ആ പനിനീര്‍ പുഷ്പം ഇനി 'ജാനകി അമ്മാള്‍'; ഇന്ത്യയിലെ ആദ്യ മലയാളി സസ്യശാസ്ത്രജ്ഞയെ ആദരിച്ച് ശാസ്ത്ര ലോകം
കോഴിക്കോട്: ബ്രിട്ടീഷ് ഇന്ത്യയില്‍ ശാസ്ത്രവിഷയത്തില്‍ ഡോക്ട്രേറ്റ് നേടിയ ആദ്യത്തെ മലയാളി വനിതയും പ്രമുഖ സസ്യ ശാസ്ത്രജ്ഞയുമായ ഇ.കെ ജാനകി അമ്മാളിനെ ആദരിക്കാന്‍ പുതിയ ഇനം റോസ് ചെടിക്ക് അവരുടെ പേര് നല്‍കിയിരിക്കുകയാണ് ശാസ്ത്രലോകം.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഇംഗ്ലണ്ടിലെ ജോണ്‍ ഇന്‍സ് സെന്ററും റോയല്‍ ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ചേര്‍ന്നാണ് ‘ റോസാ ക്ലൈനോഫില്ല’യെന്ന റോസ് ചെടിക്ക് ഇ.കെ ജാനികയമ്മാള്‍ എന്ന് പേര് നല്‍കി ആദരിച്ചത്.
സസ്യഗവേഷണത്തിന് നേതൃത്വം നല്‍കുന്ന കൊടൈക്കനാല്‍ സ്വദേശികളായ ദമ്പതിമാര്‍ ഗിരിജ, വീരു വീരരാഘവന്‍ എന്നിവര്‍ പുതുതായി വികസിപ്പിച്ചെടുത്ത റോസ് ചെടിയാണ് റോസാ ക്ലൈനോഫില്ല. ഇവരുടെ നിര്‍ദേശപ്രകാരമാണ് ചെടിക്ക് ജാനകി അമ്മാളിന്റെ പേര് നല്‍കിയത്.
ഒട്ടേറെവര്‍ഷം ഗവേഷണം നടത്തിയാണ് ഗിരിജയും വിജയരാഘവനും റോസ് ചെടി വികസിപ്പിച്ചെടുത്തത്. ഇളം മഞ്ഞ നിറമാണ് ഇതിന്റെ പൂവിന്. ജാനകി അമ്മാള്‍ തന്റെ അവസാന നാളുകളില്‍ ഈ നിറമുള്ള സാരികളായിരുന്നു ഉടുത്തിരുന്നതെന്ന് അവര്‍ പറയുന്നു.
സസ്യശാസ്ത്രമേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹാപ്രതിഭയെ രാജ്യം വേണ്ട രീതിയില്‍ അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ കൂടിയാണ് റോസാപ്പൂവിന് ജാനകി അമ്മാളിന്റെ പേര് നല്‍കാന്‍ തങ്ങള്‍ നിര്‍ദേശിച്ചതെന്നുമാണ് ഇരുവരും പറഞ്ഞത്.
സസ്യശാസ്ത്രരംഗത്ത് ജാനകി അമ്മാള്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് റോസാ ക്ലൈനോഫിലയ്ക്ക് അവരുടെ പേര് നല്‍കിയതെന്ന് ജോണ്‍ ഇന്‍സ് സെന്ററിലെ മുതിര്‍ന്ന വിദഗ്ധന്‍ ആന്‍ഡ്രൂ ലോണും പറഞ്ഞു.
അസാമാന്യ പ്രതിഭയും അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും കഠിന പരിശ്രമവും ഇച്ഛാശക്തിയും കൈമുതലായുണ്ടായിരുന്നെങ്കിലും അധികം അറിയപ്പെടാതെ പോയ ഒരു മലയാളി വനിതാ സസ്യശാസ്ത്രജ്ഞയാണ് എടവലേത്ത് കക്കാട്ട് ജാനകിയമ്മാള്‍ എന്ന ഇ.കെ. ജാനകി അമ്മാള്‍.
സസ്യശാസ്ത്ര മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ദേശീയ, അന്തര്‍ദേശീയ പ്രശസ്തയായ ഈ മഹാ പ്രതിഭയെ ഇന്ത്യ വേണ്ട വിധത്തില്‍ അംഗീകരിച്ചോ എന്ന് സംശയമാണെന്നാണ് ശാസ്ത്രലോകം തന്നെ പറയുന്നത്.
സ്ത്രീകള്‍ക്ക് അക്ഷരാഭ്യാസം പോലും നിഷിദ്ധമായിരുന്ന ജാതിയുടെയും മതത്തിന്റെയും പേരിലുളള വിവേചനങ്ങള്‍ അതിരൂക്ഷമായിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ജാനകി അമ്മാള്‍ കടന്നുവന്നത്. ശാസ്ത്ര ഗവേഷണത്തിനു വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു അവരുടേത്.
1897 നവംബര്‍ 4-ന് തലശ്ശേരിയിലാണ് ജാനകി അമ്മാള്‍ ജനിച്ചത്. പിതാവ് സബ് ജഡ്ജിയായിരുന്ന ഇ.കെ. കൃഷ്ണന്‍. തലശ്ശേരിയിലെ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസിലെ ക്വീന്‍ മേരീസ് കോളേജിലും മദ്രാസ് പ്രസിഡന്‍സി കോളേജിലുമായിരുന്നു ജാനകി അമ്മാളിന്റെ വിദ്യാഭ്യാസം.
1921-ല്‍ പ്രസിഡന്‍സി കോളേജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദം നേടിയ അവര്‍, താമസിയാതെ മദ്രാസിലെ തന്നെ വിമണ്‍സ് ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപികയായി. ആ സമയത്താണ് അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ പഠനത്തിനുളള ബാര്‍ബോര്‍ സ്‌കോളര്‍ഷിപ്പ് ഇവര്‍ക്ക് ലഭിച്ചത്. അതു സ്വീകരിച്ച് 1925-ല്‍ ബിരുദാനന്തര ബിരുദം സമ്പാദിച്ച ശേഷം തിരികെ വിമണ്‍സ് കോളേജില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും ഗവേഷണത്തിന് ബാര്‍ബോര്‍ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ജോലിയുപേക്ഷിച്ചു.
ജാനകി അമ്മാള്‍
ബാര്‍ബോര്‍ ഫെലോഷിപ്പ് ലഭിക്കുന്ന ആദ്യപൗരസ്ത്യദേശ വിദ്യാര്‍ത്ഥിനി എന്ന ബഹുമതിയും ജാനകി അമ്മാളിന് സ്വന്തമായി. 1931-ല്‍ ഗവേഷണ ബിരുദം കരസ്ഥമാക്കിയപ്പോള്‍, ഒരു വിദേശ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദമായ ഡി എസ് സി നേടുന്ന ആദ്യ ഭാരതീയ വനിതയെന്ന പദവിയും അവര്‍ക്കു ലഭിച്ചു.
ഇന്ത്യയിലേക്ക് മടങ്ങിയ ജാനകി അമ്മാള്‍ തിരുവനന്തപുരത്ത് മഹാരാജാസ് കോളേജ് ഓഫ് സയന്‍സില്‍ ( യൂണിവേഴ്സിറ്റി കോളേജ്) ബോട്ടണി പ്രൊഫസറായി. ആദ്യത്തെ സസ്യശാസ്ത്ര അധ്യാപിക കൂടിയായിരുന്നു ജാനകി അമ്മാള്‍. 1932 മുതല്‍ 1934 വരെ അവിടെ പ്രവര്‍ത്തിച്ചെങ്കിലും ഗവേഷണ താല്പര്യം മൂലം കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണ കേന്ദ്രത്തില്‍ ജനിതക ശാസ്ത്രജ്ഞയായി ചേരുകയായിരുന്നു.
1934 മുതലുളള അഞ്ചു വര്‍ഷക്കാലം അവിടെ അത്യുല്‍പാദന ശേഷിയുളള സങ്കര കരിമ്പിനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കരിമ്പിന് മധുരം കൂട്ടുന്നതിന് ഇവര്‍ നടത്തിയ ഗവേഷണങ്ങളാണ് വഴിത്തിരിവായത്. സസ്യങ്ങളുടെ വര്‍ഗ്ഗസങ്കരണത്തിലും വര്‍ഗാന്തര സങ്കരണത്തിലും പുതിയ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും അവിടെ ഗവേഷകയെന്ന നിലയില്‍ വേണ്ടത്ര പ്രോത്സാഹനമോ അംഗീകാരമോ ലഭിച്ചില്ല. സ്ത്രീ ആയതിന്റെ ശക്തമായ വിവേചനം അവര്‍ നേരിട്ടിട്ടപ്പോള്‍ 1939-ല്‍ ജാനകിയമ്മാള്‍ ഇംഗ്ലണ്ടിലെ ജോണ്‍ ഇന്‍സ് ഹോര്‍ട്ടികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോയി.
സസ്യകോശങ്ങളുടെ ഘടനയും വിഭജനവുമൊക്കെ സൂക്ഷ്മമായി പഠിക്കുന്നത് ഇക്കാലത്താണ്. യൂറോപ്പിലെ സസ്യങ്ങളെ പഠനവിധേയമാക്കി ചില സസ്യകോശങ്ങളുടെ അനിയന്ത്രിത വിഭജനത്തെക്കുറിച്ചുളള രഹസ്യങ്ങള്‍ ചികഞ്ഞപ്പോള്‍ അത് വെളിച്ചം വീശീയത് കാന്‍സറിന്റെ കാരണങ്ങളിലേക്കു കൂടിയാണ്.
അക്കാലത്തെ പ്രശസ്ത സസ്യശാസ്ത്രജ്ഞനായിരുന്ന സി ഡി ഡാര്‍ലിങ്സണുമായി സഹകരിച്ച് ജാനകി അമ്മാള്‍ രചിച്ച ദ ക്രോമസോം അറ്റ്ലസ് ഓഫ് കള്‍ട്ടിവേറ്റഡ് പ്ലാന്റ്സ് എന്ന പുസ്തകം ഇന്നു ലോകമെമ്പാടുമുളള സസ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും ആധികാരിക റഫറന്‍സ് ഗ്രന്ഥമാണ്. 1945-ല്‍ ജോണ്‍ ഇന്‍സ് ഹോര്‍ട്ടികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ട ജാനകി അമ്മാള്‍, ഇംഗ്ലണ്ടിലെ റോയല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയില്‍ ആറു വര്‍ഷത്തോളം സൈറ്റോളജിസ്റ്റായി (കോശവിജ്ഞാന ശാസ്ത്രജ്ഞ) പ്രവര്‍ത്തിക്കുകയുണ്ടായി.
ജാനകി അമ്മാളെപ്പോലുളള ശാസ്ത്ര പ്രതിഭകള്‍ ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിന് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞാണ് 1951 ല്‍ നെഹ്റു അവരെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. കൊല്‍ക്കത്തിയിലെ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പുനര്‍നിര്‍മാണത്തിന് വേണ്ടിയായിരുന്നു നെഹ്‌റു ജാനകി അമ്മാളിനെ ക്ഷണിച്ചത്.
1951-ല്‍ ഇന്ത്യയിലേക്ക് മടങ്ങിയ ജാനകി അമ്മാള്‍ ബി.എസ്.ഐ സ്പെഷ്യല്‍ ഓഫീസറായി 1954 വരെ പ്രവര്‍ത്തിച്ചു. തുടര്‍ന്നുളള അഞ്ചു വര്‍ഷം അലഹബാദിലെ സെന്‍ട്രല്‍ ബൊട്ടാണിക്കല്‍ ലബോറട്ടറി ഡയറക്ടറായിട്ടായിരുന്നു സേവനം. അതിനു ശേഷം കാശ്മീരിലെ റീജണല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ സ്പെഷ്യല്‍ ഓഫീസറായി.
അക്കാലത്താണ് ഹിമാലയത്തിലെ സസ്യങ്ങളില്‍ ഇവര്‍ക്ക് താല്പര്യം ജനിച്ചത്. സസ്യങ്ങളുടെ കോശവിഭജന പഠനത്തിലും ക്രോമസോം പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച അവര്‍ സസ്യപരിണാമത്തെ സംബന്ധിച്ച പല നിഗമനങ്ങളിലും എത്തിച്ചേര്‍ന്നു. ഹിമാലയത്തിലെ സസ്യ ഇനങ്ങളുടെ ഉല്പത്തി, ചൈന, മ്യാന്‍മര്‍, മലേഷ്യ എന്നിവിടങ്ങളിലെ സസ്യയിനങ്ങളുടെ സ്വാഭാവിക സങ്കരണം വഴിയായിരിക്കാം സംഭവിച്ചിരിക്കുക എന്ന് അവര്‍ അനുമാനിച്ചു. സസ്യശാസ്ത്രത്തില്‍ മാത്രമല്ല ഭൂവിജ്ഞാനീയത്തിലും താല്പര്യമുണ്ടായിരുന്ന അമ്മാള്‍ ഹിമാലയപര്‍വ്വത നിരകളെക്കുറിച്ചും പഠന പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1970-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. അന്നു മുതല്‍ മദ്രാസ് സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ ബോട്ടണിയില എമറിറ്റസ് സയന്റിസ്റ്റായി സേവനമനുഷ്ഠിച്ചു.
Janaki Ammal (Magnolia kobus)
തേയിലയിനത്തില്‍പെട്ട മഗ്‌നോലിയ എന്ന ഒരിനം ചെടി അവരുടെ സംഭാവനയില്‍പ്പെടുന്നു. ചെറിയ പുഷ്പങ്ങള്‍ ഉണ്ടാക്കുന്ന ഒരിനത്തിന്റെ പേര് മഗ്‌നോലിയ കോബുസ് ജാനകിയമ്മാള്‍ എന്നുതന്നെയാണ്.
ജമ്മുവിലെ റീജനല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ജാനകി അമ്മാള്‍ ഹെര്‍ബോറിയം എന്ന പേരില്‍ ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഉണ്ട്. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ടാക്സോണമിയില്‍ മികച്ച നേട്ടം കൈവരിക്കുന്ന ഗവേഷകര്‍ക്ക് ജാനകി അമ്മാളിന്റെ പേരിലുളള നാഷണല്‍ ടാക്സോണമി അവാര്‍ഡ് നല്‍കിവരുന്നുണ്ട്.
ജാനകി അമ്മാളിന് ഔഷധ സസ്യങ്ങളും വിളസസ്യങ്ങളും തോട്ടവിളകളും കാട്ടുചെടികളും ആദിവാസികള്‍ ഉപയോഗപ്പെടുത്തുന്ന ചെടികളുമെല്ലാം ഒരു പോലെ പ്രിയപ്പെട്ടവയായിരുന്നു. 1984 ഫെബ്രുവരി 7-ന് മരണമടയുന്നതുവരെ അവര്‍ ഗവേഷണങ്ങള്‍ തുടരുകയും ചെയ്തു. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്ന ജാനകി അമ്മാളിന് 1957-ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു.