സാമ്യതകളേറെ, ആ കിരീടം രണ്ടാം തവണയും രാജസ്ഥാനിലെത്തി, ഇനിയെത്തേണ്ടത് ഐ.പി.എല്‍ കിരീടം; സഞ്ജുവിനും കൂട്ടര്‍ക്കും ആവേശമായി പിങ്ക് ടീം
Sports News
സാമ്യതകളേറെ, ആ കിരീടം രണ്ടാം തവണയും രാജസ്ഥാനിലെത്തി, ഇനിയെത്തേണ്ടത് ഐ.പി.എല്‍ കിരീടം; സഞ്ജുവിനും കൂട്ടര്‍ക്കും ആവേശമായി പിങ്ക് ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th December 2022, 4:32 pm

ഐ.പി.എല്‍ 2023ന്റെ മിനി ലേലം കൊച്ചിയില്‍ വെച്ച് നടക്കാനിരിക്കുകയാണ്. ഏറെ ആവേശത്തോടെയാണ് എല്ലാ ടീമുകളും ആരാധകരും മിനി ലേലത്തെ നോക്കിക്കാണുന്നത്. ഇതിനോടകം തന്നെ സ്‌റ്റേബിളായ ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഏതൊക്കെ താരങ്ങളെ ടീമിലെത്തിക്കുമെന്നറിയാനാണ് ഓരോ ടീമിന്റെയും ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഈ മിനി ലേലത്തെ ഏറെ പ്രതീക്ഷയോടെയാണ് രാജസ്ഥാന്‍ റോയല്‍സും നോക്കിക്കാണുന്നത്. ടീമിന്റെ സ്ട്രാറ്റജി വ്യക്തമാക്കേണ്ട ദിവസങ്ങളാണ് ഇപ്പോള്‍ കടന്നുപോകുന്നത്. 13.2 കോടി രൂപക്ക് നാല് വിദേശതാരങ്ങളെയടക്കം ഒമ്പത് താരങ്ങളെയാണ് രാജസ്ഥാന് ടീമിലെത്തിക്കേണ്ടത്.

എന്നാല്‍ ലേലത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ ഏറെ ആവേശമുണര്‍ത്തുന്ന ഒരു കിരീട നേട്ടമാണ് പിങ്ക് സിറ്റിയിലെത്തിയിരിക്കുന്നത്. റോയല്‍സിന്റെ ഐ.പി.എല്‍ യാത്രയുമായി സാമ്യമുള്ള ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സാണ് പ്രോ കബഡിയുടെ കിരീടം വീണ്ടും രാജസ്ഥാനിലെത്തിച്ചിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിനെ പോലെ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന സീസണില്‍ ചാമ്പ്യന്‍മാരായ ടീമാണ് ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്. ഇന്ത്യയുടെ സ്റ്റാര്‍ ഡിഫന്‍ഡര്‍മാരില്‍ പ്രധാനിയായ നവ്‌നീത് ഗൗതമിന്റെ നേതൃത്വത്തിലായിരുന്നു പിങ്ക് പാന്തേഴ്‌സ് 2014ലെ ആദ്യ സീസണില്‍ കളത്തിലിറങ്ങിയത്.

നവ്‌നീത് ഗൗതമിനൊപ്പം രോഹിത് റാണയുള്‍പ്പെടെയുള്ള താരങ്ങള്‍ ഡിഫന്‍സില്‍ കരുത്തായപ്പോള്‍ ജസ്‌വീര്‍ സിങ്ങും മനീന്ദര്‍ സിങ്ങും അടങ്ങുന്നവരായിരുന്നു ടീമിന്റെ റെയ്ഡിങ് നിരയെ മുന്നില്‍ നിന്നും നയിച്ചത്.

ഫൈനലില്‍ ‘ടോ ടച്ച് കേ ഷഹന്‍ഷാ’ എന്നറിയപ്പെട്ട റെയ്ഡിങ് മാന്ത്രികന്‍ അനൂപ് കുമാറിന്റെ നേതൃത്വത്തിലിറങ്ങിയ യു മുംബയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു പിങ്ക് പാന്തേഴ്‌സ് ആദ്യ കിരീടം സ്വന്തമാക്കിയത്. ഐ.പി.എല്ലിലേക്ക് വരികയാണെങ്കില്‍ സ്ട്രാറ്റജിയിലും കളി മികവിലും അനൂപിന്റെ കൗണ്ടര്‍പാര്‍ട്ട് എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ധോണിയെ ആണ് ആര്‍.ആര്‍. പരാജയപ്പെടുത്തിയത്.

ആദ്യ മത്സരത്തില്‍ തന്നെ തോറ്റുകൊണ്ടായിരുന്നു പിങ്ക് പാന്തേഴ്‌സ് സീസണ്‍ ആരംഭിച്ചത്. രാജസ്ഥാന്‍ റോയല്‍സും തോല്‍വിയോടെയാണ് ഐ.പി.എല്‍ ക്യാമ്പെയ്‌നിന് തുടക്കം കുറിച്ചത്.

തങ്ങളുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയില്‍ വെച്ച് നടന്ന രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സായിരുന്നു വോണിനെയും സംഘത്തെയും തോല്‍പിച്ചത്.

പ്രോ കബഡിയില്‍ യു മുംബയായിരുന്നു പിങ്ക് പാന്തേഴ്‌സിനെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. മുംബൈയുടെ ഹോം ഗ്രൗണ്ടായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയമാണ് മത്സരത്തിന് സാക്ഷിയായത്.

രാജസ്ഥാന്‍ റോയല്‍സിനെ പോലെ ആദ്യ കിരീടം സ്വന്തമാക്കിയ ശേഷം ഒറ്റ തവണ മാത്രമാണ് പിങ്ക് പാന്തേഴ്‌സ് ഫൈനലില്‍ കടന്നത്. രാജസ്ഥാന്‍ റോയല്‍സ് ഹര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റപ്പോള്‍ സന്ദീപ് നര്‍വാളിന്റെ പാട്‌ന പൈറേറ്റ്‌സിനോട് തോല്‍ക്കാനായിരുന്നു പിങ്ക് പാന്തേഴ്‌സിന്റെ വിധി.

ഇതിന് ശേഷം പ്രോ കബഡി 2022ല്‍ പിങ്ക് പാന്തേഴ്‌സ് വിജയ കിരീടം ചൂടിയായിരിക്കുകയാണ്. പൂണേരി പള്‍ട്ടാനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു പിങ്ക് സിറ്റിയുടെ വിജയക്കുതിപ്പ്.

ഈ വിജയം രാജസ്ഥാന്‍ റോയല്‍സിന് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. അടുത്ത സീസണില്‍ സഞ്ജുവിനും കൂട്ടര്‍ക്കും കപ്പുയര്‍ത്താനുള്ള പ്രചോദനം സ്വന്തം മണ്ണില്‍ നിന്നുള്ള മറ്റൊരു ടീം തന്നെ നല്‍കുന്നതിനാല്‍ റോയല്‍സിന്റെ പ്രതീക്ഷകളും വാനോളമാണ്.

 

Content highlight: Story about Rajasthan Royals and Jaipur Pink Panthers