ദി റിയല്‍ കേരളാ സ്‌റ്റോറിയുടെ ഒരു ഉദാഹരണം കൂടി വരികയാണ് മലപ്പുറത്ത് നിന്ന്. അയല്‍പ്പക്കത്ത് താമസിക്കുന്ന സഹോദര സമുദായത്തില്‍പ്പെട്ട സ്ത്രീയുടെ
മരണത്തില്‍ അവധി നല്‍കിയാണ് മലപ്പുറം ജില്ലയിലെ ഒരു മദ്രസ മാതൃകയാകുന്നത്.
കോട്ടക്കലിനടുത്തുള്ള പറപ്പൂര്‍ പഞ്ചായത്തിലെ കൊപ്പുറത്തെ മട്ടണപ്പാടം വാര്‍ഡില്‍ മരണപ്പെട്ട ചക്കിങ്ങല്‍തൊടി വിജയലക്ഷ്മിയുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നാണ് വീടിനടത്തുള്ള തഅ്ലീമു സ്വിബ്‌യാന്‍ മദ്രസക്ക് അവധി പ്രഖ്യാപിച്ചത്.
ഇതുകൂടാതെ മരണവീട്ടില്‍ വന്നവര്‍ക്ക് രാത്രി മദ്രസയില്‍ തങ്ങാന്‍ സൗകര്യമൊരുക്കുകയും മദ്രസാ ഭാരവാഹികളും അധ്യാപകരും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. മദ്രസാ അധ്യാപകന്‍ അബ്ദുല്‍ മജീദ് മുസ്‌ല്യാര്‍ പൊട്ടിക്കലും മദ്രസ കമ്മിറ്റി പ്രസിഡന്റ് അമ്പലവന്‍ ആറ്റുമണ്ണില്‍ കുഞ്ഞിപ്പയും സെക്രട്ടറി കരുമണ്ണില്‍ അബ്ദുഹാജിയും ചേര്‍ന്നാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് 57 കാരിയായ ചക്കിങ്ങല്‍തൊടി വിജയലക്ഷ്മി മരണപ്പെടുന്നത്. വിജയലക്ഷ്മിയുടെ വീട്ടില്‍ സ്ഥല പരിമിതിയുണ്ടായിരുന്നു. ഇത് മനസിലാക്കിയാണ് ഇവര്‍ക്ക് വേണ്ട സൗകര്യം ചെയ്ത് കൊടുത്തതെന്ന് മദ്രസാ അധ്യാപകൻ അബ്ദുല്‍ മജീദ് മുസ്‌ല്യാര്‍ ഡൂൾന്യൂസിനോട് പറഞ്ഞു.
തങ്ങളെ സംബന്ധിച്ച് ഇത് പുതുമയുള്ളതോ പ്രത്യേകതയുള്ളതോ ആയ കാര്യമല്ലെന്നും ആരോ സോഷ്യല്‍ മീഡിയയില്‍ ഇട്ടപ്പോള്‍ സംഭവം ചര്‍ച്ചയായതാണെന്നും അദ്ദേഹം പറഞ്ഞു.
‘മദ്രസയുടെ അടുത്ത് മൂന്ന് വീടുകളാണുള്ളത്. അതിലൊന്നാണ് ഇവരുടേത്. വിജയലക്ഷ്മിയുടെ മരണ വിവരം അറിഞ്ഞപ്പോള്‍ എനിക്ക് ആദ്യമത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. 23 വര്‍ഷമായി ഞാന്‍ ആ മദ്രസയില്‍ ജോലി ചെയ്യുന്നു. അത്രയും ബന്ധം എനിക്ക് അവരോടുണ്ട്,’ മജീദ് മുസ്‌ല്യാര്‍ പറഞ്ഞു.
മദ്രസാ അധികൃതരുടെ സമയോചിത ഇടപെടല്‍ വിജയലക്ഷ്മിയുടെ വീട്ടുകാര്‍ക്ക് വലിയ ആശ്വാസമായെന്ന് പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ നസീമ സിറാജും ഡൂൾന്യൂസിനോട് പ്രതികരിച്ചു.
‘ദൂരെയുള്ള മകള്‍ വരാനുള്ളതുകൊണ്ട് മരണ ദിവസം ശവസംസ്‌കാരം നടന്നിരുന്നില്ല. അന്ന് നല്ല മഴയുണ്ടായത് കൊണ്ടുതന്നെ സ്ഥല പരമിതിയുള്ള അവരുടെ വീട്ടില്‍ എല്ലാവരേയും ഉള്‍ക്കൊള്ളുക പ്രയാസമായിരുന്നു.
ഇത് മനസിലാക്കിയാണ് ഉസ്താദുമാര്‍ വിജയലക്ഷ്മിയുടെ വീട്ടില്‍ വന്നവര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തത്. മരണ വീട്ടിലേക്ക് ദൂരെ നിന്നെത്തിയ ബന്ധുക്കളും മറ്റും മദ്രസയുടെ ഹാളിലാണ് വെള്ളിയാഴ്ച രാത്രി താമസിച്ചത്. ശനിയാഴ്ചയാണ് മദ്രസക്ക് അവധി നല്‍കിയത്. അത് ആ വീട്ടുകാര്‍ക്ക് വലിയ ആശ്വാസമായി. വാര്‍ഡുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കും മദ്രസാ ഹാള്‍ വിട്ടുനല്‍കാറുണ്ട്,’ നസീമ സിറാജ് പറഞ്ഞു.
മദ്രസയുമായി ബന്ധപ്പെട്ട പരിപാടികളില്‍ മുമ്പും വിജയ ലക്ഷ്മിയും ഭര്‍ത്താവ് വേലായുധനും ഭാഗമാകാറുണ്ട്. മദ്രസയിലേക്ക് പലഹാരങ്ങളോ മറ്റ് ഭക്ഷണസാധനങ്ങളോ കൊണ്ടുവന്നാല്‍ അതിന്റെ ഒരു പങ്ക് വേലായുധന്റെ വീട്ടിലേക്കും നല്‍കാറുണ്ടായിരുന്നു.
നബിദിനം പോലുള്ള ചടങ്ങുകളില്‍ വിജയ ലക്ഷ്മിയുടെ കുടുംബവും മദ്രസയിലെത്താറുണ്ടെന്ന് മജീദ് മുസ്‌ല്യാര്‍ പറഞ്ഞു.
‘മദ്രസയുമായി ബന്ധപ്പെട്ട് എന്ത് പരിപാടിയുണ്ടെങ്കിലും അവര്‍ സഹകരിക്കുന്നവരാണ്. നബിദിനവും മറ്റുമൊക്കെ ഉണ്ടാകുമ്പോള്‍ കല്യാണം കഴിഞ്ഞുപോയ അവരുടെ പെണ്‍മക്കള്‍ വരെ വീട്ടിലെത്തും. അത്രയ്ക്ക് സൗഹൃദത്തിലാണ് തങ്ങള്‍ കഴിഞ്ഞിരുന്നത്,’ മജീദ് മുസ്‌ലിയാര്‍ പറഞ്ഞു.
Content Highlight: Story from Malappuram Madrasa holiday on death of Vijaya Lakshmi