155 കിലോമീറ്റര്‍ വേഗത; ഇന്ത്യയുടെ മായങ്ക് എക്സ്പ്രസ്സ്
DSport
155 കിലോമീറ്റര്‍ വേഗത; ഇന്ത്യയുടെ മായങ്ക് എക്സ്പ്രസ്സ്
Sudev A
Thursday, 4th April 2024, 4:34 pm

‘വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ പേസ് നിരയില്‍ മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറക്കുമൊപ്പം പന്തെറിയാന്‍ അവനും ഉണ്ടാവണം’ പേരുകേട്ട ക്രിക്കറ്റ് ഇതിഹാസതാരങ്ങളായ ബ്രറ്റ് ലീ, ബോര്‍ഡര്‍ ഗവാസ്‌കര്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വാക്കുകളാണിത്.

‘മായങ്ക് യാദവ്’ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി അരങ്ങേറ്റം കുറിച്ച ഈ 21 വയസ് മാത്രം പ്രായമുള്ള യുവതാരമാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

ഐ.പി.എല്ലില്‍ മാര്‍ച്ച് 30ന് പഞ്ചാബ് കിങ്സിനെതിരെ നടന്ന മത്സരത്തിലാണ് മായങ്ക് ലഖ്‌നൗവിന് വേണ്ടി പന്തെറിയാന്‍ ആദ്യമായി കളത്തിലിറങ്ങുന്നത്. ആ സമയങ്ങളില്‍ ക്രിക്കറ്റ് ലോകത്തിന് ഒട്ടും തന്നെ പരിചിതമല്ലാത്ത മായങ്ക് എന്ന പേര് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് വന്‍തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അവന്റെ തീപോലുള്ള പന്തുകള്‍ കാരണമാണ്.

പഞ്ചാബിനെതിരായ മത്സരത്തില്‍ 155.8 കിലോമീറ്റര്‍ വേഗതയില്‍ പന്തറിഞ്ഞു കൊണ്ടാണ് ഈ 21 കാരന്‍ ചരിത്രത്താളുകളിലേക്ക് നടന്നു കയറിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ പേസര്‍ നാന്ദ്രേ ബര്‍ഗറെ വീഴ്ത്തി കൊണ്ടായിരുന്നു ക്രിക്കറ്റിന്റെ റെക്കോഡ് പുസ്തകങ്ങളിലേക്ക് മായങ്ക് അവന്റെ പേര് എഴുതി ചേര്‍ത്തത്.

പഞ്ചാബിനെതിരെ നാല് ഓവറില്‍ 27 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റുകളാണ് മായങ്ക് നേടിയത്. 6.08 എക്കോണമിയില്‍ പന്തെറിഞ്ഞ മായങ്ക് പഞ്ചാബിന്റെ പ്രധാന ബാറ്റര്‍മാരായ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോണി ബെയര്‍സ്റ്റോ, പ്രഭ്‌സിമ്രാന്‍ സിങ്, പഞ്ചാബിന്റെ വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ ജിതേഷ് ശര്‍മ എന്നിവരെ പുറത്താക്കി കൊണ്ടാണ് ക്രിക്കറ്റ് ലോകത്തിലേക്ക് വരവറിയിച്ചത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ആ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും മായങ്ക് സ്വന്തമാക്കി.

ഇത് എല്ലാത്തിന്റെയും തുടക്കമായിരുന്നു പിന്നീട് നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ എതിരാളികളെ ക്രീസില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ മായങ്ക് വീണ്ടും വിക്കറ്റുകള്‍ വീഴ്ത്തികൊണ്ടേയിരുന്നു.

ബെംഗളൂരുവിനെതിരെ നാല് ഓവറിൽ വെറും 14 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളാണ് മായങ്ക് വീഴ്ത്തിയത്. 3.5 എക്കോണമിയിലാണ് യാദവ് പന്തെറിഞ്ഞത്. ഓസ്ട്രേലിയന്‍ പടക്കുതിരകളായ ഗ്ലെന്‍ മാക്‌സ്‌വെല്‍ കാമറൂണ്‍ ഗ്രീന്‍, ഇന്ത്യന്‍ താരം രജത് പടിദാര്‍ എന്നിവരെ പുറത്താക്കിക്കൊണ്ട് മായങ്ക് വീണ്ടും രാഹുലിനും കൂട്ടര്‍ക്കും അവിസ്മരണീയമായ വിജയം സമ്മാനിച്ചു.

ഈ മത്സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തം ഷെല്‍ഫില്‍ എത്തിക്കാന്‍ ഈ 21കാരന് സാധിച്ചു. ഇതിനു പിന്നാലെ ഒരു ചരിത്രനേട്ടമാണ് പിറവിയെടുത്തത്. ഐ.പി.എല്‍ ചരിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ഒരു താരം ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും തുടര്‍ച്ചയായി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്നത് ഇതാദ്യമായാണ്. വെറും രണ്ട് മത്സരങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് വലിയ സ്വാധീനം ചെലുത്തിയ ഈ 21കാരന്റെ ജീവിതയാത്ര നമുക്കൊന്ന് പരിശോധിക്കാം.

2002 ജൂണ്‍ 17 ന് ദല്‍ഹിയില്‍ ആണ് മായങ്ക് യാദവ് ജനിച്ചത്. ദല്‍ഹിയിലെ സോനെറ്റ് ക്രിക്കറ്റ് ക്ലബ്ബില്‍ നിന്നായിരുന്നു മായങ്ക് പരിശീലനം ആരംഭിച്ചത്.

മായങ്ക് യാദവ് 17 ലിസ്റ്റ് എ മത്സരങ്ങളിലാണ് പന്തറിഞ്ഞിട്ടുള്ളത്. 5.35 എക്കോണമിയിൽ 34 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ടി-20യില്‍ 10 മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റും യാദവ് നേടിയിട്ടുണ്ട്. 6.44 ആണ് താരത്തിന്റെ എക്കോണമി.

മറ്റ് ആഭ്യന്തര ടൂര്‍ണമെന്റുകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മായങ്ക് യാദവിന് സാധിച്ചിട്ടുണ്ട്. 2023-24 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മിന്നും പ്രകടനമാണ് മായങ്ക് നടത്തിയത്. ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങളില്‍ പന്തെറിഞ്ഞ മായങ്ക് എതിരാളികളുടെ അഞ്ച് വിക്കറ്റുകളാണ് പിഴുതെടുത്തത്.

പിന്നീട് നടന്ന വിജയ് ഹസാരെ ട്രോഫിയിയിലും മികച്ച ബൗളിങ് പ്രകടനം നടത്താന്‍ മായങ്കിന് സാധിച്ചിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകളാണ് താരം നേടിയത്.

2023ലെ ദേവദാര്‍ ട്രോഫിയില്‍ നോര്‍ത്ത് സോണിന് വേണ്ടിയും തന്റെ പ്രതിഭ പുറത്തെടുത്ത മായങ്ക് അഞ്ച് മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റുകളാണ് വീഴ്ത്തിയത്. അണ്ടര്‍ 23 കേണല്‍ സി.കെ നായിഡു ട്രോഫിയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

2022 ഐ.പി.എല്‍ ലേലത്തില്‍ 20 ലക്ഷം അടിസ്ഥാന വിലക്കാണ് ലഖ്‌നൗ മയാങ്കിനെ വാങ്ങിയത്. എന്നാല്‍ പരിക്ക് കാരണം ആ സീസണില്‍ മായങ്കിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ട് വര്‍ഷത്തിനിപ്പുറം തനിക്ക് ലഭിച്ച അവസരം കൃത്യമായി വിനിയോഗിക്കാന്‍ മായങ്കിന് സാധിച്ചു.

ക്രിക്കറ്റില്‍ ചിലതങ്ങനെയാണ് ചെറിയ അവസരങ്ങളിലൂടെ വന്ന് കളി തുടങ്ങിയ മായങ്കിനെ പോലുള്ളവരാണ് നാളത്തെ ഇതിഹാസങ്ങളായി മാറുക. ഐ.പി.എല്‍ കഴിഞ്ഞാല്‍ ഉടന്‍ ടി-20 ലോകകപ്പാണ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ വരും മത്സരങ്ങളില്‍ എല്ലാം മിന്നും പ്രകടനം പുറത്തെടുക്കാന്‍ മായങ്കിന് സാധിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വാതില്‍ പോലും ഇവന് മുന്നില്‍ തുറക്കപ്പെടും.

അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ തന്നെ ചരിത്രത്താളുകളില്‍ ഇടം നേടിയ ഈ യുവതാരം ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നുള്ളത് ഏറെ വിദൂരമല്ല. ഇന്ത്യന്‍ ടീമിന്റെ നീല ജേഴ്സിയില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ട് പന്തറിയാന്‍ മായങ്കിന് സാധിക്കുമെന്നത് ഏറെ കുറെ ഉറപ്പാണ്.

 

Content Highlight: Story About Mayank Yadav Cricket Life

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.