ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം, അന്താരാഷ്ട്ര കിരീടം, കല്‍ക്കട്ടയുടെ പോരാട്ട വീര്യം; ആരാണ് ഐ.എസ്.എല്ലിലേക്ക് കാലെടുത്തുവെക്കുന്ന മുഹമ്മദന്‍?
Sports News
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം, അന്താരാഷ്ട്ര കിരീടം, കല്‍ക്കട്ടയുടെ പോരാട്ട വീര്യം; ആരാണ് ഐ.എസ്.എല്ലിലേക്ക് കാലെടുത്തുവെക്കുന്ന മുഹമ്മദന്‍?
ആദര്‍ശ് എം.കെ.
Sunday, 25th August 2024, 1:08 pm

ഒടുവില്‍ അവരും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് കാലെടുത്ത് വെക്കുന്നു. കൊല്‍ക്കത്തയുടെ മണ്ണില്‍ നിന്നും മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളിനും ശേഷം മറ്റൊരു ടീം കൂടി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തിരുമുറ്റത്ത് പന്തുതട്ടാനൊരുങ്ങുന്നു. അതെ, ഇന്ത്യയിലേ തന്നെ അല്ല, ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും ഇന്നും നിലനില്‍ക്കുന്നതുമായ ചുരുക്കം ക്ലബ്ബുകളിലൊന്ന്. കൊല്‍ക്കത്തയുടെ സ്വന്തം മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബ്.

133 വര്‍ഷത്തിന്റെ മഹോജ്വല പാരമ്പര്യമാണ് മുഹമ്മദനുള്ളത്. 1891 ഫെബ്രുവരിയിലാണ് ടീം പിറവിയെടുക്കുന്നത്. 1887ല്‍ നവാബ് അസീസുള്‍ ഇസ്‌ലാം കൊല്‍ക്കത്തയിലെ മുസ്‌ലിം വിഭാഗത്തിനിടയില്‍ ഫുട്ബോള്‍ വളര്‍ത്തുന്നതിനായി രൂപീകരിച്ച ക്ലബ്ബാണ് ശേഷം ഇന്ത്യന്‍ ഫുട്‌ബോളിനെ തന്നെ കാല്‍ച്ചുവട്ടിലാക്കിയത്.

ക്രസന്റ് ക്ലബ്ബ്, ജൂബിലി ക്ലബ്ബ്, ഹമീദിയ ക്ലബ്ബ് എന്നെല്ലാമായിരുന്നു ആദ്യ കാലത്ത് ടീമിന്റെ പേരുകള്‍. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം 1891ല്‍ മുഹമ്മദന്‍ എന്ന് പേരുമാറ്റി അവര്‍ കളിക്കളത്തിലെത്തി.

കൊല്‍ക്കത്തയിലെ മുഹമ്മദന്‍ സ്പോര്‍ട്ടിങ് ഗ്രൗണ്ടും കിഷോര്‍ ഭാരതി ക്രീരാങ്കണുമാണ് ടീമിന്റെ ഹോം സ്റ്റേഡിയം. കറുപ്പ് ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങുന്നതിനാല്‍ ദി ബ്ലാക്ക് പാന്തേഴ്സ് എന്നാണ് ആരാധകര്‍ ടീമിന് ചാര്‍ത്തി നല്‍കിയ ഓമനപ്പേര്.

ബംഗാളിലെ പ്രബല ഫുട്ബോള്‍ ശക്തികളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളിനും മുമ്പ് തന്നെ കൊല്‍ക്കത്തയില്‍ പന്തുതട്ടി തുടങ്ങിയവരാണ് മുഹമ്മദന്‍ എസ്.സി. 1931 മുതല്‍ 1947 വരെ ഇന്ത്യന്‍ ഫുട്ബോളില്‍ മുഹമ്മദന്റെ ടോട്ടല്‍ ഡോമിനേഷനായിരുന്നു ഉണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇംഗ്ലീഷ് ശക്തികളെ തകര്‍ത്താണ് മുഹമ്മദന്‍ കൊല്‍ക്കത്തയുടെയും ഇന്ത്യയുടെയും ഫുട്ബോള്‍ ചരിത്രത്തിന്റെ ഭാഗമായത്.

 

1934ല്‍ ആരംഭിച്ച കല്‍ക്കട്ട ഫുട്ബോള്‍ ലീഗ് അഥവാ സി.എഫ്.എല്ലില്‍ മുഹമ്മദന്റെ സര്‍വാധിപത്യമായിരുന്നു. ലീഗില്‍ കാലെടുത്ത് വെച്ച ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍മാര്‍. തുടര്‍ന്ന് 1941 വരെ എട്ട് ടൂര്‍ണമെന്റുകള്‍ നടന്നപ്പോള്‍ അതില്‍ ഏഴിലും കിരീടമുയര്‍ത്തിയത് മുഹമ്മദനായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി മുഹമ്മദന്‍ പങ്കെടുക്കാതിരുന്ന 1939ല്‍ മാത്രമാണ് മറ്റൊരു ടീമിന് ലീഗ് കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചത്.

1940ല്‍ ആരംഭിച്ച ഡ്യൂറന്‍ഡ് കപ്പിലും ഇവര്‍ കാലൊച്ച കേള്‍പ്പിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പായതിനാല്‍ ഇംഗ്ലീഷ് ടീമുകളും ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നു. ഇവരെയെല്ലാം പരാജയപ്പെടുത്തിയാണ് അന്ന് ബ്ലാക്ക് പാന്തേഴ്സ് ഡ്യൂറന്‍ഡ് കപ്പ് ശിരസിലണിഞ്ഞത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ സൂപ്പര്‍ താരമായിരുന്ന മുഹമ്മദ് സലീമായിരുന്നു ഇക്കാലത്ത് ടീമിന്റെ ശക്തി. 1934ലാണ് സലീം മുഹമ്മദന്റെ ഭാഗമാകുന്നത്. ടീമിനൊപ്പമുള്ള സലീമിന്റെ പ്രകടനങ്ങള്‍ കൊല്‍ക്കത്തയും ഇന്ത്യയും കടന്ന് ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.

സലീമിന്റെ പ്രകടനങ്ങള്‍ ഐറിഷ് ക്ലബ്ബായ സെല്‍റ്റിക് എഫ്.സിയും കണ്ടിരുന്നു. താരത്തെ ട്രയല്‍സിനായി വിളിക്കുകയും ചെയ്തു. സെല്‍റ്റിക്കിന് മുമ്പിലും തകര്‍ത്തുകളിച്ചതോടെ അയര്‍ലന്‍ഡിലും സലീമിന് ആരാധകവൃന്ദം രൂപപ്പെട്ടു. എന്നാല്‍ ഗൃഹാതുരത വേട്ടയാടിയതോടെ സലീം മുഹമ്മദനിലേക്ക് തിരിച്ചുവരികയായിരുന്നു.

ഒരുകാലത്ത് ഇന്ത്യന്‍ ഫുട്ബോളിന്റെ പര്യായമായിരുന്ന കൊല്‍ക്കത്ത ജയന്റ്സിന് എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ചില തിരിച്ചടികളും നേരിടേണ്ടി വന്നിരുന്നു. ഇന്ത്യയും പാകിസ്ഥാനും രണ്ട് രാജ്യങ്ങളായതോടെ ടീമിന്റെ പ്രവര്‍ത്തനങ്ങളെ ചെറിയ തോതിലെങ്കിലും അത് ബാധിച്ചുതുടങ്ങി. പല പ്രധാന താരങ്ങളെയും വിഭജനത്തിന് പിന്നാലെ ടീമിന് നഷ്ടമായി. എങ്കിലും അവര്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ശക്തരായി തന്നെ തുടര്‍ന്നു.

വിജയങ്ങള്‍ ശീലമാക്കിയ മുഹമ്മദന്റെ കിരീടത്തിലേക്ക് പുതിയ പൊന്‍തൂവല്‍ ചേര്‍ത്തുവെക്കപ്പെട്ടത് 1960ലാണ്. ധാക്കയിലെ ആഗാ ഖാന്‍ ഗോള്‍ഡന്‍ കപ്പ് സ്വന്തമാക്കി വിദേശ മണ്ണില്‍ കപ്പുയര്‍ത്തുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബ് എന്ന ചരിത്ര നേട്ടവും ടീം സ്വന്തമാക്കി.

1980കള്‍ മുതലാണ് മുഹമ്മദന്‍ തിരിച്ചടികള്‍ നേരിട്ട് തുടങ്ങിയത്. കളിക്കളത്തില്‍ എന്നും വെന്നിക്കൊടി പാറിച്ച ടീമിന്റെ വിജയങ്ങളുടെ ഗ്രാഫ് പതിയെ താഴേക്ക് പതിച്ചുതുടങ്ങി. വലിയ ലീഗുകളില്‍ പങ്കെടുക്കുന്നതിനുള്ള വരുമാനമില്ലാതിരുന്നതും മുഹമ്മദന് തിരിച്ചടിയായി.

മോശം പ്രകടനം തുടര്‍ക്കഥയായതോടെ എന്തിനും പോന്ന മികച്ച താരങ്ങളെയും പരിശീലകരെയും സ്വന്തമാക്കാന്‍ ടീമിന് സാധിക്കാതെ പോയി. 2013ല്‍ അന്നത്തെ ടോപ് ടയര്‍ ലീഗായ ഐ ലീഗില്‍ നിന്ന് പുറത്താവുകയും ചെയ്തു. ഒരു ഘട്ടത്തില്‍ അടച്ചുപൂട്ടല്‍ മാത്രമാണ് ഏക പോംവഴി എന്ന നിലയിലേക്ക് പോലും ടീം എത്തിപ്പെട്ടു.

എന്നാല്‍ അധികകാലം അവര്‍ക്ക് പഴയ പ്രതാപം അയവിറക്കിക്കൊണ്ട് കഴിയേണ്ടി വന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ തിരിച്ചുവരവിന്റെ സൂചനകള്‍ ആരാധകര്‍ക്ക് നല്‍കിക്കൊണ്ടിരുന്നു. കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗിലും സിക്കിം ഗോള്‍ഡ് കപ്പിലുമെല്ലാം അവര്‍ വിജയങ്ങള്‍ സ്വന്തമാക്കി.

2020ല്‍ ഐ ലീഗിലേക്ക് മുഹമ്മദന്‍ തിരിച്ചെത്തി. അതേ വര്‍ഷം ഹരിയാന ആസ്ഥാനമായുള്ള ബങ്കര്‍ഹില്‍ സ്പോര്‍ട്സ് അസോസിയേഷനുമായി മുഹമ്മദന്‍ ബിസിനസ് ബന്ധങ്ങള്‍ ഉറപ്പിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാത്രം ലക്ഷ്യം വെച്ചായിരുന്നു പിന്നീടുള്ള മുഹമ്മദന്റെ പ്രകടനങ്ങള്‍. ആ ലക്ഷ്യമാണ് ഇപ്പോള്‍ പൂവണിഞ്ഞിരിക്കുന്നത്.

എണ്ണം പറഞ്ഞ ഒട്ടേറെ കിരീടങ്ങള്‍ സ്വന്തമാക്കിയാണ് മുഹമ്മദന്‍ എത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ ആഗാ ഖാന്‍ ഗോള്‍ഡ് കപ്പ് നേടിയ ടീം ഐ ലീഗ് കിരീടവും എന്‍.എഫ്.എല്‍ സെക്കന്‍ഡ് ഡിവിഷന്‍ കിരീടവും ഐ. ലീഗ് സെക്കന്‍ഡ് ഡിവിഷന്‍ കിരീടവും ഓരോ തവണ സ്വന്തമാക്കി. ഓരോ തവണ വീതം രണ്ടാം സ്ഥാനക്കാരുമായി.

14 തവണയാണ് കല്‍ക്കട്ട ഫുട്‌ബോള്‍ ലീഗ് കിരീടം മുഹമ്മദന്‍ സ്വന്തമാക്കിയത്. ഒമ്പത് തവണ രണ്ടാം സ്ഥാനക്കാരുമായി.

ഫെഡറേഷന്‍ കപ്പ്, ഡ്യൂറന്‍ഡ് കപ്പ്, ഐ.എഫ്.എ ഷീല്‍ഡ്, റോവേഴ്‌സ് കപ്പ്, ബോര്‍ഡോലോയ് ട്രോഫി, ഡി.സി.എം ട്രോഫി, ഓള്‍ എയര്‍ലൈന്‍സ് ഗോള്‍ഡ് കപ്പ്, കൂച്ച് ബെഹര്‍ കപ്പ് തുടങ്ങി 21ഓളം വിവിധ ആഭ്യന്തര ലീഗ് ടൈറ്റിലുകളും പലപ്പോഴായി ടീം സ്വന്തമാക്കി. ഇനി ഇവര്‍ക്ക് മുമ്പിലുള്ളത് ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ കിരീടമാണ്.

കൊല്‍ക്കത്തയുടെ ഫുട്‌ബോള്‍ വികാരങ്ങളെ ഉത്തേജിപ്പിച്ച മൂന്ന് ടീമുകളും ഇന്ത്യയുടെ കാല്‍പ്പന്തുകളിയുടെ പറുദീസയിലേക്കെത്തുന്നതോടെ യഥാര്‍ത്ഥ കൊല്‍ക്കത്ത റൈവല്‍റിക്കാകും ഐ.എസ്.എല്‍ സാക്ഷ്യം വഹിക്കുക. കാത്തിരിക്കുന്നു, മെറിറ്റില്‍ വന്നവന്റെ പോരാട്ടങ്ങള്‍ക്കായി.

 

Content Highlight: Story about Mohammedan SC

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.