| Tuesday, 10th November 2015, 11:20 am

മാരുതി ആള്‍ട്ടോ, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ എന്ന ബഹുമതി ഇനി മാരുതി ഓള്‍ട്ടോയ്ക്ക്. പതിനഞ്ചു വര്‍ഷം കൊണ്ട് 29 ലക്ഷത്തിലേറെ ആള്‍ട്ടോ കാറുകളാണ് മാരുതി വിറ്റഴിച്ചത്.

2000 സെപ്റ്റംബറിലാണ് ഓള്‍ട്ടോ വിപണിയില്‍ എത്തിയത്. ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് 29,19,819 കാറുകള്‍ വിറ്റഴിക്കാനായി.

മാരുതി 800 ആയിരുന്നു നേരത്തെ ഈ ബഹുമതി സ്വന്തമാക്കിയിരുന്നത്. 29 വര്‍ഷം കൊണ്ട് മാരുതി 800 ഉണ്ടാക്കിയ നേട്ടമാണ് ഇതിന്റെ പകുതിയോളം കാലയളവുകൊണ്ട് ആള്‍ട്ടോ കരസ്ഥമാക്കിയത്. മികച്ച ഇന്ധന ക്ഷമത, മെയ്ന്റനന്‍സ് കുറവ് തുടങ്ങിയവയാണ് ഓള്‍ട്ടോയുടെ വിജയ ഘടകങ്ങളായി മാരുതി ചൂണ്ടിക്കാട്ടുന്നത്.

പതിനഞ്ചു വര്‍ഷത്തിനിടെ മാരുതി പല മാറ്റങ്ങളും ആള്‍ട്ടോയില്‍ വരുത്തിയിരുന്നു. 800 സിസി എന്‍ജിനാണ് ഓള്‍ട്ടോയിലുള്ളത്. 1000 സിസി എന്‍ജിനുമായി 2010-11ല്‍ കെ 10 എന്ന വേരിയന്റ് പുറത്തിറക്കി. 2012-13ല്‍ ആള്‍ട്ടോ പരിഷ്‌കരിച്ച് ആള്‍ട്ടോ 800 വിപണിയില്‍ എത്തിച്ചു.

ഇതിനിടെ 800ന്റെ ഉത്പാദനം നിര്‍ത്തുകയാണെന്ന് മാരുതി പ്രഖ്യാപിച്ചിരുന്നു. 1983 ഡിസംബറില്‍ ലോഞ്ച് ചെയ്തതു മുതല്‍ 2014 ജനുവരിയില്‍ ഉത്പാദനം നിര്‍ത്തുന്നതു വരെ 28 ലക്ഷത്തിലേറെ കാറുകളാണ് 800 വിറ്റുപോയത്.

We use cookies to give you the best possible experience. Learn more