| Thursday, 24th February 2022, 5:12 pm

'മൈക്കിളേട്ടായി അറിഞ്ഞാല്‍ പ്രാന്തന്‍ കുരിയച്ചന്‍ വിചാരിച്ചാലും രക്ഷിക്കാന്‍ കഴിയില്ല'; ആരാണ് ഭീഷ്മ പര്‍വത്തിലെ പ്രാന്തന്‍ കുരിയച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുന്നറിയിപ്പുകളോ പ്രീമിയറോ ഇല്ലാതെ അപ്രതീക്ഷിതമായിട്ടായിരുന്നു ഭീഷ്മ പര്‍ലത്തിന്റെ ട്രെയ്‌ലര്‍ ഫെബ്രുവരി 14 ന് പുറത്തു വന്നത്. എങ്കില്‍ പോലും അര്‍ധരാത്രിക്ക് വന്ന ട്രെയ്‌ലര്‍ നേരം വെളുത്തപ്പോള്‍ ട്രെന്‍ഡിംഗ് നമ്പര്‍ വണ്ണായിരുന്നു.

ഇതിനോടകം തന്നെ 22 ലക്ഷത്തിലധികം കാഴ്ചക്കാരാണ് ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്. പലവിധ ചര്‍ച്ചകളാണ് ഫേസ്ബുക്കില്‍ ഭീഷ്മ പര്‍വത്തിന്റെ ട്രെയ്‌ലറുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇതിലൊന്ന് പ്രാന്തന്‍ കുരിയച്ചനാണ്.

മൈക്കിളേട്ടായി എങ്ങാനും അറിഞ്ഞാലേ പിന്നെ പ്രാന്തന്‍ കുരിയച്ചന്‍ വിചാരിച്ചാല്‍ പോലും നമ്മളെ രക്ഷിക്കാന്‍ കഴിയില്ല എന്ന ജിനു ജോസഫ് അവതരിപ്പിക്കുന്ന സൈമണ്‍ എന്ന കഥാപാത്രം പറയുന്നുണ്ട്. ഈ ഡയലോഗിന്റെ സബ് ടൈറ്റില്‍സില്‍ കൊടുത്തിരിക്കുന്നത് st. Quiricus എന്നാണ്.

പ്രാന്തന്‍ കുരിയച്ചന്‍ ഭീഷ്മയില്‍ ഇത് വരെ വെളിപ്പെടുത്താത്ത ഏതോ ക്യാരക്ടറാണെന്ന് ചിലരെങ്കിലും സോഷ്യല്‍ മീഡിയയില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

എന്നാല്‍ മട്ടാഞ്ചേരിയിലെ കൂനന്‍ കുരിശ് പള്ളിയെയാണ് പ്രാന്തന് കുര്യച്ചന്റെ പള്ളിയെന്ന് പറയുന്നതെന്നും
ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. കുറിപ്പുകളുടെ സാരാംശം ഇങ്ങനെ.

മട്ടാഞ്ചേരിയില്‍ ജൂതന്മാരുടെ ഒരു തെരുവ് ഉണ്ട്. കേരളത്തിലെ ആദ്യത്തെ ജൂതപ്പള്ളി സ്ഥാപിച്ചത് ഇവിടെയാണ്

ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ‘കൂനന്‍ കുരിശു സത്യം’ (leaning cross oath) നടന്ന സ്ഥലം ആണ്. എ.ഡി പതിനേഴാം നൂറ്റാണ്ടിലാണ് ഇത് നടന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്ന പോര്‍ച്ചുഗീസുകാര്‍ ഇവിടെ ഉള്ള ക്രിസ്ത്യാനികളെ എല്ലാവരേയും ഗോവന്‍ രീതിയിലുള്ള മതാചാരങ്ങള്‍ പഠിപ്പിക്കാനും പ്രാവര്‍ത്തികമാക്കാനും ശ്രമിച്ചു.

എന്നാല്‍ നാട്ടുകാരനായ ഒരു കത്തനാരിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യാനികള്‍ എല്ലാവരും കൂടി ഇവിടെ സ്ഥാപിച്ചിരുന്ന ഒരു കുരിശില്‍ ഒരു വടം കെട്ടി അതില്‍ പിടിച്ചു നാട്ടിലെ ആചാരങ്ങള്‍ക്ക് വിപരീതമായി മറ്റൊരു ആചാരത്തിന് തയ്യാറല്ല എന്ന് സത്യം ചെയ്തു. അങ്ങനെ വലിച്ചു പിടിച്ചപ്പോള്‍ കുരിശു വളഞ്ഞു പോയി എന്നാണ് ചരിത്രം.

അതോടെ പോര്‍ച്ചുഗീസുകാര്‍ തല്‍ക്കാലം പിന്‍വാങ്ങി. വളഞ്ഞു കൂനി പോയ കുരിശിനെ നാട്ടുകാര്‍ ‘കൂനന്‍ കുരിശു’ എന്ന് വിളിച്ചു. വിപ്ലവകരമായ ഈ ചെറുത്തു നില്പ്പിനെ ‘കൂനന്‍ കുരിശു സത്യം’ എന്ന് പേര് വന്നു.

പോര്‍ച്ചുഗീസ് ഭാഷയില്‍ വളഞ്ഞ കുരിശിനെ ‘Panth Cruz’ എന്നാണ് പറയുന്നത്. നാട്ടുകാര്‍ Panth Cruz മലയാളീകരിച്ചപ്പോള്‍ അത് പ്രാന്ത് കുരിശു ആയി, പിന്നീടത് പ്രാന്തന്‍ കുരിയച്ചന്‍ ആയി. അല്ലാതെ അങ്ങനെ ഒരു കഥാപാത്രം സിനിമയില്‍ ഇല്ല. ചുരുക്കി പറഞ്ഞാല്‍ ദൈവതുല്യനായ കുരിയച്ചന്‍ വന്നാല്‍ പോലും മൈക്കിളില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റില്ല എന്നാണ് സംഭാഷണം കൊണ്ട് ഉദ്ദേശിക്കുന്നത്.

മാര്‍ച്ച് മൂന്നിനാണ് ഭീഷ്മ പര്‍വം തിയേറ്ററുകളിലെത്തുന്നത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.


Content Highlight: story behind the pranthan kuriachan in bheeshma parvam

We use cookies to give you the best possible experience. Learn more