2014ല്‍ കപ്പ് നേടാനുള്ള തന്ത്രങ്ങള്‍ തുടങ്ങിയത് 2002ല്‍; ജര്‍മന്‍ ഫുട്‌ബോളിന്റെ കഥ
DSport
2014ല്‍ കപ്പ് നേടാനുള്ള തന്ത്രങ്ങള്‍ തുടങ്ങിയത് 2002ല്‍; ജര്‍മന്‍ ഫുട്‌ബോളിന്റെ കഥ
Sudev A
Tuesday, 30th January 2024, 4:35 pm

ലോകഫുട്‌ബോളില്‍ തങ്ങളുടേതായ സ്ഥാനം കെട്ടിപ്പടുത്തുയര്‍ത്തിയവരാണ് ജര്‍മന്‍ പട. 1900ത്തിലാണ് ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷന്‍ നിലവില്‍ വരുന്നത്. ആദ്യകാലങ്ങളില്‍ വെസ്റ്റ് ജര്‍മനി, ഈസ്റ്റ് ജര്‍മനി, സാര്‍ലാന്‍ഡ് എന്നിങ്ങനെ മൂന്ന് ടീമുകളായാണ് ജര്‍മന്‍ ഫുട്‌ബോള്‍ ചിതറി കിടന്നിരുന്നത്.

എന്നാല്‍ 1990 ന് ശേഷം ഈ മൂന്ന് ടീമുകളും ഒറ്റ അസോസിയേഷന് കീഴിലായി മാറുകയായിരുന്നു. നാല് ലോകകപ്പുകളും, മൂന്ന് യൂറോകപ്പും, ഒരു കോണ്‍ഫഡറേഷന്‍ കപ്പും ആണ് ഇതിനോടകം ജര്‍മന്‍ ടീമിന്റെ ഷെല്‍ഫിലുള്ളത്.

ജര്‍മനി ഈ വലിയ കിരീടങ്ങള്‍ എല്ലാം നേടിയെടുക്കുന്നതില്‍ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന് കൃത്യമായ ഒരു പ്ലാനിങ് ഉണ്ടായിരുന്നു. 1988 മുതലാണ് ജര്‍മന്‍ ഫുട്‌ബോളില്‍ ഒരു പുതിയ ഒരു സംവിധാനം ഉടലെടുത്തത്.

1998ലെ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് മൂന്ന് ഗോളുകള്‍ക്ക് തോറ്റ് ജര്‍മനി പുറത്തായിരുന്നു. പിന്നീട് ഈ തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷന്‍ (ഡി. എഫ്.ബി ) ഒരുപാട് ശ്രെമങ്ങള്‍ നടത്തുകയും യുവനിരയുടെ അഭാവമാണ് ടീമിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് മനസിലാക്കുകയും ചെയ്തു.

ഈയൊരു പ്രശ്‌നം മറികടക്കുന്നതിനായി ഡി.എഫ്.ബി ജര്‍മന്‍ ഫുട്‌ബോളില്‍ പുതിയൊരു പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു. യുവനിരയെ ഉയര്‍ത്തികൊണ്ടുവരുന്നതിന് വേണ്ടി പല നടപടികളും ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടപ്പാക്കുകയായിരുന്നു.

2000ത്തില്‍ നടന്ന യൂറോ കപ്പില്‍ ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. ഇംഗ്ലണ്ടിനോടും പോര്‍ച്ചുഗലിനോടും പരാജയപ്പെട്ടു കൊണ്ടായിരുന്നു ജര്‍മന്‍ പട അവരുടെ യൂറോ പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2002 ലോകകപ്പില്‍ ഫൈനല്‍ വരെ എത്തിയ ജര്‍മനി ബ്രസീലിനോട് പരാജയപ്പെട്ട് കിരീട മോഹങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് നടന്ന 2004 യൂറോകപ്പില്‍ ചെക്ക് റിപ്പബ്ലിക്കിനോട് പരാജയപ്പെട്ടും ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു.

ഈ മോശം പ്രകടനങ്ങളെല്ലാം മുന്‍നിര്‍ത്തികൊണ്ട് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുതിയ ഒരു സിസ്റ്റം ജര്‍മനിയില്‍ കൊണ്ടുവരുകയായിരുന്നു. ജര്‍മനിയുടെ ഈ പ്ലാനിങ് ആണ് അവിടത്തെ ഫുട്‌ബോളില്‍ വിപ്ലവാത്മകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

യുവനിരക്ക് പ്രാധാന്യമുള്ള ഒരു അക്കാദമിക് സിസ്റ്റമാണ് ജര്‍മനിയില്‍ തുടക്കം കുറിച്ചത്. യുവതാരങ്ങളാണ് ഭാവിയിലെ ടീമുകളുടെ പ്രധാന ഘടകം എന്ന് മനസ്സിലാക്കിയ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ 1200ഓളം പ്രാദേശിക കോച്ചിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും അവിടെ 13, 17 വയസ്സുള്ള കുട്ടികള്‍ക്ക് മികച്ച കൊച്ചിങ് സംവിധാനത്തിലൂടെ അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള മികച്ച സൗകര്യങ്ങള്‍ കൊണ്ടുവരുകയും ചെയ്തു. മറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ ജര്‍മനിയിലെ ഫസ്റ്റ് ഡിവിഷന്‍ ടീമുകളില്‍ വന്നു കളിക്കാന്‍ തുടങ്ങുകയും ചെയ്തു.

മികച്ച താരങ്ങളെ കണ്ടെത്താന്‍ ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷന്‍ ജര്‍മനിയിലെ ചെറിയ ഗ്രാമങ്ങളിലേക്ക് പോവുകയും അവിടെ നിന്നും മികച്ച ടാലെന്റ് ഉള്ള താരങ്ങളെ സ്‌കൗട്ട് ചെയ്യുകയും ചെയ്തു. ഒന്നാം ഡിവിഷന്‍ കളിക്കുന്ന ക്ലബ്ബുകള്‍ക്ക് അക്കാദമികള്‍ നല്‍കുകയും മികച്ച കോച്ചുമാരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഡി.എഫ്.ബി 1300 ഓളം കൊച്ചുമാര്‍ക്ക് ലൈസെന്‍സുകള്‍ നല്‍കുകയും ചെയ്തു. 2007ല്‍ ജൂനിയര്‍ ബുണ്ടസ് ലീഗ ആരംഭിച്ചു.

ഇതിന്റെയെല്ലാം ഫലമായി 2009 ല്‍ നടന്ന അണ്ടര്‍ 21 യൂറോ കപ്പ് ജര്‍മനി സ്വന്തമാക്കി. ആ ടൂര്‍ണമെന്റില്‍ ജര്‍മനിക്കായി കളിച്ച യുവനിരയില്‍ അസാമാന്യ പ്രതിഭകളുള്ള ഒരുപാട് താരങ്ങള്‍ ഉണ്ടായിരുന്നു.മാനുവല്‍ ന്യൂയര്‍, മാറ്റ് ഹമ്മല്‍സ്, ടോണി ക്രൂസ്, മെസൂട്ട് ഓസില്‍, സമി കതീര തുടങ്ങിയ യുവതാരങ്ങള്‍ 2009ലെ കിരീടനേട്ടത്തില്‍ ജര്‍മന്‍ ടീമിനൊപ്പം ഉണ്ടായിരുന്നു.

ഈ ടീമിലെ യുവതാരങ്ങളില്‍ പലരും 2010ല്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിക്ക് വേണ്ടി പ്രധിനിധീകരിക്കുകയും സെമിഫൈനല്‍ വരെ പോരാടുകയും ചെയ്തു. ആ ലോകകപ്പില്‍ ജര്‍മന്‍പട 16 ഗോളുകളുമായി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ടീമായി മാറുകയും ചെയ്തു.

1998 ല്‍ തുടങ്ങിയ ഈ മാറ്റങ്ങള്‍ 2014ലെ ബ്രസീലിയന്‍ ലോകകപ്പിലാണ് സാധ്യമായത്. മിറോസ്ലാവ് ക്ലോസെ,ബാസ്റ്റി സ്വിന്‍സ്റ്റീഗര്‍, മരിയോ ഗോട്‌സെ, ഫിലിപ്പ് ലാം, ടോണി ക്രൂസ്, ആന്ദ്രേ ഷുര്‍ളെ തോമസ് മുള്ളര്‍, മാനുവല്‍ ന്യൂയര്‍, മെസൂട്ട് ഓസില്‍ തുടങ്ങിയ ഒട്ടനവധി മികച്ച താരങ്ങളിലൂടെ ജര്‍മ്മനി നാലാം ലോകകിരീടം ഉയര്‍ത്തുകയും ചെയ്തു.

അര്‍ജന്റീനയെ എക്‌സ്ട്രാ ടൈമില്‍ മരിയോ ഗോട്‌സെയുടെ ഗോളിലൂടെയായിരുന്നു ജര്‍മനിയുടെ കിരീട നേട്ടം. മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം 2017ല്‍ ചിലിയെ വീഴ്ത്തി ജര്‍മന്‍ യുവനിര കോണ്‍ഫെഡറേഷന്‍ കപ്പും സ്വന്തമാക്കി.

എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ജര്‍മന്‍ ഫുട്ബാള്‍ അല്പം നിറം മങ്ങി പോവുകയായിരുന്നു. 2018 റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സൗത്ത് കൊറിയയോട് പരാജയപ്പെട്ടാണ് ജര്‍മനി പുറത്തായത്. 2021 യൂറോകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് ജര്‍മനി വീണപ്പോള്‍ 2022 ഖത്തര്‍ ലോകകപ്പില്‍ ജപ്പാന് മുന്നിലാണ് ജര്‍മനി വീണത്.

ജര്‍മനി താരങ്ങള്‍ ക്ലബ്ബുകളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുമ്പോള്‍ ദേശീയ ടീമിന്റെ കുപ്പായം അണിയുമ്പോള്‍ താരങ്ങള്‍ നിറം മങ്ങിപോവുകയായിരുന്നു. 2021ലാണ് ജോക്കിം ലോ നീണ്ട കാലങ്ങള്‍ക്ക് ശേഷം ജര്‍മന്‍ ടീമിനൊപ്പമുള്ള പരിശീലക കുപ്പായം ഊരി വെച്ചത്. ലോക്ക് പകരക്കാരനായി ഹാന്‍സി ഫ്ലിക്ക് ആയിരുന്നു ജര്‍മനിയുടെ പരിശീലക സ്ഥാനത്തേക്ക് എത്തിയത്.

ബയേണ്‍ മ്യൂണിക്കിനായി ഒറ്റ സീസണില്‍ ഏഴ് കിരീടങ്ങള്‍ നേടിക്കൊടുത്ത ഹാന്‍സി ഫ്ലിക്കിനും ജര്‍മന്‍ ടീമില്‍ താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഫ്ലിക്കിന്റെ കീഴില്‍ ഖത്തര്‍ ലോകകപ്പില്‍ ജര്‍മനി നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. ഒടുവില്‍ ഫ്‌ളിക്കും ജര്‍മനിയുടെ പരിശീലകസ്ഥാനത്ത് നിന്നും പുറത്തായി. ഹാന്‍സി ഫ്‌ളിക്കിന് പകരക്കാരനായി ജൂലിയന്‍ നെഗ്ലസ് മാന്‍ ആണ് ഇപ്പോള്‍ ജര്‍മന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍.

നെഗ്ലസ്മാന്റെ കീഴില്‍ ഈ വര്‍ഷം സ്വന്തം തട്ടകത്തില്‍ വെച്ച് നടക്കുന്ന യൂറോ കപ്പില്‍ ജര്‍മനി അണിനിരക്കും. അതേസമയം 2022 അണ്ടര്‍ 21 യൂറോ കിരീടം ജര്‍മന്‍ യുവനിര സ്വന്തമാക്കിയിരുന്നു. ഈ യുവനിരയുടെ പോരാട്ടവീര്യങ്ങള്‍ തന്നെയാണ് ഇനി ജര്‍മന്‍ ഫുട്‌ബോളിന്റെ ഭാവിയിലെ വലിയ പ്രതീക്ഷകള്‍.

Content Highlight: Story about Germany football team.

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.