| Monday, 13th August 2018, 4:34 pm

ഇടുക്കി ഡാമിന്റെ കഥ - കേരളത്തിന് വെളിച്ചം നല്‍കാന്‍ ജീവിതം ത്യജിച്ചവര്‍ പറയുന്നു

എ പി ഭവിത

ഇടുക്കി ഡാമും പെരിയാറും നിറഞ്ഞെഴുകുന്നു. കുറവനും കുറത്തിക്കും കുറുകെ പെരിയാറിനെ തടഞ്ഞിട്ടത് കേരളത്തിന് വെളിച്ചം നല്‍കാനായിട്ടായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ടര്‍, സ്വയം ഒഴിഞ്ഞു കൊടുത്തവര്‍, ഡാമിന് ചുറ്റും ജീവിതം കെട്ടിപ്പടുത്തവര്‍. ഇല്ലാതായിപ്പോയ ഗ്രാമങ്ങള്‍. ചരിത്രത്തില്‍ മറ്റ് അവശേഷിപ്പികളില്ലാതാവുമ്പോള്‍ ആ മനുഷ്യര്‍ ഓര്‍ത്തെടുക്കുന്നു ജലത്താല്‍ ചുറ്റപ്പെട്ട ഓര്‍മ്മകളെ.. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പിറവിയും അവരുടെ അതീജീവനവും ആ മനുഷ്യര്‍ പറയുന്നു. എഴുപതുകളില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ നഷ്ടപരിഹാരം ലഭിക്കാത്തവരുമുണ്ട്.

ഭൂമി നല്‍കി കുടിയൊഴിപ്പിച്ചവരോടെ നഷ്ടപരിഹാരമായി 26816.40 രൂപയാണ് നഷ്ടപരിഹാരമായി ഓരോരുത്തര്‍ക്കും വാഗ്ദാനം ചെയ്തിരുന്നത്. മുന്‍കൂറായി 1200 രൂപ ലഭിച്ചു. വിജിലന്‍സ് അധികൃതരെത്തി രേഖകള്‍ വാങ്ങിക്കണ്ടു പോയെന്നും പിന്നീട് തിരിച്ച് നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ആഭരണങ്ങളും വീട്ടുപകരണങ്ങളും വിറ്റാണ് കൃഷി ചെയ്യാനും കുടില്‍ കെട്ടാനുമുള്ള പണം കണ്ടെത്തിയത്. നഷ്ടപരിഹാരത്തിനായി നിയമപോരാട്ടം നടത്തിയെങ്കിലും ഇവര്‍ പരാജയപ്പെട്ടു. പരാതികളോ പ്രതിഷേധമോ ഇല്ലാതെ ഭൂമി വിട്ടു കൊടുത്തവരാണ് ഭൂരിഭാഗവും. ആ പ്രദേശം മുഴുവന്‍ വെള്ളത്താല്‍ മൂടി.

ഭൂമി കൊടുത്തവര്‍ മാത്രമല്ല ജോലിക്കായെത്തിയവര്‍ക്കുമുണ്ട് ദുരിതം നിറഞ്ഞ ഓര്‍മ്മകള്‍. പട്ടിണി മാറ്റാന്‍ കുടുംബത്തോടെയെത്തി ജോലി ചെയ്തു. അപകടത്തില്‍ മരണമടഞ്ഞവരും മുറിവേറ്റവരുമുണ്ട്. ഭയത്തോടെ ജോലി ചെയ്ത ഓര്‍മ്മകളാണ് ഭവാനി ചെല്ലപ്പനെ പോലുള്ള തൊഴിലാളികള്‍ പങ്കുവെക്കുന്നത്. ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ മടങ്ങിപ്പോകാന്‍ ഇടമില്ലാത്തവര്‍ അണക്കെട്ടിന് ചുറ്റും കുടിലുകള്‍ കെട്ടി. പട്ടയമില്ലാത്ത ഭൂമിയിലാണ് അവര്‍ ഇപ്പോഴും താമസിക്കുന്നത്. ഇടുക്കിയും അനുബന്ധ ഡാമുകളുമാണ് മലയാളിക്ക് വെളിച്ചം നല്‍കിയത്. അതിനായി ജീവിതം ത്യജിച്ചവര്‍ സ്വന്തം ജീവിതത്തില്‍ വെളിച്ചം നിറയ്ക്കാന്‍ ഇപ്പോഴും അധ്വാനിക്കുകയാണ്.പോരാടുകയാണ്.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.