126 സെഞ്ച്വറിയും 55,309 റണ്‍സും ഒപ്പം 2,818 വിക്കറ്റുകളും; അറിയാം ആധുനിക ക്രിക്കറ്റിന്റെ പിതാവിനെ കുറിച്ച്
Sports News
126 സെഞ്ച്വറിയും 55,309 റണ്‍സും ഒപ്പം 2,818 വിക്കറ്റുകളും; അറിയാം ആധുനിക ക്രിക്കറ്റിന്റെ പിതാവിനെ കുറിച്ച്
ആദര്‍ശ് എം.കെ.
Tuesday, 16th January 2024, 8:25 pm

ഡബ്ല്യൂ.ജി ഗ്രേസ് അഥവാ വില്യം ഗില്‍ബെര്‍ട്ട് ഗ്രേസ് എന്ന പേര് ആധുനിക ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ അത്രകണ്ട് പരിചിതമായിരിക്കില്ല. പലരും ഈ പേര് കേട്ടിട്ടുപോലും ഉണ്ടാകില്ല. ക്രിക്കറ്റിന്റെ ചരിത്രത്തെ തന്നെ സ്വാധീനിച്ച, ഐ.സി.സിയുടെ രൂപീകരണത്തിന് മുമ്പ് തന്നെ ക്രിക്കറ്റ് എന്ന ഗെയിമിന് വേരോട്ടമുണ്ടാക്കിയ മറ്റൊരാള്‍ ഒരുപക്ഷേ ഈ ലോകത്ത് തന്നെ ഉണ്ടാകില്ല.

1848 ജൂലൈ 18ന് ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോളിന് സമീപത്തെ ഡൗണ്‍എന്‍ഡിലാണ് ഗ്രേസിന്റെ ജനനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ പ്രൊഫഷണല്‍ ഗെയിമായി പോലും കണക്കാക്കാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഗ്രേസ് തന്റെ കരിയര്‍ ആരംഭിച്ചത്. എന്നാല്‍ പോകെപ്പോകെ ഗ്രേസിലൂടെ ക്രിക്കറ്റ് വളരുകയായിരുന്നു.

ഏകദിന ക്രിക്കറ്റും ടി-20യുമൊന്നും ഗ്രേസിന്റെ കാലത്തുണ്ടായിരുന്നില്ല എന്ന കാര്യവും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

ഐ.സി.സിയുടെ രൂപീകരണത്തിന് മുമ്പ് ക്രിക്കറ്റിന്റെ അവസാന വാക്കായ, ഇപ്പോഴും ക്രിക്കറ്റ് എന്ന ഗെയിമിന് മേല്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബിനും ഗ്ലോസ്റ്റര്‍ഷെയറിനും ലണ്ടന്‍ കൗണ്ടിക്കും വേണ്ടിയാണ് ഗ്രേസ് ബാറ്റേന്തിയത്.

സമ്പന്നമായ ഫസ്റ്റ് ക്ലാസ് കരിയറിന് ശേഷം 1880ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അദ്ദേഹം ടെസ്റ്റ് ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം 1889ല്‍ അവര്‍ക്കെതിരെ തന്നെ കളിച്ചുകൊണ്ടാണ് അദ്ദേഹം പാഡഴിക്കുന്നത്.

ഗ്രേസിന്റെ 13 ബന്ധുക്കളെങ്കിലും ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി ബാറ്റെടുത്തപ്പോള്‍ സഹോദരങ്ങളായ ഫ്രെഡ് ഗ്രേസും എഡ്വാര്‍ഡ് ഗ്രേസും ഗില്‍ബെര്‍ട്ടിനൊപ്പം ടീമിന്റെ ഭാഗമായിരുന്നു. വില്യം ഗില്‍ബെര്‍ട്ടിനൊപ്പം ഗ്രേസ് കുടുംബവും ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചവരാണ്.

ക്രിക്കറ്റ് ഇതിഹാസങ്ങളായ ഡൊണാള്‍ഡ് ബ്രാഡ്മാനോ സച്ചിന്‍ ടെന്‍ഡുല്‍ക്കറോ ആണ് ക്രിക്കറ്റിന്റെ പിതാവ് എന്ന ടാഗിന് അര്‍ഹരെന്നാകും മിക്ക ആരാധകരും പറയുക. എന്നാല്‍ ഇരുവരും ക്രിക്കറ്റ് എന്ന ഗെയിമില്‍ ഇപ്പോഴും അവശേഷിപ്പിച്ച ലെഗസിയും പിച്ചിലെ അവിസ്മരണീയ പ്രകടനവും കണക്കിലെടുക്കുമ്പോഴും ഇവരടക്കമുള്ള ഇതിഹാസങ്ങള്‍ക്ക് ക്രിക്കറ്റിന്റെ പിതാവ് എന്ന വിളിപ്പേര് ലഭിക്കാതിരിക്കാനുള്ള കാരണം മറ്റൊന്നാണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 44 സീസണ്‍ ചെലവഴിച്ചു എന്നത് തന്നെയാണ് വില്യം ഗില്‍ബെര്‍ട്ട് ഗ്രേസ് എന്ന ഇംഗ്ലണ്ടുകാരനെ ആധുനിക ക്രിക്കറ്റിന്റെ പിതാവായി വാഴ്ത്താനുള്ള പ്രധാന കാരണം. ഇക്കാലയളവില്‍ അദ്ദേഹം കളിച്ചതാകട്ടെ 870 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും.

തന്റെ കരിയറില്‍ വിവ് റിച്ചാര്‍ഡ്‌സ് 507ഉം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 310ഉം ബ്രയാന്‍ ലാറ 261ഉം ഡോണ്‍ ബ്രാഡ്മാന്‍ 234ഉം ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് കളിച്ചത് എന്ന് മനസിലാക്കുമ്പോഴാണ് ഗ്രേസിന്റെ കരിയര്‍ എത്രത്തോളം മഹത്തരമായിരുന്നു എന്ന് മനസിലാകുന്നത്.

ഈ 870 മത്സരങ്ങളില്‍ നിന്നുമായി 39.45 എന്ന ശരാശരിയില്‍ 54,211 റണ്‍സാണ് ഗ്രേസ് തന്റെ പേരില്‍ കുറിച്ചത്. 124 സെഞ്ച്വറിയും 251 അര്‍ധ സെഞ്ച്വറിയുമടക്കമാണ് ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഗ്രേസ് തന്റെ കരിയറിനെ അടയാളപ്പെടുത്തിയത്.

 

ഇതിന് പുറമെ 22 ടെസ്റ്റില്‍ നിന്നും രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും അടക്കം 1098 റണ്‍സും അദ്ദേഹം സ്വന്തമാക്കി.

 

ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും അദ്ദേഹം തന്റെ പ്രതിഭ വ്യക്തമാക്കിയിട്ടുണ്ട്. 870 മത്സരത്തില്‍ നിന്നും 18.49 ശരാശരിയിലും 2.45 എക്കോണമിയിലും 2,809 വിക്കറ്റാണ് ഗ്രേസ് തന്റെ പേരിലെഴുതിച്ചേര്‍ത്തത്. ഫസ്റ്റ് ക്ലാസ് ക്ലാസ് കരിയറില്‍ 240 തവണ അഞ്ച് വിക്കറ്റ് നേടിയ ഗ്രേസ് 64 തവണ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

ടെസ്റ്റിലെ 13 ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റാണ് ഗ്രേസിന്റെ സമ്പാദ്യം.

(മുത്തയ്യ മുരളീധരന്‍ 119 തവണയും ഷെയ്ന്‍ വോണ്‍ 69 തവണയുമാണ് ഫസ്റ്റ് ക്ലാസ് കരിയറില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്)

ഇതിനെല്ലാം പുറമെ ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 876 ക്യാച്ചുകളും തന്റെ പേരിലെഴുതിച്ചേര്‍ത്ത് ക്രിക്കറ്റ് കണ്ട് എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലും ഗ്രേസ് തന്റെ സ്ഥാനം അടിവരയിട്ടുറപ്പിക്കുന്നു.

മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ആദ്യ കാല അംഗമെന്ന നിലയില്‍ ആധുനിക ക്രിക്കറ്റിന്റെ നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് മൂന്ന് സ്റ്റമ്പുകള്‍ ഒരു മാനദണ്ഡമായത്.

ക്രിക്കറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല ഗ്രേസിന്റെ പ്രതിഭ. ചെറുപ്പത്തില്‍ 440 മീറ്റര്‍ ഹര്‍ഡില്‍സ് ചാമ്പ്യനായിരുന്ന അദ്ദേഹം വാണ്ടറേഴ്‌സിന് വേണ്ടി ഫുട്‌ബോള്‍ പോലും കളിച്ചിരുന്നു. ശേഷം ഗോള്‍ഫ്, ലോണ്‍ ബോള്‍സ്, കര്‍ളിങ് എന്നിവയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തനായ താരമാണെങ്കിലും ഗെയിമിലൂടെ പണമുണ്ടാക്കുന്നതിന്റെ പേരില്‍ വിവാദങ്ങളിലും ഉള്‍പ്പെട്ടിരുന്നു.

 

അന്തരിച്ച് 109 വര്‍ഷങ്ങള്‍ക്കിപ്പുറവും ഗ്രേസ് തന്റെ ലെഗസി ഊട്ടിയുറപ്പിക്കുകയാണ്. ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്‌സിന്റെ പ്രവേശന കവാടത്തിന്റെ പേര് ഗ്രേസ് ഗേറ്റ് എന്നാണ്. 150 വര്‍ഷമായി അദ്ദേഹം ക്രിക്കറ്റ് എന്ന ഗെയിമില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഏറ്റവും വലിയ തെളിവും ഇതുതന്നെയാണ്.

 

Content highlight: Story about WG Grace

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.