| Thursday, 15th November 2018, 4:26 pm

തദ്ദേശവാസികളായ ഇവര്‍ പറയുന്നു.. മണലെടുത്തില്ലാതായിപ്പോകുന്ന ഇവരുടെ ദ്വീപിനെ കുറിച്ച്

ആര്യ. പി

“കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പഞ്ചായത്തിലെ കോറളായി, 270 ഓളം ഏക്കര്‍ പരന്നുകിടക്കുന്ന മനോഹരമായ ദ്വീപ്. ചുറ്റും കൈതകളാല്‍ നിറഞ്ഞ് സമ്പന്നമായിരുന്നു ഇവിടം. ശുദ്ധജലം, ശുദ്ധവായു, പച്ചക്കറി കൃഷി, തെങ്ങിന്‍ തോപ്പ്… അങ്ങനെ പ്രകൃതിയാല്‍ അനുഗ്രഹീതമായ ഒരു നാട്.. എന്നാല്‍ ആ ദ്വീപിന് ഇന്ന് മനോഹാരിത നഷ്ടമായിരിക്കുന്നു. ദ്വീപെന്ന പേര് മാത്രം അവശേഷിക്കും വണ്ണം നാശത്തെ അഭിമുഖീകരിക്കുകയാണ് കോറളായി. ആയിരത്തഞ്ഞൂറോളം പേര്‍ താമസിയ്ക്കുന്ന തുരുത്തില്‍ ശുദ്ധജലം ഇന്ന് കിട്ടാക്കനിയാണ്… തുരുത്തിന്റെ സംരക്ഷണത്തിനായി നിര്‍മ്മിച്ചു നല്‍കിയ കരിങ്കല്‍ ഭിത്തിയും തകര്‍ന്നടിഞ്ഞിരിയ്ക്കുന്നു..”65 കാരനായ ഉസൈന്‍ പുഴയെടുത്തുപോകുന്ന തന്റെ നാടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നത് ഇങ്ങനെയാണ്” …

1980 കളില്‍ 270 ഏക്കറുള്ള ദ്വീപായിരുന്നു കോറളായി. പിന്നീട് പഞ്ചായത്ത് മുതലാളിമാര്‍ക്ക് മണല്‍വാരാനായി ഇവിടം ലേലം ചെയ്തുകൊടുത്തു. അന്ന് തുടങ്ങിയതാണ് ഈ ദ്വീപിന്റെ നാശം” തികഞ്ഞ നിരാശയിലും അതിലുപരി സങ്കടത്തോടെയുമാണ് സ്വന്തം നാട് ഇല്ലാതായിക്കൊണ്ടിരിക്കുന്നതിന്റെ വിഷമം ഉസൈനെപ്പോലെയുള്ള ഇവിടുത്തെ നാട്ടുകാര്‍ പങ്കുവെക്കുന്നത്.

കുറുമാത്തൂര്‍, ചെങ്ങളായി, മയ്യില്‍ ഈ മൂന്ന് പഞ്ചായത്തുകളില്‍ മയ്യില്‍ പഞ്ചായത്തിന്റെ അധീനതയിലാണ് കോറളായി ദ്വീപ്. 18 വാര്‍ഡുകളുള്ള പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെടുന്ന സ്ഥലമാണ് കോളറായി ദ്വീപ്.

“കുറുമാത്തൂര്‍, ചെങ്ങളായി പഞ്ചായത്തിലൊന്നും പൂഴി വാരാനില്ല. മയ്യില്‍ പഞ്ചായത്തിന്റെ പരിധിക്കുള്ളില്‍ ഈ ദ്വീപിന് ചുറ്റും മാത്രമേ പൂഴി വാരുകയുള്ളൂ. മറ്റ് ദ്വീപുകളുണ്ടെങ്കിലും അവിടെ നിന്നൊന്നും പൂഴി കിട്ടില്ല. പലയിടത്തും കല്ലാണ്.-ഭീമമായ മണല്‍കടത്തിനെ കുറിച്ച് ഉസൈന്‍ പറയുന്നത് ഇങ്ങനെ..

ഈ ദ്വീപിന് ചുറ്റുമുള്ള പൂഴി വലിയ തോതില്‍ എടുത്തുകഴിഞ്ഞു. ഏകദേശം 40 തോണിയോളം പൂഴി അതായത് 65 മുതല്‍ 75 വരെ ലോഡ് വരും അത്. അന്നല്ലൊം മുതലാളിമാര്‍ക്ക് ലേലം ചെയ്ത് കൊടുക്കുകയായിരുന്നു. അതിന് ശേഷം പഞ്ചായത്ത് അത് നേരിട്ട് ചെയ്യിക്കാന്‍ തുടങ്ങി.

പഞ്ചായത്ത് നേരിട്ട് ചെയ്യിക്കുന്ന സമയത്ത് ദ്വീപ് 230 ഏക്കറെയുണ്ടായിരുന്നു. ഇപ്പോള്‍ ഏകദേശം അത് 190 ഏക്കറെയായി കുറഞ്ഞു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ ഏറെ പ്രതിഷേധങ്ങളും പരാതികളും ഉയര്‍ന്നതോടെയാണ് പഞ്ചായത്ത് അത് അവസാനിപ്പിച്ചത്. ഇപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞു. എങ്കിലും രാത്രികാലങ്ങളില്‍ അനധികൃതമായി മണല്‍ വാരല്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ഉസൈന്‍ പറയുന്നത്.

ഇതേ രീതിയില്‍ തന്നെയാണ് മുന്നോട്ടുപോക്കെങ്കില്‍ വെറും 10 വര്‍ഷത്തിനുള്ളില്‍ ഈ ദ്വീപ് പൂര്‍ണമായി ഇല്ലാതാകുമെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

40 വര്‍ഷമായി ഈ ദ്വീപില്‍ താമസിക്കുന്ന അസൈനാര്‍ മാസ്റ്റര്‍ക്കും ഇതില്‍ നിന്നും മറ്റൊരഭിപ്രായം പറയാനില്ല. ഒന്നിനും ഒരുകുറവുമില്ലാത്ത സമൃദ്ധമായ നാടായിരുന്നു ഒരുകാലത്ത് കോറളായി എന്ന് അസൈനര്‍ മാസ്റ്റര്‍ പറയുന്നു..

“40 വര്‍ഷമായി ഇവിടെ ജീവിക്കുന്ന ആളാണ് ഞാന്‍. അന്ന് ദ്വീപ് 230 ഏക്കര്‍ സ്ഥലം ഉണ്ടായിരുന്നു. ഇപ്പോള്‍ 175 നും 200 നും ഇടയിലായി സ്ഥലം കുറഞ്ഞു. പൂഴിവാരി സ്ഥലം ഇടിഞ്ഞുപോയി നാശമായ അവസ്ഥയാണ് ഇന്ന്. ഓരോ വര്‍ഷം തോറും ഓരോ ഏക്കര്‍ കണക്കിന് ഓരോ ഭാഗത്തുനിന്നും എടുത്തുപോകുകയാണ്.

മണല്‍പ്രദേശമാണ് ഇത്. ഇതിന്റെ അടിയില്‍ മുഴുവന്‍ മണല്‍ ആയതുകൊണ്ട് പുഴയില്‍ നിന്ന് പൂഴി വാരുന്നതുകൊണ്ട് അടിഞ്ഞുപോകുകയാണ്. പുഴയില്‍ കുഴിയുണ്ടാകുമ്പോള്‍ കരയിലുണ്ടാകുന്ന കുഴി നികന്ന് തുരുത്തിലേക്ക് പോകുന്നു.പണ്ടുകാലത്ത് ഇവിടെ കക്ക പെറുക്കി ജീവിക്കുന്നവരായിരുന്നു ഇവിടെ അധികവും. ഇപ്പോള്‍ പൂഴി വന്ന ശേഷം കക്കയൊന്നും ഇല്ലാതായി.

മണല്‍ക്കടത്തിനെതിരെ നിരവധിപരാതികള്‍ ജില്ലാ കളക്ടര്‍ക്കും സര്‍ക്കാരിനും നല്‍കി. പക്ഷേ നടപടിയൊന്നും ആയില്ല. ഈ കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ പട്ടികജാതി വിഭാഗക്കാരനായ കേശവന്‍ എന്നയാളുടെ ഒരു ഏക്കര്‍ സ്ഥലത്ത് നിന്ന് 50 ശതമാനവും എടുത്തുപോയി. ഇവിടെ കുട്ടികള്‍ കളിക്കുന്ന ഗ്രൗണ്ട് ഉണ്ടായിരുന്നു. ആ ഗ്രൗണ്ട് മുഴുവന്‍ ഇല്ലാതായിപ്പോയി.””- അസൈനാര്‍ മാസ്റ്റര്‍ പറയുന്നു.

1520 ഓളം ആളുകളാണ് ഇന്ന് ഈ ദ്വീപില്‍ കഴിയുന്നത്. പത്ത് സെന്റ് സ്ഥലവും അഞ്ച് സെന്റ് സ്ഥലവുമാണ് പലര്‍ക്കുമുള്ളത്. അന്യനാട്ടില്‍ നിന്ന് വന്നവരും ഇവിടുത്ത താമസക്കാരാണ്.

ഇവിടെ ജനിച്ചുവളര്‍ന്ന ആളുകള്‍ക്ക് അവരുടെ വീടും സ്ഥലവുമാണ് ഇല്ലാതാകുന്നത്. മണല്‍ക്കടത്തിനെതിരെ നിരവധി പരാതികള്‍ ദ്വീപുകാര്‍ നല്‍കിയിരുന്നു. സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിരുന്നു.

ഇതിന്റെ ഫലമായി 65 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ദ്വീപിന്റെ അരികില്‍ ഭിത്തി നിര്‍മ്മിക്കാനായി ഫണ്ട് അനുവദിച്ചു.തുടര്‍ന്ന് ദ്വീപിന്റെ കിഴക്കേയറ്റത്ത് 200 മീറ്റര്‍ ദൂരം സംരക്ഷണഭിത്തി കെട്ടി. എന്നാല്‍ അതിന്റെ ബില്ല് മാറി ഒരു വര്‍ഷം കഴിയുന്നതിന് മുന്‍പ് തന്നെ ഭിത്തി മൊത്തമായി ഇടിഞ്ഞ് വെള്ളത്തിനടിയിലേക്ക് താഴ്ന്നു. ഇവിടെ സംരക്ഷണ ഭിത്തി കെട്ടിയ കല്ലുപോലും ഇന്ന് കാണാനില്ല.

കോറളായിയോട് ബന്ധിച്ചിട്ട് ഒന്നുരണ്ടു ചെറു ദ്വീപുകള്‍ ഉണ്ടായിരുന്നു. ആ ദ്വീപ് ഇപ്പോള്‍ വെറും ഒരു സെന്റ് സ്ഥലം മാത്രമായി ഒതുങ്ങി.

പ്രദേശവാസിയായ ഉസൈന്‍

“120 ഓളം തെങ്ങുകള്‍ ഇവിടെ ഉണ്ടായിരുന്നു. എല്ലാം പോയി. ചുറ്റുപാടുമുള്ള മണല്‍ വാരി കൊണ്ടുപോകുന്നതുകൊണ്ട് തന്നെ അടിഭാഗം എടുത്തുപോകുകയാണ്. ഇനിയും പഞ്ചായത്ത് മണല്‍കടത്തിന് അനുകൂല നിലപാട് എടുക്കുകയാണെങ്കില്‍ ഈ ദ്വീപ് പാടെ ഇല്ലാതാകും”.- നാട്ടുകാര്‍ പറയുന്നു.

ദ്വീപിന് പുറത്ത് ഒരു തുണ്ട് ഭൂമി പോലും ഇവിടുത്തുകാര്‍ക്ക് ഇല്ല. അധികം വൈകാതെ അഭയാര്‍ത്ഥികളായി മാറാനുള്ളവരാണ് തങ്ങളെന്ന് ദ്വീപുകാര്‍ പറയുന്നു.

ഈ പുഴയ്ക്ക് ചുറ്റും പണ്ട് നിറയെ കൈതകളായിരുന്നു. കരയെടുത്തുപോയതോടെ അതെല്ലാം ഇന്ന് ഇല്ലാതായി. ഇനി പുതുതായി വെച്ചുപിടിക്കാമെന്ന് വിചാരിച്ചാലും അതിനുള്ള കര ഇല്ല. ഇനി വളര്‍ത്തിയെടുക്കാനും പ്രയാസമാണ്.

നേരത്തെ പുഴയോട് ചേര്‍ന്ന് തിങ്ങി നില്‍ക്കുന്നത് കൊണ്ട് അത് എങ്ങനെ നട്ടാലും തഴച്ചുവരുമായിരുന്നു. ഇപ്പോള്‍ അതിനും പറ്റില്ല. കുറഞ്ഞെൈ കതോല മാത്രമേയുള്ളൂ. പട്ടികജാതിക്കാരുടെ തൊഴിലായിരുന്നു കൈതോല പായമടയല്‍. അവരിലും അത് കുറഞ്ഞു. പലരും ദ്വീപിന് പുറത്ത് ചെന്ന് ജോലികള്‍ ചെയ്ത് ഉപജീവനം നടത്തുകയാണ്. ഇവിടെ 40 ശതമാനം പട്ടികജാതിക്കാരും 60 ശതമാനം പേര്‍ മുസ്ലീം വിഭാഗക്കാരുമാണ് താമസിക്കുന്നത്.

ശുദ്ധജലം ഇവിടുത്താര്‍ക്ക് ഇന്ന് കിട്ടാക്കനിയാണ്. നേരത്തെ കിണറുകളില്‍ നല്ല വെള്ളമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ഉപ്പുവെള്ളം കുടിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു. പുഴ താഴ്ന്നുപോയതോടെ കടല്‍വെള്ളത്തിന്റെ മര്‍ദ്ദം മുകളിലേക്ക് കൂടി. അപ്പോള്‍ ദ്വീപില്‍ മാത്രം പെയ്യുന്ന വെള്ളം അവിടെ കേന്ദ്രീകരിച്ചുനില്‍ക്കില്ല. അതുകൊണ്ട് തന്നെ ഉപ്പുവെള്ളം കിണറുകളിലേക്ക് അടിച്ചു കയറുകയാണ്.

നാലു ചുറ്റും പുഴയാണെങ്കിലും കോറളായി ദ്വീപ് നിവാസികള്‍ക്കു ശുദ്ധജലം സ്വപ്നം മാത്രം. ജില്ലാ പഞ്ചായത്ത് 2 വര്‍ഷം മുന്‍പു പ്രഖ്യാപിച്ച ശുദ്ധജല വിതരണ പദ്ധതിക്കായി നാട്ടുകാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയെങ്കിലും നടപ്പായില്ല. വളപട്ടണം പുഴയാല്‍ ചുറ്റപ്പെട്ട കോറളായി ദ്വീപിലെ മിക്ക വീടുകളിലെയും കിണറ്റിലെ വെള്ളത്തിന് ഉപ്പുരസമാണ്. ശുദ്ധജലമുള്ള അപൂര്‍വം കിണറുകളില്‍ നിന്നാണു ദ്വീപ് നിവാസികള്‍ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും വെള്ളം ശേഖരിക്കുന്നത്.

“”ഏതാനും വീടുകളിലെ കിണറുകളില്‍ മാത്രമാണ് ശുദ്ധജലമുള്ളത്. അതിനെ ശുദ്ധജലം എന്നൊന്നും പറയാന്‍പറ്റില്ല. എങ്കിലും അത് ഞങ്ങള്‍ കുടിക്കുകയാണ്. പഞ്ചായത്ത് രണ്ട് വര്‍ഷം മുന്‍പ് വെള്ളം തന്നിരുന്നു. കഴിഞ്ഞ വര്‍ഷം അതുമില്ല”” -ഇവര്‍ പറയുന്നു.

കോറളായി പട്ടികജാതി കോളനിയിലേക്കും സമീപത്തെ വീടുകളിലേക്കുമായി ജില്ലാ പഞ്ചായത്ത് 2015-16 വര്‍ഷത്തിലാണ് 28 ലക്ഷം രൂപയുടെ ശുദ്ധജല പദ്ധതി പ്രഖ്യാപിച്ചത്. കിണര്‍ കുഴിക്കാനും ടാങ്ക് നിര്‍മിക്കാനുമുള്ള സ്ഥലം നാട്ടുകാര്‍ ഏറ്റെടുത്തു നല്‍കണമെന്നായിരുന്നു ഉപാധി. ഇതനുസരിച്ചു കിണര്‍ കുഴിക്കാന്‍ 4 സെന്റ് സ്ഥലവും ടാങ്ക് നിര്‍മിക്കാന്‍ എരഞ്ഞിക്കടവ് കോറളായി റോഡരികില്‍ 3 സെന്റ് സ്ഥലവും നാട്ടുകാര്‍ പിരിവെടുത്ത തുക കൊണ്ടു വാങ്ങി ജില്ലാ പഞ്ചായത്തിനു നല്‍കി. എന്നാല്‍ സ്ഥലം കൈമാറി 2 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിയുടെ കരാര്‍ പോലും നല്‍കിയിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. 85 കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിനു പരിഹാരമാകുന്ന പദ്ധതി ഉടന്‍ നടപ്പാക്കണമെന്നാണു ദ്വീപ് നിവാസികളുടെ ആവശ്യം.

ടൂറിസത്തിന് ധാരാളം സാധ്യതകള്‍ ഉള്ള പ്രദേശമാണ് ഇവിടം. നാട്ടുകാര്‍ക്കും അതില്‍ താത്പര്യമുണ്ട്. ദ്വീപിന്റെ വികസനമെങ്കിലും നടക്കുമല്ലോ എന്ന് കരുതിയാണ് ഇതെന്ന് അവര്‍ പറയുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇവിടെ ഒരു ജെട്ടി അനുവദിച്ചിരുന്നു. അത് ഇപ്പോള്‍ നിലവിലുണ്ട്. മറ്റൊന്നും നടന്നിട്ടില്ല. ഒരുഭാഗത്തേക്ക് കടത്തുതോണി ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്.

പാലം വന്ന ശേഷം ഒരു റോഡ് വന്നിരുന്നു. എല്ലാ വീടുകളിലേക്കും റോഡില്ല. പത്ത് വീടുകളിലേക്ക് ഒരുമിച്ച് ഒരു ചെറിയ റോഡുപോലെ ഉണ്ടാക്കിയെടുക്കുന്നുണ്ട്. ശ്മശാനത്തിലേക്കോ ക്ഷേത്രത്തിലേക്കോ മദ്രസയിലേക്കോ ഒന്നും റോഡില്ല. അതെല്ലാം ഇവിടുത്തുകാരുടെ ആവശ്യമാണ്.

തൊഴില്‍ സാധ്യതകളൊന്നും ഇവിടെ ഇല്ല. പ്രധാന തൊഴില്‍ കൃഷിയാണ്. ഇവിടെ എല്ലാവരും കൃഷിക്കാരാണ്. ഒരു സെന്റ് ഭൂമി പോലും വെറുതെ കാണില്ല. വാഴ, കരിമ്പ്, ചേന, കപ്പ് ചേമ്പ് തുടങ്ങി എല്ലാ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. പുറത്തുനിന്ന് വന്ന് താമസിക്കുന്നവര്‍ക്ക് അധികവും തെങ്ങും തോപ്പുകളാണ് ഉള്ളത്. പാട്ടത്തിനെടുത്താണ് കൃഷി ചെയ്താണ് ഇവിടുത്തുകാര്‍ ഉപജീവനം നടത്തുന്നത്.- എന്നാല്‍ ആ കൃഷിയും ഇനി എത്ര നാളത്തേക്കാണെന്ന ആശങ്കയിലാണ് കോളറായി ദ്വീപ് നിവാസികള്‍.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more