| Monday, 10th July 2023, 3:00 pm

മനുഷ്യന്‍ എന്ന നിലയില്‍ ഒസ്സാ കാക്കയുടെ ജീവിതം

കെ.എ സൈഫുദ്ദീന്‍

വഴിയരികുകളില്‍ ബ്യൂട്ടി പാര്‍ലര്‍” എന്ന ബോര്‍ഡ് കാണുമ്പോഴൊക്കെ “ഒസ്സാ കാക്കാ”യെ ഓര്‍ത്തുപോകും. ഒരായുസ്സിന്റെ നീളവും വീതിയുമത്രയും നാട്ടുകാരുടെ മുടിയും താടിയും മുഖവും വെടിപ്പാക്കാന്‍ വിനിയോഗിച്ചിട്ടും അയാള്‍ക്ക് ഒരു പേരില്ലായിരുന്നു. അല്ലെങ്കില്‍, ഒരു പേരില്‍ ആ മനുഷ്യന്‍ ഒരിക്കലും അറിയപ്പെട്ടിരുന്നില്ല.

അയാള്‍ മുകളിലേക്ക് നോക്കുമായിരുന്നില്ല. എപ്പോഴും എന്തോ കളഞ്ഞുപോയപോലെ കാക്കാ നിലത്തുനോക്കി നടന്നു.ആരുടെയും മുഖത്ത് അയാള്‍ നോക്കുമായിരുന്നില്ല. അതിന്റെ ആവശ്യം കാക്കായ്ക്ക് ഉണ്ടായിരുന്നില്ല.

എല്ലാവരും കാക്കായുടെ മുന്നില്‍ മുഖവും തലയും കുനിച്ചിരുന്നുകൊടുക്കുമായിരുന്നു. ആ നേരം കാക്കായുടെ തലയും അവര്‍ക്കു മുകളിലായി കുനിഞ്ഞ് തന്നെ നില്‍ക്കും.അല്‍പനേരത്തെ അനുസരണത്തിന് ശേഷം ബാര്‍ബര്‍ ഷോപ്പില്‍ നിന്നിറങ്ങി അവര്‍ നീട്ടുന്ന ചുട്ട നോട്ടങ്ങളെ നേരിടാന്‍ കെല്‍പ്പില്ലാത്തതുകൊണ്ടാവും കാക്കായുടെ ശിരസ് താഴ്ന്നുതന്നെയിരുന്നത്.

പ്രധാന നിരത്തില്‍ നിന്നകന്ന ഒരു പറമ്പിന്റെ മൂലയിലായിരുന്നു കാക്കായുടെ ബാര്‍ബര്‍ ഷോപ്പ്. എല്ലാ അര്‍ത്ഥത്തിലും ഒരു ചെറ്റപ്പുര. കാക്കായ്‌ക്കെന്നപോലെ ആ ബാര്‍ബര്‍ ഷാപ്പിനും പേരില്ലായിരുന്നു.രസം മങ്ങിയ വലിയൊരു കണ്ണാടി. അതിന് മുന്നില്‍ അല്‍പം ഉയരമുള്ള ചാഞ്ചാടുന്ന കസേര. ഒടിഞ്ഞ കാലില്‍ പട്ടിക കഷണത്തിന്റെ താങ്ങില്‍ ഉയര്‍ത്തി നിര്‍ത്തിയ പൂട്ടില്ലാത്ത ഒരു മേശ.

സത്യത്തില്‍ ആ മേശയില്‍ പൂട്ടിവെയ്ക്കാന്‍ കാക്കായ്ക്ക് ഒന്നുമില്ലായിരുന്നു. മൂര്‍ച്ചയില്ലാത്തതിനാല്‍ മുടി വലിച്ചുപറിക്കുന്ന വേദന തരുന്ന, കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന വിചിത്രമായ ഒരു യന്ത്രവും ഒന്ന് രണ്ട് കത്രികകളും മൂര്‍ച്ചയില്ലാത്ത ഒരു കത്തിയും അത് തേച്ച് മിനുസപ്പെടുത്താന്‍ ഉപയോഗിക്കുന്ന നീണ്ട ഒരു തോല്‍ ബെല്‍റ്റും, കൊക്കിന്റെ കഴുത്തുപോലെ പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന ഒരു കുപ്പിയും ഒഴികെ മറ്റൊന്നും.

ക്രിച്ചി… ക്രിച്ചി… ക്രിച്ചി… എന്ന ശബ്ദം പുറപ്പെടുവിക്കുന്ന ആ യന്ത്രത്തിന്റെ പേര് ഇന്നും അറിയില്ല. പക്ഷേ, കുട്ടികള്‍ അതിനെ ആ ശബ്ദത്തില്‍ തന്നെ വിളിച്ചു. ക്രിച്ചി…ക്രിച്ചി… ക്രിച്ചി…

സോഷ്യലിസ്റ്റ് ചേരി…

അത്രയൊന്നും വൃത്തിയും വെടിപ്പുമില്ലാത്ത ആ ബാര്‍ബര്‍ ഷോപ്പില്‍ കയറിയിറങ്ങിയെങ്കിലേ പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ സുന്ദരന്മാരായി നാട്ടില്‍ വിലസാനാകുമായിരുന്നുള്ളു. ആ അര്‍ത്ഥത്തില്‍ ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനമായിരുന്നു കാക്കായുടെ ബാര്‍ബര്‍ ഷോപ്പ്. അതിരാവിലെ നിലത്തുനോക്കി നടന്ന് കാക്കാ ബാര്‍ബര്‍ ഷോപ്പിലത്തെും. ഒരു ചായ കുടിച്ചുകൊണ്ട് ആരോടും മിണ്ടാതെ അയാള്‍ ഓരോരുത്തരെയായി വെടിപ്പാക്കി തുടങ്ങും.

അതിനിടിയില്‍ എപ്പോഴോ ഉച്ചയാകും. ഊണിന്റെ സമയവും തിരക്കും നോക്കി കാക്കാ കടയില്‍നിന്നിറങ്ങും. പള്ളിമുറ്റത്തുകൂടി വേണമായിരുന്നു കാക്കായ്ക്ക് വീട്ടിലേക്ക് പോകാന്‍.
ആളൊഴിഞ്ഞ പള്ളിയില്‍നിന്ന് കാക്കാ നിസ്‌കരിക്കുന്നത് പലപ്പോഴും ഞങ്ങള്‍ കണ്ടിട്ടുണ്ട്.

വീണ്ടും സന്ധ്യയാകുന്നതുവരെ കടയില്‍ കാക്കായ്ക്ക് തിരക്കോട് തിരക്കുതന്നെ. അതിനിടയില്‍ കത്തിയും കത്രികയുമെടുത്ത് കാക്കാ ചില വീടുകളിലേക്ക് പോകും. അവിടെ പറമ്പില്‍ കസേരയിട്ടിരിക്കുന്ന ചില കാരണവന്മാരുടെ മുന്നിലിരുന്നു കാക്കാ മുടിയും താടിയും മീശയുമൊക്കെ വെടിപ്പാക്കും. കക്ഷങ്ങളിലെ വന്യമായ കാടുകള്‍വരെ കാക്കായെകൊണ്ട് അവര്‍ വെടിപ്പാക്കിക്കുന്നത് ദൂരെ നിന്ന് കണ്ടിട്ടുണ്ട്.

എല്ലാ വെള്ളിയാഴ്ചയും രാവിലെ കാക്കാ ആദ്യമത്തെുക കടയിലല്ല. പള്ളിമുറ്റത്താണ്. മിമ്പറില്‍ കയറി ഖുതുബ പറയാന്‍ മുസ്ല്യാര്‍ക്ക് താടിയൊതുക്കി മീശ വരിയാക്കി ആത്മവിശ്വാസത്തിന് ആക്കം കൂട്ടിയിട്ടേ കാക്കാ മറ്റുള്ളവരുടെ തലയില്‍ കത്തി തൊടുവിക്കൂ.

നാട്ടിലെ ഓരോരുത്തരുടെയും തലയുടെ അളവും വളവും പാകവും അയാള്‍ക്ക് മനപ്പാഠമായിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും അതേ ചരിവളവുകളിലൂടെ കാക്ക വെട്ടി വെട്ടി മുന്നേറി.

കാക്കായുടെ മക്കള്‍ പത്രത്തില്‍ നിന്ന് വെട്ടിയെടുത്ത് ചെറ്റയില്‍ പതിപ്പിച്ച പ്രേം നസീറിന്റെയും ജയന്റെയും ഹെയര്‍ സ്‌റ്റൈല്‍ നോക്കി അങ്ങനെ വേണമെന്ന് ആരും ആവശ്യപ്പെട്ടതായി ഓര്‍മയില്ല. കാരണം, എല്ലാവര്‍ക്കും കാക്കാ തീരുമാനിക്കുന്നതായിരുന്നു ഹെയര്‍ സ്‌റ്റൈല്‍.

ഒന്നര രൂപയായിരുന്നു മുടിവെട്ട് കൂലി എന്ന് തോന്നുന്നു. കാക്കായെ കാണാന്‍ തുടങ്ങിയ കാലം മുതല്‍ അയാള്‍ക്ക് ഒരേ രൂപമായിരുന്നു. ചെവിയുടെ ഇരുവശത്തേക്കുമായി ഇറങ്ങിക്കിടക്കുന്ന അലസമായ നരച്ച മുടി. കേതിയൊതുക്കിയാലും നേരെയാവാതെ കിടക്കുന്ന മുടി. അല്‍പം കോങ്കണ്ണുമുണ്ടായിരുന്നു അയാള്‍ക്ക്.

ഒരിക്കല്‍മാത്രം മുന്‍പന്തിയില്‍…

എല്ലാവരുടെയും മുടിവെട്ടിക്കൊടുക്കുന്ന കാക്കായുടെ മുടി ആരാണ് വെട്ടുന്നത്?

ഞങ്ങള്‍ പലപ്പോഴും സംശയിച്ചിട്ടുണ്ട്. അത് കണ്ടുപിടിച്ചത് കൂട്ടത്തില്‍ ഒരുത്തന്‍. ഒരു ഉച്ചകഴിഞ്ഞ നേരത്ത്, കടയില്‍ തിരക്കില്ലാതിരുന്ന സമയത്ത് കാക്കാ കത്രികയെടുത്ത് പൊട്ടുവീണ കണ്ണാടിയില്‍ അവ്യക്തമായി തെളിയുന്ന സ്വന്തം തലയുടെ തിരിഞ്ഞ പ്രതിബിംബം നോക്കി മുടി മെല്ലെ മെല്ലെ മുറിച്ചു മാറ്റി.

മറ്റുള്ളവരുടെ മുടി നിരയൊപ്പിച്ച് വെട്ടിവെടിപ്പാക്കുന്ന കാക്കായുടെ കൈകളെ സ്വന്തം തലമുടി തെല്ലും അനുസരിച്ചില്ലെന്നു തോന്നി. അതുകൊണ്ടായിരിക്കണം വളര്‍ന്നു പടര്‍ന്നപ്പോള്‍ അനുസരണക്കേടോടെ അത് അയാളുടെ തോളൊപ്പം അലസമായി കിടന്നത്.

കാക്കായ്ക്ക് വീട് നിറച്ചു മക്കളായിരുന്നു. എല്ലാവരും സുന്ദരന്മാരും സുന്ദരിമാരും. അവരില്‍ രണ്ടുപേര്‍ ഞങ്ങളുടെ കളിക്കൂട്ടുകാര്‍. ഏപ്രില്‍, മേയ് മാസങ്ങളില്‍ കാക്കായ്ക്ക് തിരക്കേറും. പള്ളിക്കൂടത്തിന് താഴ് വീണ ആ നാളുകളിലാണ് ഏറ്റവും കൂടുതല്‍ സുന്നത്ത് കല്ല്യാണങ്ങള്‍ നടക്കുക. മാര്‍ക്ക കല്ല്യാണമെന്നും അതിന് പേരുണ്ട്.

രണ്ടുമൂന്നുപേര്‍ ബലാല്‍ക്കാരമായി പിടിച്ചിരുത്തി കൊടുക്കുമ്പോള്‍, കന്നുകാലികളെ അറുക്കുന്നതിന് സമാനമായ അന്തരീക്ഷത്തില്‍, ഉച്ചത്തില്‍ ഉയരുന്ന മന്ത്രോച്ഛാരണങ്ങള്‍ക്കിടയിലൂടെ കാക്കാ ഒരു ചവണയും കത്രികയും ഉപയോഗിച്ച് അഗ്രചര്‍മം മുറിച്ചുമാറ്റും.

അഗ്രചര്‍മ്മങ്ങളുടെ വളയങ്ങളെല്ലാം പൊതിഞ്ഞുകെട്ടി കാക്കാ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് നാട്ടില്‍ ഒരു കഥ തന്നെയുണ്ടായിരുന്നു.

ഈ മാര്‍ക്ക കല്ല്യാണങ്ങള്‍ക്ക് പള്ളിയില്‍നിന്ന് മുസ്‌ല്യാരും പരിവാരങ്ങളുമത്തെും. അവരാണ് മന്ത്രങ്ങള്‍ ഉച്ചത്തില്‍ ഓതുക.

പക്ഷേ, ആ സന്ദര്‍ഭത്തിലൊഴികെ മറ്റൊരിക്കലും കാക്കായ്ക്ക് മുസ്ല്യാരെക്കാള്‍ മുന്‍പന്തിയില്‍ സ്ഥാനം കിട്ടിയിട്ടില്ല.

ജാതിയും വേര്‍തിരിവുകളും ഇല്ലെന്ന് ചെറുതിലേ പഠിച്ചുവളര്‍ന്ന മതത്തില്‍ പോലും ഒസ്സാന്‍ മറ്റൊരു ജാതിയാണെന്ന് അന്ന് മനസ്സിലായി.

അഞ്ചാം ക്ലാസിലെ വേനലവധി കാലത്ത് കാക്കായും മുസ്ല്യാരും പരിവാരങ്ങളും ഞങ്ങളുടെ വീട്ടുമുറ്റത്തുമത്തെി. ഓടിച്ചിട്ട് പിടിച്ചാണ് എന്നെ കാക്കായുടെ കത്രിക പൂട്ടിലേക്ക് കൊണ്ടുവന്നത്. അപ്പോള്‍ ശരിക്കും ഒരു അറവ്മൃഗത്തെപ്പോലെ ഞാന്‍ മുക്രയിടുന്നുണ്ടായിരുന്നു.എന്താണ് സംഭവിക്കുന്നതെന്നറിയുന്നതിന് മുമ്പ് കാക്കാ പണി പറ്റിച്ചു. രണ്ടാമൂഴത്തില്‍ അനിയന്‍ ബോധം കെട്ടു വീഴുന്നതാണ് കണ്ടത്.

പിന്നെ കാക്കാ വീട്ടില്‍ വന്നിട്ടില്ല. എല്ലാ വീട്ടിലും കാക്കായ്ക്ക് രണ്ടാമതൊരൂഴമില്ലെന്ന് തോന്നി. മൂന്ന് ദിവസം കൂടുമ്പോള്‍ കാക്കായുടെ മകന്‍ ബഷീര്‍ക്ക വീട്ടില്‍ വരും. മുറിവുകള്‍ ഡെറ്റോള്‍ ഒഴിച്ച ചൂടുവെള്ളത്തില്‍ കഴുകി വെടിപ്പാക്കി പോകും.

മൂന്നാഴ്ച കഴിഞ്ഞ് പള്ളിയില്‍ പോകാനൊരുങ്ങുമ്പോഴും കാക്കായെ മാത്രം കണ്ടില്ല. കാക്കയ്ക്കുള്ള പാരിതോഷികം ബഷീര്‍ക്കയുടെ കൈയില്‍ കൊടുത്തുവിട്ടു. അപ്പോഴും കാക്കാ കടയില്‍ അവസാനിക്കാത്ത പണിത്തിരക്കിലായിരുന്നു.

ഏപ്രില്‍ ഒന്ന് എന്ന മാരണം…

അത് ഹര്‍ത്താല്‍ കണ്ടുപിടിക്കാത്ത കാലമായിരുന്നു. ആകെയുള്ളത് വല്ലപ്പോഴും വരുന്ന ബന്ദ് മാത്രം. ബന്ദുകളെ കാക്കാ ഒട്ടും പേടിച്ചില്ല. എല്ലാ ബന്ദിലും കാക്കായുടെ പൂട്ടും താഴുമില്ലാത്ത കട തുറന്നുപ്രവര്‍ത്തിച്ചു.

കാക്കായുടെ കടയില്‍ കയറി താടിയും മുടിയും വെടിപ്പാക്കി വിപ്ലവത്തിന് വീര്യം കൂട്ടി ബന്ദുകാര്‍ മറ്റു കടകള്‍ അടയ്ക്കാന്‍ തിടുക്കപ്പെട്ട് ഇറങ്ങിപ്പോന്നു. ആശുപത്രികളെ പോലെ കാക്കായുടെ ബാര്‍ബര്‍ ഷോപ്പിനെയും അവര്‍ ബന്ദില്‍ നിന്നൊഴിവാക്കി.

ഹര്‍ത്താലും ബന്ദുമൊന്നും പേടിച്ചിട്ടില്ലാത്ത കാക്ക പക്ഷേ, ഏപ്രില്‍ ഫൂളുകളെ പേടിച്ചു. എല്ലാ ഏപ്രില്‍ ഒന്നിനും കാക്കാ അതിരാവിലെ ആശങ്കകളോടെ കടയിലേക്ക് വെച്ചുപിടിച്ചു.

രസം മാഞ്ഞ കണ്ണാടിയും ആടിയുലയുന്ന കസേരയുമെല്ലാം റോഡിന് നടുവില്‍ മറ്റൊരു ബാര്‍ബര്‍ ഷോപ്പിന്റെ വിചിത്രമായ രൂപത്തില്‍ അണിനിരന്നിരിക്കുന്നത് ദെണ്ണത്തോടെ കാക്കാ നോക്കി നിന്നിട്ടുണ്ട്. ആരോടും പരാതിയോ പരിഭവമോ പറയാതെ എല്ലാം പെറുക്കിയെടുത്ത് കാക്കാ തന്റെ ബാര്‍ബര്‍ ഷോപ്പിന് പിന്നെയും ജീവന്‍ വെപ്പിച്ചു.

അടുത്ത ഏപ്രിലിലും അതൊക്കെ ആവര്‍ത്തിച്ചു. എല്ലാ മാര്‍ച്ച് 31നും രാത്രി കാക്കാ കടയിലെ വിരലിലെണ്ണാവുന്ന സാമഗ്രികളില്‍ കൈയ്യിലെടുക്കാവുന്നയെല്ലാം വീട്ടിലത്തെിച്ചു സംരക്ഷിക്കുമായിരുന്നു. അതിനാവാത്തതൊക്കെ വഴിയോര കാഴ്ചയായി. ഏപ്രില്‍ ഒന്നിന് കോമഡി ചമച്ചവര്‍തന്നെ അനുസരണയുള്ള കുട്ടികളായി കാക്കായുടെ മുന്നില്‍ തല കുമ്പിട്ടിരുന്നുകൊടുത്തു.

ചെലവില്ലാത്ത വീട്…

അക്കാലത്തും ഇക്കാലത്തും ഞങ്ങളുടെ നാട്ടിലും ഒട്ടേറെ നാടുകളിലും നിലവിലുള്ള ഒരു പതിവുണ്ട്. പള്ളിയിലെ മുസ്ല്യാര്‍ക്ക് ചെലവിന് കൊടുക്കുക. ഓരോ ദിവസവും ഓരോരോ വീടുകളിലായിരിക്കും മുസ്ല്യാരുടെ ഭക്ഷണം.

രണ്ട് മാസം കൂടുമ്പോള്‍ മഹല്ലിലെ ഓരോ വീടുകളിലും പള്ളിയില്‍ നിന്ന് കുട്ടിക്കിണറു പോലുള്ള പാത്രവും താങ്ങി ഒരാളത്തെും. അന്ന് വീടുകളില്‍ പെരുന്നാളിന്റെ പ്രതീതിയാകും. പെരുന്നാളിന് മാത്രം ഉയരുന്ന ഇറച്ചിക്കറി മണവും മീന്‍ വറുത്തതിന്റെ ഗന്ധവും വീടുകളില്‍ നിറയും.

കുട്ടികള്‍ക്ക് സന്തോഷമുള്ള കാര്യമാണത്. മുസ്ല്യാര്‍ക്കൊരുക്കുന്ന സമൃദ്ധമായ വിഭവങ്ങള്‍ കുട്ടികള്‍ക്കും കിട്ടുമല്ലോ. പാവങ്ങളുടെ വീടുകളും രണ്ടു മാസത്തിലൊരിക്കല്‍ ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

പള്ളിയുടെ സമീപത്തായിരുന്നതിനാല്‍ മുസ്ല്യാരുടെ പാത്രം മാസക്കണക്കൊന്നും നോക്കാതെ ഞങ്ങളുടെ വീട്ടില്‍ ഇടയ്ക്കിടെ എത്തുമായിരുന്നു. അധികം ദുരത്തേക്ക് പോകാന്‍ മുസ്ല്യാര്‍ക്ക് ഭക്ഷണം വാങ്ങുന്ന പയ്യന് മടി തോന്നുമ്പോഴായിരുന്നു അത്.

പള്ളിയുടെ തൊട്ട് കിഴക്കുവശത്തായിരുന്നിട്ടും ഒരിക്കല്‍പോലും മുസ്ല്യാര്‍ക്ക് ചെലവ് ചോദിച്ച് ആരും ഒസ്സാ കാക്കയുടെ വീട്ടില്‍ മാത്രം എത്തിയില്ല. അതിന്റെ പിന്നലെ “പരമ രഹസ്യം” പറഞ്ഞുതന്നത് കാക്കായുടെ മകന്‍ നസീറായിരുന്നു.

അവരുടെ വീട്ടില്‍നിന്ന് മറ്റുള്ളവര്‍ അങ്ങനെയൊന്നും ഭക്ഷണം കഴിക്കില്ലത്രെ. അവരുടെ വീട്ടിലെ കല്ല്യാണത്തിന് പോയാല്‍ പോലും മുസ്ല്യാരടക്കമുള്ളവര്‍ ഭക്ഷണം കഴിക്കാതെ കാശ് വാങ്ങി പോകുകയാണുപോലും.

അപ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ വീട്ടില്‍ നിന്ന് ചായയും അവിലുമൊക്കെ കഴിക്കുന്നതോ..? അത് നിങ്ങളൊക്കെ ഞങ്ങളുടെ കൂട്ടുകാരായതുകൊണ്ടല്ലേ…? അതായിരുന്നു നസീര്‍ പഠിപ്പിച്ചു തന്ന വലിയൊരു പാഠം.

ജാതിയും വേര്‍തിരിവുകളും ഇല്ലെന്ന് ചെറുതിലേ പഠിച്ചുവളര്‍ന്ന മതത്തില്‍ പോലും ഒസ്സാന്‍ മറ്റൊരു ജാതിയാണെന്ന് അന്ന് മനസ്സിലായി. അവരുടെ പെണ്‍മക്കളെ ഒസ്സാന്‍മാര്‍ തന്നെ കെട്ടി. അവരുടെ മക്കള്‍ ഒസ്സാന്‍മാരുള്ള നാടുകളില്‍ പോയി അവരുടെ പെണ്‍മക്കളെ കെട്ടിക്കൊണ്ടുവന്നു. അങ്ങനെ ഒസ്സാന്‍മാര്‍ കാലാകാലം ഒസ്സാന്‍മാരായി നിലകൊണ്ടു.

മര്‍വാന്‍ സലൂണ്‍

അങ്ങനെയിരിക്കെ കാക്കായുടെ മകന്‍ ബഷീര്‍ക്ക ഗള്‍ഫില്‍ പോയി. ചെറ്റപ്പുരയുടെ സ്ഥാനത്ത് ഓടിട്ട ചെറിയൊരു വീടായി. കുറച്ചു നാളിന് ശേഷം ബഷീര്‍ക്ക മടങ്ങിവന്ന് നാട്ടില്‍ ഒരു ഹെയര്‍ കട്ടിങ് സലൂണ്‍ തുടങ്ങി. മര്‍വാന്‍ സലൂണ്‍ എന്ന് പേരുമിട്ടു. പക്ഷേ, പുതിയ സലൂണിലേക്ക് കാക്കാ മാത്രം വന്നില്ല.

അപ്പോഴേക്കും നാട്ടില്‍ ബാര്‍ബര്‍ ഷാപ്പുകള്‍ സലൂണുകളും ഹെയര്‍ കട്ടിങ് സെന്ററുകള്‍ക്കുമായി വഴി മാറി കൊടുത്തിരുന്നു.

കാക്കയുടെ ഓല മറച്ച ബാര്‍ബര്‍ ഷാപ്പ് അപ്പോള്‍ അപ്രസക്തമായി. (കുറച്ചപ്പുറത്ത് മാറി ഭരതക്കുറുപ്പ് എന്ന അച്ഛന്റെ തുടര്‍ച്ച ഏറ്റെടുത്ത് ബാലന്‍ നടത്തുന്ന ബാര്‍ബര്‍ ഷോപ്പ് ഈ അത്യന്താധുനിക കാലത്തും കാലത്തിന് പിടികൊടുക്കാതെ “ബാര്‍ബര്‍ ഷോപ്പായി” അങ്ങനെ തുടര്‍ന്നു പോരുന്നു. കാഴ്ചയിലും ബാലന്‍, “കഥ പറയുമ്പോള്‍…” സിനിമയിലെ ശ്രീനിവാസനെ പോലിരുന്നു.)

സലൂണില്‍ ബഷീര്‍ക്കയുടെ അനിയന്‍മാര്‍ നിരന്നുനിന്ന് മുടി വെട്ടി. താടി വെടിപ്പാക്കി. കക്ഷം വടിക്കില്ലെന്ന് നിലപാടില്‍ ഉറച്ചുനിന്നു. വീടുകളില്‍ പോയി മുടി വെട്ടിയില്ല.

മുസ്‌ലിയാര്‍ പോലും സലൂണില്‍വന്ന് സുന്ദരനായി വെള്ളിയാഴ്ചകളില്‍ മൈക്കിന് മുന്നില്‍നിന്ന് സമത്വത്തെ കുറിച്ചു വാചാലനായി. ബഷീര്‍ക്ക ഒരു സെക്കന്റ് ഹാന്റ് ഓട്ടോ റിക്ഷ വാങ്ങി. അതിന് ഗ്‌ളോറിയസ് എന്ന് പേരുമിട്ടു.

മരിച്ചവന്റെ കാല്‍ ഒരു ചോദ്യ ചിഹ്നമാണ്…

കാലം പിന്നെയും കടന്നുപോയി. ഞങ്ങള്‍ മുതിര്‍ന്ന പയ്യന്മാരായി. പക്ഷേ, ആ വൈകുന്നേരത്തെ കാഴ്ച ഒരിക്കലും മറക്കാന്‍ കഴിയാതെ കണ്ണില്‍ ഇപ്പോഴും ഒട്ടിച്ചുവെച്ചപോലെ നില്‍ക്കുന്നു.

അന്നൊരു വൈകുന്നേരമായിരുന്നു, വെള്ള പുതച്ച കാക്കയുടെ മൃതശരീരവുമായി ഞങ്ങളുടെ അങ്ങാടിയില്‍ ആ ആംബുലന്‍സ് വന്നുനിന്നത്. കാക്കാ കുറച്ചുനാളുകളായി സുഖമില്ലാതെ ആശുപത്രിയില്‍ കിടപ്പിലായിരുന്നു. ആസ്ത്മയുടെ ഉപദ്രവം കലശലായി. അന്ന് വൈകുന്നേരം മരിച്ച കാക്കായുമായി ബഷീര്‍ക്ക ഒറ്റയ്ക്കാണ് വന്നിറങ്ങിയത്.

പുറത്തേക്ക് നീണ്ടുകിടന്ന കാലിലെ മരവിപ്പില്‍ മരണത്തിന്റെ വിളര്‍ച കാണാമായിരുന്നു. റോഡില്‍നിന്ന് വീട്ടിലേക്ക് 400 മീറ്ററോളം ദൂരമുണ്ട്. ആംബുലന്‍സിന്റെ പിന്നിലെ വാതില്‍ തുറന്ന് കാക്കായുടെ വിളര്‍ത്ത മുഖത്തേക്ക് നോക്കി ഓരോരുത്തരായി കടന്നു പോയി.

ഒരായുസ്സ് മുഴുവന്‍ ഒരു ദേശത്തെ സുന്ദരമാക്കിയ ആ മനുഷ്യന്‍ തൊടാന്‍ അറയ്ക്കുന്ന വസ്തുവായി ആംബുലന്‍സിന്റെ തുറന്നിട്ട വാതിലിലൂടെ ദേശത്തെ നോക്കി കിടന്നു. ഒത്തിരി ചോദ്യങ്ങളുമായി… തലമുടി വെട്ടി ജീവിച്ച ഒസ്സാന്റെ കാലുപിടിക്കാന്‍ ആരും മുന്നോട്ട് വന്നില്ല. എന്തു ചെയ്യണമെന്നറിയാതെ കണ്ണ് നിറഞ്ഞ് ബഷീര്‍ക്ക നിന്നു.

നാട്ടിലെ ഒട്ടു മിക്ക കാര്യങ്ങളിലും ഇടപെടുന്ന, ആരെയും സഹായിക്കുന്ന ഒരാളുണ്ടായിരുന്നു. “താടി” എന്ന ഓമനപ്പേരില്‍ വിളിക്കുന്ന നിസാര്‍ക്ക. ശ്രുതിമധുരമായി ബാങ്ക് വിളിക്കാനും വഴി വെട്ടാനും മരിച്ചവരെ കുളിപ്പിച്ച് പള്ളിക്കാട്ടിലേക്ക് എത്തിക്കാനും ഖബറടക്കാനും കല്ല്യാണ വീടുകളില്‍ സഹായിക്കാനുമൊക്കെ മുന്നില്‍നിന്നിരുന്ന ഒരു ചെറുപ്പക്കാരന്‍.

മോടിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് സുഗന്ധം പൂശി നടന്നപ്പോഴും വിയര്‍ത്തൊലിച്ച് മറ്റുള്ളവരെ സഹായിക്കാന്‍ അയാള്‍ എന്നുമുണ്ടായിരുന്നു. നഖങ്ങള്‍ക്കിടയില്‍ അഴുക്കിന്റെ മുന പോലും തൊടാതെ വെട്ടിവെടിപ്പാക്കി, തേച്ചുകഴുകി വൃത്തിയാക്കിയ ചെരിപ്പണിഞ്ഞ് നടന്ന ആ മനുഷ്യന്‍ ഒടുവില്‍ വലങ്കാലില്‍ പൊട്ടു പോലെ പ്രത്യക്ഷപ്പെട്ട ക്യാന്‍സറിന്റെ ആക്രമണത്തില്‍ അകാലത്തില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഒടുവിലത്തെ യാത്ര…

നിസാര്‍ക്ക ഞങ്ങളോട് പറഞ്ഞു; “”പിടിയെടാ പിള്ളേരെ..””

ഒത്തിരി കാലം നടന്നുപോയ വഴിയിലൂടെ ഒസ്സാ കാക്കാ ഒരിക്കല്‍കൂടി വീട്ടിലത്തെി; ഞങ്ങളുടെ തോളിലേറി. ഇനി തിരികെ യാത്രയാണ്; ഒരിക്കലും ആവര്‍ത്തിക്കാത്ത യാത്ര.

മയ്യിത്ത് കുളിപ്പിക്കാനും ശവക്കച്ച പുതപ്പിക്കാനുമൊക്കെ നിസാര്‍ക്ക തന്നെ നേതൃത്വം നല്‍കി. കാക്കായുടെ മക്കളും ഞങ്ങള്‍ ഏതാനും പയ്യന്മാരും കൂടി അതൊക്കെ ചെയ്തു. ഒടുവില്‍ പള്ളിക്കാട്ടിലേക്ക് കാക്കായെ എടുത്തു. എയ്രയോ നാളുകളായി രാവും പകലും കാക്കാ നടന്നുപോയ അതേ വഴിയുടെ അരികിലെ കാട്ടില്‍ അവസാനത്തെ ആ യാത്ര മണ്ണോട് ചേര്‍ന്നു.

വലിയ ജനാവലിയൊന്നുമുണ്ടായിരുന്നില്ല. നാട്ടിലെ എല്ലാവര്‍ക്കും അയാളെക്കൊണ്ടുള്ള ആവശ്യം എന്നേ അവസാനിച്ചു കഴിഞ്ഞിരുന്നു. മക്കളിലേക്ക് നീണ്ട ആ പാരമ്പര്യത്താല്‍ ആരും മുടിയും താടിയും നീണ്ട് ചൊറിഞ്ഞ് മാന്തി നടക്കേണ്ടിവന്നിരുന്നില്ലല്ലോ…

ഖബറടക്കി പിരിയുമ്പോള്‍ നിസാര്‍ക്കയുടെ നാവില്‍ നുരഞ്ഞുപൊന്തിയത് തെറിയായിരുന്നു. ദേഷ്യം വന്നാല്‍ ബാങ്ക് വിളിക്കുന്ന അതേ നാവുകൊണ്ട് നിസാര്‍ക്കാ മുഴുത്ത തെറി വിളിച്ചുപറയും. അതിന് ഒട്ടും മാര്‍ദവമുണ്ടാകില്ല.

ഈ നാട്ടുകാരുടെ മുഴുവന്‍ മുടിയും മൈരും വെട്ടി വെടിപ്പാക്കി കൊടുത്ത മനുഷ്യനാ.. ജീവന്‍ പോയപ്പോള്‍ അങ്ങേരെ തൊടാന്‍ ഈ തായോളി മോന്‍മാര്‍ക്ക് അറപ്പ്… അങ്ങേര് ചെത്തിക്കൂര്‍പ്പിച്ചു കൊടുത്ത സാമാനം കൊണ്ടാ ഇവനൊക്കെ ഇത്രേം കാലം ആണായി നടന്നത്… കാര്‍ക്കിച്ചു തുപ്പി അങ്ങേര് പോയി.

മുറിവാല്‍: ഐശ്വര്യാ റായിക്കും ആഗോളവല്‍കരണത്തിനും നന്ദി പറയണം. കാരണം, ഇതു രണ്ടും വന്നതിന് ശേഷമാണ് ബാര്‍ബര്‍മാരുടെയും വയറ്റാട്ടിമാരുടെയും വര്‍ഗം ഇല്ലാതാവുകയും ബ്യൂട്ടീഷ്യന്‍മാരുടെയും മിഡ് വൈഫുമാരുടെയും വര്‍ഗം ഉദിച്ചുയരുകയും വലിയ വലിയ വീട്ടിലെ കൊച്ചമ്മാമാര്‍ ബ്യൂട്ടീഷ്യനാവാന്‍ വെക്കപ്പെടുകയും ചെയ്തത്.

വര / മജിനി
(2013 ഫെബ്രുവരി 14ന് ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിച്ചത്‌)

content highlights: About the discrimination faced by the barbers, K.A. Saifuddin writes

കെ.എ സൈഫുദ്ദീന്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more