച് മനസിലാക്കി കൊടുത്തു.
ആ സമയത്താണ് എഡിസണും അതേ കണ്ടുപിടുത്തം നടത്തുന്നത്.
പേറ്റന്റ് തട്ടിയെടുത്തു എന്നാരോപിച്ച് സ്വാന്‍ കേസ് കൊടുത്തു. അങ്ങനെ എഡിസണ്‍ ബ്രിട്ടനില്‍ കോടതി കയറിയിറങ്ങി കുറച്ചുകാലം.
കേസ് തോറ്റതിനെ തുടര്‍ന്ന് ബ്രിട്ടനിലെ ജോലികളില്‍ എഡിസണ് സ്വാനിനെ കൂടി പങ്കാളിയാക്കേണ്ടി വന്നു. ആ കമ്പനിയാണ് പിന്നീട് എഡിസ്വാന്‍ എന്നറിയപ്പെട്ട എഡിസന്‍ ആന്‍ഡ് സ്വാന്‍ യുണൈറ്റഡ് ഇലക്ട്രിക് കമ്പനി.
പിന്നീട് ഈ കമ്പനി പല കൈ മറിഞ്ഞാണ് ഇന്നത്തെ വമ്പനായ ജനറല്‍ ഇലക്ട്രിക് കമ്പനി ആയത്.
1906ല്‍ ടങ്സ്റ്റണ്‍ എന്ന ലോഹത്തെ ഇന്‍കാന്‍ഡസന്റ് ബള്‍ബുകളില്‍ ഫിലമെന്റാക്കി മാറ്റുന്നതിനുള്ള വിദ്യ ഈ കമ്പനി കണ്ടുപിടിച്ചു. പേറ്റന്റുമെടുത്തു.
പക്ഷേ അന്ന് ഫിലമെന്റ് നിര്‍മിക്കാന്‍ ചെലവ് കൂടുതലായിരുന്നു. 1910ല്‍ വില്യം ഡേവിഡ് കൂളിഡ്ജ് എന്നയാള്‍ ഫിലമെന്റ് നിര്‍മിക്കാന്‍ വളരെ ചെലവ് കുറഞ്ഞൊരു വിദ്യ കണ്ടുപിടിച്ചു. അതോടെ ബള്‍ബ് കൂടുതല്‍ പ്രചാരത്തിലായി.
എഡിസന് മുമ്പ് ഏകദേശം ഇരുപതോളമാളുകള്‍ ബള്‍ബിന്റെ വിവിധ രൂപങ്ങള്‍ കണ്ടുപിടിച്ചിരുന്നു എന്ന് ചിലര്‍ പറയുന്നുണ്ട്. എങ്കിലും എഡിസനാണ് ബള്‍ബ് കണ്ടുപിടിച്ചതെന്നാണ് അറിയപ്പെടുന്നത്.
കാരണം അതിന് മുമ്പുണ്ടായിരുന്ന എല്ലാ ബള്‍ബ് രൂപങ്ങളെയും അപേക്ഷിച്ച് എഡിസന്റെ ബള്‍ബ് മികച്ചതായിരുന്നു.