ടെന്നീസ് ലോകത്ത് അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ തന്റേതായ സ്ഥാനം കെട്ടിപ്പടുത്തുയര്‍ത്തിയ ഇന്ത്യന്‍ ഇതിഹാസതാരമാണ് രോഹന്‍ ബൊപ്പണ്ണ.
2023ല്‍ ലോക ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ബൊപ്പണ്ണക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രോഹന്‍ ബോപ്പണ്ണ-മാത്യു എബ്ഡന്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ ടോമസ് മച്ചാക്ക്-ചൈനയുടെ ഷാങ് ഷിഷെന്‍ സഖ്യത്തെ പരാജയപ്പെടുത്തി യായിരുന്നു ബൊപ്പണ്ണയും മാത്യു എബ്ഡനും ഫൈനലിലേക്ക് കാലെടുത്തുവെച്ചത്.
ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടവും രോഹന്‍ സ്വന്തം പേരിലാക്കി മാറ്റി. ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായം കൂടിയ ഒന്നാം നമ്പര്‍ താരമെന്ന ചരിത്ര നേട്ടമാണ് ബൊപ്പണ്ണ സ്വന്തം പേരില്‍ കുറിച്ചത്.
തന്റെ നാല്പത്തി മൂന്നാം വയസിലാണ് രോഹന്‍ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 41 വയസ്സുള്ള യു.എസ് താരം മൈക്ക് ബ്രയാന്‍ ആയിരുന്നു ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
രോഹന്‍ ബൊപ്പണ്ണയുടെ ടെന്നീസിലേക്കുള്ള യാത്ര പരിശോധിക്കുകയാണെങ്കില്‍ ഏറെക്കാലം പിന്നോട്ടു കടക്കണം. തന്റെ പതിനൊന്നാം വയസ് മുതലാണ് രോഹന്‍ ടെന്നീസ് കളിക്കാന്‍ തുടങ്ങുന്നത്. തന്റെ പത്തൊമ്പതാം വയസില്‍ രോഹന്‍ ഒരു പ്രൊഫഷണല്‍ താരമായി വളരുകയും 2002ല്‍ ഇന്ത്യയുടെ ഡേവിസ് കപ്പില്‍ ഇടം നേടുകയും ചെയ്തു. ഈ ടൂര്‍ണമെന്റാണ് ബൊപ്പണ്ണയുടെ ടെന്നീസ് കരിയര്‍ തന്നെ മാറ്റിമറിച്ചത്.
തുടര്‍ന്ന് 2006ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഗ്രാന്‍ഡ് സ്ലാമില്‍ ബൊപ്പണ്ണ അരങ്ങേറ്റം കുറിക്കുകയും അതേ വര്‍ഷം തന്നെ നടന്ന വിംബിള്‍ഡണിലും ഫ്രഞ്ച് ഓപ്പണിലും പങ്കെടുക്കാനും ബൊപ്പണ്ണക്ക് സാധിച്ചു. എന്നാല്‍ സിംഗിള്‍സില്‍ ബൊപ്പണ്ണക്ക് മികച്ച പ്രകടനങ്ങള്‍ ഒന്നും പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.
ടെന്നീസില്‍ പിന്നീട് ഡബിള്‍സില്‍ ആണ് ബൊപ്പണ്ണ തന്റെ കഴിവുകള്‍ ലോകത്തിനുമുന്നില്‍ തുറന്നുകാട്ടിയത്. രണ്ട് വര്‍ഷത്തിനപ്പുറം 2008ല്‍ എറിക് ബ്യൂട്ടോറക്കിനൊപ്പം തന്റെ ആദ്യ എ.ടി. പി ടൂര്‍ കിരീടം ബൊപ്പണ്ണ നേടി. അതേ വര്‍ഷം തന്നെ നടന്ന യു.എസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്താനും ബൊപ്പണ്ണക്ക് സാധിച്ചു. 2013ല്‍ ഒരു ചരിത്ര നേട്ടവും ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സ്വന്തമാക്കി. ടെന്നീസ് ഡബിള്‍സില്‍ ലോക മൂന്നാം നമ്പര്‍ സ്ഥാനം എന്ന ചരിത്ര നേട്ടമാണ് ബൊപ്പണ്ണ സ്വന്തമാക്കിയത്.
2017ലാണ് ഫ്രഞ്ച് ഓപ്പണില്‍ ബോപ്പണ്ണ തന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്നത്. ഗബ്രിയേല ഡബ്രോവ്സ്‌കിക്കൊപ്പം മിക്സഡ് ഡബിള്‍സിലായിരുന്നു താരത്തിന്റെ ഈ നേട്ടം. മഹേഷ് ഭൂപതി , ലിയാണ്ടര്‍ പേസ് , സാനിയ മിര്‍സ എന്നീ താരങ്ങള്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡിലേക്ക് നടന്നുകയറാനും സ്വന്തം ബോപ്പണ്ണക്ക് സാധിച്ചു.
2023 ലെ യു.എസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സ്വന്തമാക്കിയിരുന്നു. തന്റെ നാല്പത്തി മൂന്നാം വയസില്‍ ആയിരുന്നു ബോപ്പണ്ണ ഈ നേട്ടത്തിലെത്തിയത്.
അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷണല്‍സ് (എ.ടി.പി) ടൂറില്‍ 24 ഡബിള്‍സ് കിരീടങ്ങളാണ് ബൊപ്പണ്ണയുടെ ഷെല്‍ഫില്‍ ഉള്ളത്. ഇതില്‍ അഞ്ച് മാസ്റ്റേഴ്‌സ് 1000 ലെവലിലാണ് ഉള്‍പ്പെടുന്നത്.
2024ലെ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ പുരുഷ ഡബിള്‍സ് ഫൈനല്‍ ശനിയാഴ്ചയാണ് നടക്കുക. ഇറ്റാലിയന്‍ ജോഡിയായ ആന്‍ഡ്രിയ വാവസോറി-സിമോണ്‍ ബൊലെല്ലി സഖ്യത്തെയാണ് ബൊപ്പണ്ണ-എബ്ഡന്‍ സഖ്യം നേരിടുക.