| Monday, 18th January 2021, 1:20 pm

മിഥുനം ഷൂട്ട് ചെയ്ത അതേ വീട്; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ നിമിഷ മിഥുനത്തിലെ സുലുവിന്റെ തുടര്‍ച്ചയാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ സ്റ്റീരിയോ ടൈപ്പുകളേയും പുരുഷാധ്യപത്യ വ്യവസ്ഥിതിയേയും ചോദ്യം ചെയ്യുകയാണ് ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മഹത്തായ ഭാരതീയ അടുക്കള.

അടുക്കളയെ കേന്ദ്രീകരിച്ച്, മലയാള സിനിമ ഇതുവരെ പറയാതിരുന്ന ഒരു പ്രമേയം അവതരിപ്പിച്ചു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ചിത്രത്തിന്റെ മേക്കിങ്ങും ഓരോ ഫ്രെയിമുകളും അതിഗംഭീരമായി തന്നെയാണ് സംവിധായകന്‍ ജിയോ ബേബി ഒരുക്കിയിരിക്കുന്നത്.

മറ്റൊരു പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. 1993 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിഥുനം എന്ന ചിത്രം ഷൂട്ട് ചെയ്ത അതേ വീട്ടില്‍ വെച്ചാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും ചിത്രികരിച്ചിരിക്കുന്നത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ നിമിഷയുടെ കഥാപാത്രം ഒരു തരത്തില്‍ മിഥുനത്തിലെ ഉര്‍വ്വശിയുടെ തുടര്‍ച്ച തന്നെയാണ്. സുലോചന എന്ന ഉര്‍വശി അവതരിപ്പിച്ച കഥാപാത്രം അകത്തളത്തില്‍ തളച്ചിടപ്പെട്ട ഒരു സ്ത്രീയാണ്.

സ്‌നേഹിച്ച കാമുകനൊപ്പം ഏറെ പ്രതീക്ഷയോടെ വീടുവിട്ടിറങ്ങിയ സുലോചന ഭര്‍ത്താവില്‍ നിന്നും നേരിടുന്ന അവഗണനയില്‍ തളര്‍ന്നു പോകുന്നു. മാത്രമല്ല അതിനോട് കലഹിച്ച് വീടുവിട്ടിറങ്ങുന്നുമുണ്ട് അവരുടെ കഥാപാത്രം.

എന്നാല്‍ മാപ്പ് പറഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് സുലോചന തിരിച്ചെത്തുന്നുണ്ട്. അതേസമയം ഉറച്ച നിലപാടോടെ തന്റെ ജീവിതം ആര്‍ക്കുമുന്‍പിലും അടിയറ വെക്കുന്നില്ല നിമിഷയുടെ കഥാപാത്രം.

ഉര്‍വശിയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച പ്രേക്ഷകഹൃദയങ്ങള്‍ കവര്‍ന്ന ചിത്രമായിരുന്നു മിഥുനം. സേതു മാധവനും സുലോചനയും ഇന്നും മലയാളികളുടെ നിത്യ ജീവിതത്തില്‍ കടന്നുവരുന്ന കഥാപാത്രങ്ങളാണ്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെപ്പോലെ തന്നെ കുടുംബപശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു ചിത്രമായിരുന്നു മിഥുനവും. മിഥുനം എന്ന ചിത്രം പുരുഷനിലൂടെ കഥ പറഞ്ഞപ്പോള്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സ്ത്രീപക്ഷത്തുനിന്നും കുടുംബത്തെ നോക്കിക്കാണുകയായിരുന്നു.

ഒരു കൂട്ടുകുടുംബത്തിലെ കുടുംബ നാഥനായ, കുടുംബത്തിന്റെ ചുമതല മുഴുവന്‍ നിറവേറ്റേണ്ടി വരുന്ന സേതുമാധവക്കുറുപ്പിലൂടെയാണ് മിഥുനത്തിന്റെ കഥ മുന്നോട്ടുപോയത്. മുറപ്പെണ്ണായ സുലോചനയോട് പ്രണയമുണ്ടെങ്കിലും പലപ്പോഴും അവളുദ്ദേശിച്ച രീതിയിലുള്ള കാമുകനാവാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍ കൂട്ടുകാരന്റെ സഹായത്താല്‍ അവളെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ട് വന്ന് അയാള്‍ക്ക് അവളെ വിവാഹം കഴിക്കേണ്ടി വരുന്നു.

തുടര്‍ന്ന് ഒരു സ്ഥാപനം തുടങ്ങാന്‍ ശ്രമിക്കുന്ന സേതു നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. ഇതിനിടെ അയാള്‍ക്ക് ഭാര്യയെ ശ്രദ്ധിക്കാനോ അവളുടെ സങ്കല്‍പ്പത്തിലെ പുരുഷാനാകോ കഴിയുന്നില്ല. പിന്നീട് ഇവര്‍ക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങളും തുടര്‍ന്ന് വീടുവിട്ടിറങ്ങുന്ന സുലോചനയെ കണ്ടെത്തുകയും അവളുമായുള്ള ബന്ധം അവസാനിപ്പിച്ച് അവളെ വീട്ടില്‍ കൊണ്ടുവിടാന്‍ സേതുമാധവന്‍ തയ്യാറാകുന്നതും വഴിയില്‍ വെച്ച് സുലു തന്റെ തെറ്റ് ഏറ്റു പറഞ്ഞ് മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് സേതു തീരുമാനം മാറ്റുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

തെറ്റ് അവളുടെ ഭാഗത്ത് അല്ലെങ്കില്‍ കൂടി ഭാര്യയുടെ ഒരു സോറിയില്‍ പ്രശ്‌നങ്ങള്‍ തത്ക്കാലത്തേക്ക് അവസാനിപ്പിക്കുന്ന ഭര്‍ത്താവാണ് മിഥുനത്തിലെ സേതുമാധവന്‍. ടേബിള്‍ മാനേഴ്‌സിനെ കുറിച്ച് സംസാരിച്ച ഭാര്യയെ കൊണ്ട് മാപ്പുപറയിപ്പിക്കുന്ന ഭര്‍ത്താവാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ സുരാജിന്റെ കഥാപാത്രം.

25 വര്‍ഷങ്ങള്‍ക്കിപ്പുറം അടുക്കളപ്പുറങ്ങളില്‍ തളച്ചിടപ്പെടുന്ന സ്ത്രീയുടെ കഥ അതേവീട്ടില്‍ തന്നെയാണ് ചിത്രീകരണം നടന്നത്. എന്നാല്‍ ഈ രണ്ടു കാലഘട്ടങ്ങള്‍ക്കിടയില്‍ വന്ന മാറ്റങ്ങള്‍ നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Story Behind The Great Indian Kitchen And Mohanlal, Urvashi Movie Midhunam

We use cookies to give you the best possible experience. Learn more