| Wednesday, 21st August 2024, 9:35 am

കണ്ണില്‍ നോക്കി ആരാധകര്‍ ചതി മനസിലാക്കി; മറഡോണയുടെ കരിയര്‍ അവസാനിപ്പിച്ച ഗോള്‍ സെലിബ്രേഷന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച താരമാണ് ഡിഗോ മറഡോണ. ടീമിന്റെ പല നിര്‍ണായക വിജയത്തിലും ഭാഗമായ താരം 1986ല്‍ അര്‍ജന്റീനയെ അവരുടെ രണ്ടാം ലോക കിരീടത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഒരു താരവും ആഗ്രഹിക്കാത്ത രീതിയിലാണ് മറഡോണക്ക് തന്റെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത്. അതിന് കാരണമായതാകട്ടെ 1994 ലോകകപ്പില്‍ ഗോള്‍ നേടിയതിന് ശേഷമുള്ള സെലിബ്രേഷനും.

1986ല്‍ അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കിയ മറഡോണക്ക് അടുത്ത ലോകകപ്പില്‍ കിരീടനേട്ടം ആവര്‍ത്തിക്കാനുള്ള അവസരവും കൈവന്നിരുന്നു. എന്നാല്‍ ഇറ്റലിയില്‍ നടന്ന 1990 ലോകകപ്പില്‍ അര്‍ജന്റീന ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.

റോമിലെ സ്‌റ്റേഡിയോ ഒളിമ്പിക്കോയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വെസ്റ്റ് ജര്‍മനിയോട് പരാജയപ്പെട്ടായിരുന്നു അര്‍ജന്റീന തുടര്‍ച്ചയായ കിരീടമെന്ന മോഹം അടിയറവ് വെച്ചത്.

അമേരിക്ക വേദിയാകുന്ന 1994 ലോകകപ്പില്‍ മറഡോണ അര്‍ജന്റീനക്കായി ബൂട്ടുകെട്ടുമെന്ന് ഒരാള്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് 33കാരനായ ഡീഗോ അര്‍ജന്റൈന്‍ ടീമിന്റെ ഭാഗമാവുകയായിരുന്നു.

ലോകകപ്പില്‍ ഗ്രീസിനെതിരായ മത്സരത്തില്‍ താരം ഒരു തകര്‍പ്പന്‍ ഗോള്‍ നേടുകയും ചെയ്തിരുന്നു. ഗോള്‍ നേടിയതിന്റെ ആവേശത്തില്‍ അദ്ദേഹം ക്യാമറയിലേക്ക് നോക്കി ഓടിയടുക്കുകയും ആര്‍പ്പുവിളിക്കുകയുമായിരുന്നു. എന്നാല്‍ ഈ ഗോള്‍ സെലിബ്രേഷനാണ് അദ്ദേഹത്തിന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ കാരണമായതും.

അര്‍ജന്റീനക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അവസാന ഗോളായിരുന്നു അത് എന്ന് ആരും അപ്പോള്‍ കരുതിയിരുന്നില്ല.

ഡീഗോയുടെ മുഖം ക്യാമറയില്‍ ക്ലോസ് അപ്പില്‍ കണ്ടവരെല്ലാം തന്നെ അദ്ദേഹത്തിന്റെ കണ്ണുകളിലേക്കാണ് നോക്കിയത്. എന്തോ കുഴപ്പമുള്ളതായി എല്ലാവര്‍ക്കും ഒറ്റ നോട്ടത്തില്‍ തന്നെ മനസിലായി.

ഇതിന് പിന്നാലെ ഫിഫ അദ്ദേഹത്തെ ഡ്രഗ് ടെസ്റ്റിന് വിധേയനാക്കി. ആരാധകരെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെ താരത്തെ ലോകകപ്പില്‍ നിന്നും പുറത്താക്കി. 15 മാസത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

ഇതിന് പിന്നാലെ 1997ല്‍ അദ്ദേഹം വിരമിക്കുകയുമായിരുന്നു.

മദ്യാസക്തിയും മയക്കുമരുന്ന് ഉപയോഗവും അദ്ദേഹത്തിന്റെ ശരീരത്തെ കാര്‍ന്നുതിന്നിരുന്നു. 2005ല്‍ അമിത ഭാരം കുറയ്ക്കുന്നതിനായ് ഗാസ്ട്രിക് ബൈപ്പാസിനും അദ്ദേഹം വിധേയനായിരുന്നു.

ദിനംപ്രതി മോശമാകുന്ന ഡിഗോയുടെ ആരോഗ്യത്തില്‍ ആരാധകരും ആശങ്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച ആരാധകരുടെ പ്രതീക്ഷകള്‍ കാത്ത് അദ്ദേഹം പതിയെ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു.

2008 ല്‍ ആല്‍ബിസെലസ്റ്റിന്റെ പരിശീലകസ്ഥാനമേറ്റൈടുത്ത അദ്ദേഹം 2010 ലോകകപ്പിലും അര്‍ജന്റീനക്കായി തന്ത്രങ്ങള്‍ മെനഞ്ഞു.

എന്നാല്‍ അദ്ദേഹത്തിന്റെ ഭൂതകാലം വീണ്ടും വേട്ടയാടിയപ്പോള്‍ രോഗങ്ങളും ഡിഗോയെ വിടാതെ പിടികൂടി. ഒടുവില്‍ ഫുട്‌ബോള്‍ ലോകത്തെ ഒന്നടങ്കം നിരാശനാക്കി 2020ല്‍ അദ്ദേഹം വിടപറഞ്ഞു.

Content highlight: Story about Maradona’s infamous goal celebration which lead to his career end

Latest Stories

We use cookies to give you the best possible experience. Learn more