| Thursday, 20th July 2023, 6:17 pm

അത് പന്തയക്കുതിരയായിരുന്നു, അപകടമുള്ള പണിയാണ് മമ്മൂക്ക ഏറ്റെടുത്തത്; ജാക്ക്‌പോട്ട് ഷൂട്ട് ചെയ്ത കഥ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക്‌പോട്ട്. കുതിര പന്തയം പ്രമേയമാക്കി മലയാളത്തിലെ ആദ്യത്തെ ചിത്രമായിരുന്നു 1983ല്‍ പുറത്തുവന്ന ജാക്ക്‌പോട്ട്. ഐശ്വര്യ, ഗൗതമി എന്നിവരാണ് ചിത്രത്തില്‍ നായികമാരായത്.

ഒട്ടേറെ വെല്ലുവിളികളാണ് ചിത്രത്തിന് നേരിടാനുണ്ടായിരുന്നത്. അതിവേഗത്തിലോടുന്ന പന്തയക്കുതിരകളെയാണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്. ഇവരെ ഓടിക്കുന്നതിന്റേയും ഷൂട്ട് ചെയ്‌തെടുക്കുന്നതിന്റേയും ആശങ്കകള്‍ മമ്മൂട്ടി പ്രകടിപ്പിച്ചുവെങ്കിലും ശ്രമിച്ചുനോക്കാന്‍ തന്നെയായിരുന്നു ജോമോന്റെ തീരുമാനം.

മറ്റ് രംഗങ്ങളെല്ലാം സാധാരണ പോലെ ഷൂട്ട് ചെയ്‌തെങ്കിലും കുതിരകളെ വെച്ചുള്ള ഷൂട്ടാണ് വെല്ലുവിളി ഉയര്‍ത്തിയത്. സിനിമകളില്‍ ഉപയോഗിക്കുന്ന കുതിരകളെയാണ് ആദ്യം കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഈ കുതിരകള്‍ പന്തയത്തിനായി മൈതാനത്തേക്ക് തുറന്നുവിടുമ്പോള്‍ പുല്ല് തിന്നാന്‍ തുടങ്ങും. ഇത് ശരിയാകാതെ വന്നപ്പോഴാണ് പന്തയത്തില്‍ നിന്നും ‘റിട്ടയേര്‍ഡായ’ കുതിരകളെ തന്നെ കൊണ്ടുവന്നത്.

ഫൈറ്റേഴ്‌സിനെ കുതിരപ്പുറത്ത് കയറ്റി ട്രയല്‍ നോക്കി. മൈതാനത്തേക്ക് ഇറങ്ങിയതും കുതിരകള്‍ പാഞ്ഞു, ഫൈറ്റേഴ്‌സ് നിലത്ത് വീണു. ഓടിയ കുതിരകള്‍ വിന്നിങ് ലൈനിലെത്തിയതിന് ശേഷമാണ് നിന്നത്. ഈ പ്രശ്‌നം മൂലം പന്തയ കുതിരകളെ ഓടിക്കാന്‍ പരിശീലനം ലഭിച്ച റേസ് ജോക്കികളെ തന്നെ സിനിമിലേക്ക് വിളിച്ചു.

മമ്മൂട്ടിയുടെ ഷോട്ടുകള്‍ എടുക്കുമ്പോള്‍ സിനിമയില്‍ ഉപയോഗിക്കുന്ന കുതിരകളെ ഉപയോഗിക്കാമെന്ന് ജോമോന്‍ പറഞ്ഞിരുന്നു. എന്നാല്‍ പന്തയ കുതിരകളെ തന്നെ ഉപയോഗിക്കാമെന്നാണ് മമ്മൂട്ടി പറഞ്ഞത്. ജോമോന്‍ തന്നെ അതിനെ പറ്റി മുമ്പ് വിവരിച്ചിട്ടുണ്ട്.

‘അപകടം പിടിച്ച പണിയാണ് മമ്മൂക്ക ഏറ്റെടുത്തത്. വേറെ ഒരു നടനായാലും അതിന് തയാറാവില്ല. മമ്മൂക്ക പറഞ്ഞത് കേട്ട് എന്റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി. ഉപയോഗിച്ചാല്‍ മാത്രം പോര, ഓടി മറ്റേതിന്റെ കൂടെ എത്തുകയും വേണം. 1500 മീറ്ററോളം ഓടണം. ഡര്‍ബി ജയിച്ച കുതിരയെ ആണ് മമ്മൂക്ക ഓടിച്ചത്. മമ്മൂക്കയുടെ കുതിര ഒറ്റ പായലായിരുന്നു. ഞാന്‍ ഞെട്ടിപോയി. അവിടെയുണ്ടായിരുന്ന എല്ലാവരും കയ്യടിച്ചു. എന്റെ ചങ്കിടിക്കുകയായിരുന്നു,’ ജോമോന്‍ പറയുന്നു.

റിലീസ് ചെയ്ത എല്ലാ സെന്ററുകളിലും റെക്കോഡ് ഇനീഷ്യല്‍ കളക്ഷനാണ് ജാക്ക് പോട്ട് നേടിയത്. തൃശ്ശൂരില്‍ 100 ദിവസമാണ് ജാക്ക് പോട്ട് പ്രദര്‍ശിപ്പിച്ചത്.

Content Highlight: story behind the shoot of jackpot movie

We use cookies to give you the best possible experience. Learn more