| Monday, 18th January 2021, 5:56 pm

മഹത്തായ ഭാരതീയ അടുക്കളയിലെ 'ദ ഗ്രേറ്റ്' ഉഷചേച്ചി

കവിത രേണുക

ചേച്ചി പൊളിയാണല്ലോ…

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍-മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രത്തില്‍ ആര്‍ത്തവ സമയത്ത് ‘അശുദ്ധിയായി’ മാറിയിരിക്കേണ്ടി വരുന്ന നിമിഷയെ സഹായിക്കാന്‍ അടുത്ത വീട്ടിലെ ചേച്ചിയെത്തുന്ന രംഗമുണ്ട്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടയ്ക്ക് നിമിഷ പറയുന്നതാണ് ചേച്ചി പൊളിയാണല്ലോ എന്ന്.

പൊളിയാവാതെ എങ്ങനെ ജീവിക്കാന്‍ കഴിയുമെന്നാണ് സഹായിക്കാനെത്തുന്ന ഉഷയെന്ന കഥാപാത്രം നിമിഷയോട് തിരിച്ച് പറയുന്നത്.

നിമിഷയെയും സുരാജ് വെഞ്ഞാറമൂടിനെയും അമ്മായി അച്ഛനായി വേഷമിട്ട ടി സുരേഷ് ബാബുവിനെയുമൊക്കെ ചര്‍ച്ച ചെയ്ത് പോകുമ്പോള്‍ തുല്യ പ്രധാന്യത്തോടു കൂടി നോക്കി കാണേണ്ട കഥാപാത്രമാണ് കബനി ഹരിദാസ് അവതരിപ്പിച്ച ഉഷയെന്ന വീട്ടു ജോലിക്കാരിയുടെ കഥാപാത്രം.

സിനിമയില്‍ കുറച്ച് സീനുകളില്‍ മാത്രമേ ഉഷയുള്ളു. കല്യാണം കഴിഞ്ഞ് ചെറുക്കന്റെ വീട്ടിലെത്തുമ്പോള്‍ കുറെ സ്ത്രീകള്‍ വട്ടമിട്ട് സംസാരിക്കുന്നതിനിടയില്‍ അവരുടെ സംഭാഷണങ്ങളിലൊന്നും പങ്കു ചേരാതെ ഗ്ലാസുകള്‍ എടുത്ത് പോകുന്നതാണ് ഉഷയുടെ ആദ്യ സീന്‍.

പിന്നീട് കാണുന്നത്, താന്‍ പിരീഡ്‌സ് ആയെന്ന് നിമിഷ സുരാജിനോട് പറയുമ്പോള്‍ ബ്രേക്ക് ഫാസ്റ്റ് പുറത്ത് നിന്ന് വാങ്ങാം, ഉച്ചയ്ക്കത്തെ ഭക്ഷണം ഉഷ വന്ന് ഉണ്ടാക്കിക്കോളും എന്ന് പറയുമ്പോഴാണ്.

നിമിഷ ‘ആചാരപ്രകാരം’ അടുക്കളയില്‍ കയറാനാകാതെ അകത്ത് ഇരിക്കുമ്പോള്‍ ഉഷ വന്ന് അടിച്ചു തുടയ്ക്കുന്ന സീനുണ്ട്. ആ സമയത്ത് നിമിഷ കൂടി മുറി തുടയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ‘അയ്യോ ഈ സമയത്ത് ഇത്….’ എന്ന് പറഞ്ഞ് ഉഷ സംശയം പ്രകടിപ്പിക്കുമ്പോള്‍ ‘ഓ പിന്നെ എന്ത് സമയം’ എന്ന് നിമിഷ തിരിച്ച് ചോദിക്കുന്നുണ്ട്.

ആ സമയത്താണ് നിമിഷയും അടുക്കള ജോലി ചെയ്യാനെത്തുന്ന കീഴ്ജാതിയെന്ന് വിളിക്കപ്പെടുന്ന ഒരു സമുദായത്തില്‍ പെടുന്ന ഉഷയും തമ്മിലുള്ള സംഭാഷണങ്ങളുണ്ടാകുന്നത്.

നിമിഷയുടെ കഥാപാത്രം പുറത്താവല്‍ പ്രക്രിയയെ അത്ര ഗൗനിക്കുന്ന ആളല്ല എന്ന് മനസിലാക്കുന്ന ഘട്ടത്തിലാണ് ഉഷ തുറന്ന് സംസാരിക്കാന്‍ തുടങ്ങുന്നത്.

ഞാന്‍ പിരീഡ്‌സ് ആയാലും അടുക്കള പണിയ്ക്ക് പോകും. മാസം മൂന്ന് നാല് ദിവസം പണിക്ക് പോകാണ്ടിരുന്നാല്‍ ആര് തിന്നാന്‍ തരാനാ? എനിക്ക് ഇതൊക്കെ ഉണ്ടോ എന്ന് നോക്കാനാരാ? എന്ന് ഉഷ പറയുമ്പോള്‍ അത്ഭുതത്തോടെ, അതിലേറെ സന്തോഷത്തോടെ ചേച്ചി പൊളിയാണല്ലോ എന്നാണ് നിമിഷയുടെ കഥാപാത്രം ചോദിക്കുന്നത്.

പൊളിയാവാതെ ജീവിക്കാന്‍ പറ്റില്ലെന്ന് പറയുന്നിടത്താണ് ഉഷയുടെ കഥാപാത്രത്തിന്റെ കരുത്ത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ആ

മക്കളെ പഠിപ്പിക്കണമെങ്കില്‍ പണിക്ക് പോയേ പറ്റൂ വെന്നും അതിന് ആര്‍ത്തവത്തിന്റെ ആചാരം നോക്കിനിന്നാല്‍ സാധിക്കില്ലെന്നുമാണ് ഉഷ പറയുന്നത്.

അടുത്ത തവണയും നിമിഷ പീരിഡ് ആയി ഇരിക്കുമ്പോള്‍ ഉഷ വന്ന് സഹായിക്കുന്നുണ്ട്. പാട്ടു പാടിക്കൊണ്ടാണ് ഉഷ നിലം തുടയ്ക്കുന്നത്. ആചാരവും പ്രിവിലേജും കൂടി കലര്‍ന്ന് മനുഷ്യര്‍ക്ക് മേല്‍ (പ്രത്യേകിച്ച് സ്ത്രീകളില്‍) മതില്‍ക്കെട്ട് പണിയുമ്പോഴാണ് പരീഡ്‌സ് ആയാലും പണിക്ക് പോകും, ഇല്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തെ നമുക്ക് മുന്നിലേക്ക് ഉഷ കൊണ്ട് വരുന്നത്.

പണ്ടൊക്കെ ഈ വീടിന്റെ അകത്തളങ്ങളിലേക്ക് ഞങ്ങളെ കയറ്റില്ലായിരുന്നു, പുറം പണി മാത്രമേ ചെയ്യിക്കൂ എന്ന് പറയുന്നതിലൂടെ സാംസ്‌കാരിക കേരളത്തിന്റെ ജീര്‍ണതകളെ കൂടിയാണ് ഉഷ കാണിച്ച് തരുന്നത്.

സ്ഥിരം സിനിമകളില്‍ കാണുന്ന വീട്ടു ജോലിക്കാരിയല്ല ഉഷ. ജീവിത പ്രശ്‌നത്തിനപ്പുറമല്ല ഒരു ആചാരവും എന്ന് വ്യക്തമായ ബോധ്യമുള്ളയാളാണ്.

സാധാരണ വാര്‍പ്പു മാതൃകകളെ പൊളിക്കുന്ന കഥാപാത്ര സൃഷ്ടിയാണ് ഈ സിനിമയില്‍ ഉഷയുടേത്. അധികമെവിടെയും കണ്ട് പരിചയമില്ലാത്ത വീട്ടു ജോലിക്കാരി.

വീട്ടു ജോലിക്കാരിയായി വേഷമിട്ട കബനി, നിമിഷ, ഭര്‍ത്താവും മകനുമറിയാതെ നിമിഷയോട് ജോലിയ്ക്ക് പോയ്‌ക്കോളാന്‍ പറയുന്ന സുരാജിന്റെ അമ്മ, മകള്‍ കഷ്ടപ്പെട്ടാലും തറവാടിത്തത്തെക്കുറിച്ച് പറയുന്ന നിമിഷയുടെ അമ്മ, അടിവസ്ത്രം പുറത്ത് ഉണങ്ങാനിട്ടതിന് ശാസിക്കുന്ന സുരാജിന്റെ അച്ഛന്റെ പെങ്ങള്‍ തുടങ്ങി സമൂഹത്തിലെ നിരവധി തട്ടില്‍ നില്‍ക്കുന്ന സ്ത്രീകളെ സിനിമയില്‍ ഒരുമിച്ച് കാണിക്കുന്നുണ്ട്.

ഇന്ന് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയങ്ങളിലൊന്നായി മാറിയിരിക്കുന്ന ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ മനുഷ്യര്‍ക്ക്, പ്രധാനമായും സ്ത്രീകള്‍ക്ക് സമൂഹം കല്‍പ്പിച്ചു കൊടുത്ത മഹത്തായ അടുക്കളയെക്കുറിച്ച് സംസാരിക്കുകയും ഒരുപാട് തുറന്നെഴുത്തുകഴുത്തുകള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Story about the character Usha in the movie The Great Indian Kitchen

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more