| Tuesday, 11th July 2023, 9:55 pm

ഇത് വല്ലാത്തൊരു മാലാഖ; അര്‍ജന്റീനയുടെ കോപ്പ അമേരിക്ക വിജയ വാര്‍ഷികത്തിലും താരമായി ഡി മരിയ

സ്പോര്‍ട്സ് ഡെസ്‌ക്

2021 ജൂണ്‍ 11 അര്‍ജന്റൈന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം മറക്കാന്‍ കഴിയാത്ത ദിനമാണ്. അന്നാണ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു ഇന്റര്‍നാഷണല്‍ കിരീടത്തില്‍ നീലപ്പട മുത്തമിടുന്നത്.

ബ്രസീലിലെ മാരക്കാനയില്‍ നടന്ന കോപ്പ അമേരിക്ക ഫൈനലില്‍ ആതിഥേയരെ തന്നെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കീരിടം സ്വന്തമാക്കിയത്.

15 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ ആദ്യ കിരീട നേട്ടവും ഇത് തന്നെയായിരുന്നു. പിന്നീട് 2021ല്‍ തന്നെ നടന്ന ഫൈനലിസിമയിലും 2022ല്‍ നടന്ന ലോകകപ്പിലും മെസിപ്പട കിരീടം നേടിയെങ്കിലും ആരാധകരെ സംബന്ധിച്ചിടത്തോളം 2021ലെ കോപ്പാ നേട്ടത്തിന് വലിയ പ്രത്യേകതയുണ്ട്. ആ അര്‍ത്ഥത്തില്‍ തന്നെയാണ് കോപ്പാ നേട്ടത്തിന്റെ രണ്ടാം വാര്‍ഷികം ആരാധകര്‍ ആഘോഷിക്കുന്നത്.

ഈ ആഘോഷത്തിനിടയിലും ആഘോഷിക്കപ്പെടുന്നത് അറ്റാക്കിങ്ങ് താരം ഡി മരിയയെയാണ്. കാരണം 2021ല്‍ മരക്കാനയില്‍ നടന്ന ഫൈനലില്‍ അര്‍ജന്റൈന്‍ ടീമിനായി പിറന്ന ഏക ഗോള്‍ നേടിയതും താരമായിരുന്നു.

ഇതുകൂടാതെ മറ്റൊരു ഫാക്ട് കൂടി ശ്രദ്ധ നേടുന്നുണ്ട്. അര്‍ജന്റീനയുടെ കിരീട നേട്ടങ്ങളിലെല്ലാം ഫൈനലില്‍ ഗോള്‍ നേടാന്‍ 35കാരനായ മരിയക്ക് സാധിച്ചു എന്നതാണത്.
കോപ്പ അമേരിക്കയിലെ ഗോളിനെ കൂടാതെ 2008ലെ ഒളിമ്പിക് സ്വര്‍ണ നേട്ടം, 2021ലെ കോപ്പ അമേരിക്ക നേട്ടം, പിന്നീട് നടന്ന ഫൈനലിസിമ, ഖത്തര്‍ ലോകകപ്പ് എന്നിവയിലെല്ലാം ഗോള്‍ നേടാന്‍ മരിയക്ക് കഴിഞ്ഞിരുന്നു.

ഖത്തര്‍ ലോകകപ്പിന് ശേഷം മരിയ വിരമിക്കും എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കിരീട നേട്ടത്തിന് ശേഷം അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. ക്ലബ് ലെവലില്‍ ഈ സീസണില്‍ പോര്‍ചുഗല്‍ ക്ലബ്ബായ ബെനഫിക്കയിലേക്ക് പോകാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.

Content Highlight: story, Ángel Di María is Argentina’s Finals hero

We use cookies to give you the best possible experience. Learn more