|

180 മിനിട്ട്, ഒരു ഗോള്‍ ഓണ്‍ ടാര്‍ഗറ്റ് പോലും കണ്‍സീഡ് ചെയ്തിട്ടില്ല; തിയാഗോ സില്‍വ നയിക്കുന്ന ബ്രസീലിയന്‍ പ്രതിരോധത്തിന് പോരിശകളേറെ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിലെ ഗ്രൂപ്പ് ജിയില്‍ സ്വിറ്റസര്‍ലാന്‍ഡിനെതിരായ സൂപ്പര്‍ പോര്‍ട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീല്‍. ഇതോടെ തുടര്‍ച്ചയായ രണ്ടാം വിജയവും പൂര്‍ത്തീകരിച്ച ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യതയുറപ്പിച്ചു.

മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരുന്നിടത്താണ് 83ാം മിനിട്ടില്‍ സൂപ്പര്‍താരം കസെമിറോ തകര്‍പ്പന്‍ ഗോളോടെ ബ്രസീലിനെ മുന്നിലെത്തിച്ചത്.

ഫിനിഷിങ്ങില്‍ നെയ്മറുടെ അഭാവം ബ്രസീലിന് അല്‍പം ക്ഷീണമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ മത്സരം. ഇരുപകുതികളിലും സ്വിറ്റ്സര്‍ലാന്‍ഡ് ഗോള്‍മുഖത്ത് പലവട്ടം പന്തുമായി ബ്രസീലെത്തിയെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു.

എന്നാല്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വ നേതൃത്വം നല്‍കിയ പ്രതിരോധനിര മികച്ച പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവെച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ക്ലീന്‍ഷീറ്റ് ഏറ്റുവാങ്ങിയ പ്രതിരോധനിര സ്വിറ്റ്‌സര്‍ലാന്‍ഡിനല്‍ നിന്നും ഒരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് പോലും കണ്‍സീഡ് ചെയ്തില്ല.

ഇതില്‍ എടുത്തുപറയേണ്ടത് സെന്റര്‍ ഡിഫന്ററായ ക്യാപ്റ്റന്‍ തിയാഗോ സില്‍വയുടെ പെര്‍ഫോമെന്‍സ് തന്നെയാണ്. സ്വിറ്റസര്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തില്‍ 38കാരനായ സില്‍വയുടെ 76 പാസുകളില്‍ 75 എണ്ണവും ശരിയായി പൂര്‍ത്തീകരിക്കാനായി. 93 ശതമാനമാണ് പാസുകളുടെ കൃത്യത.

സെര്‍ബിയക്കെതിരായ മത്സരത്തില്‍ 68ല്‍ 68 പാസും ശരിയായി നല്‍കാന്‍ സില്‍വക്കായിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്നായി ഒരു പാസ് മാത്രമാണ് അദ്ദേഹം നഷ്ടപ്പെടുത്തിയത്.

അതേസമയം, തുടച്ചയായ രണ്ടാം വിജയത്തോടെ ഗ്രൂപ്പ് ജിയല്‍ ബ്രസീല്‍ ഒന്നാമതായി. മാച്ചില്‍ പരാജയപ്പെട്ടങ്കിലും ആദ്യ മത്സരത്തില്‍ കാമറൂണിനോട് വിജയിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് ഗ്രൂപ്പില്‍ രണ്ടാമതാണ്.

ആദ്യ മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയയെ തോല്‍പ്പിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. റിച്ചാര്‍ലിസണിന്റെ ഇരട്ട ഗോളാണ് ബ്രസീലിനെ വിജയിപ്പച്ചത്. ഈ ഗ്രൂപ്പില്‍ തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തില്‍ കാമറൂണ്‍- സെര്‍ബിയ പോരാട്ടം സമനിലയില്‍ കലാശിക്കുകയായിരുന്നു.

Content Highlight: Story about thiago silva led Brazilian super defends