| Saturday, 17th December 2022, 11:55 pm

മധ്യനിരയെ അനാഥമാക്കി ലൂക്ക മടങ്ങുന്നു; ആളെണ്ണത്തില്‍ മലപ്പുറത്തോളം പോന്ന ക്രൊയേഷ്യയെ ലോകത്തോളം പേരു നല്‍കിയത് മോഡ്രിച്ചാണ്

ഷിബു ഗോപാലകൃഷ്ണൻ

ആളെണ്ണത്തില്‍ നമ്മുടെ മലപ്പുറത്തോളം പോന്ന ഒരു കുഞ്ഞന്‍ രാജ്യമാണ് ക്രൊയേഷ്യ. ആ ക്രൊയേഷ്യക്ക് ലോകത്തോളം വലിപ്പമുള്ള പേരു നല്‍കിയത് മോഡ്രിച്ചാണ്. അയാള്‍ മിഡ്ഫീല്‍ഡില്‍ നിറഞ്ഞാടിയ ഒന്നരപതിറ്റാണ്ടാണ് ക്രൊയേഷ്യയെ ഫുട്‌ബോളിന്റെ ലോകഭൂപടത്തില്‍ ഒരു അത്ഭുതം പോലെ അടയാളപ്പെടുത്തിയത്.

മോഡ്രിച്ച് മധ്യനിരയില്‍ നിന്നും തൊടുത്തുവിട്ട പന്തിന്റെ ഊക്കിലാണ് കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യ ഫൈനല്‍ കളിച്ചതെങ്കില്‍ ഇത്തവണയും അതേ ബൂട്ടിന്റെ കൃത്യതയിലാണ് ക്രൊയേഷ്യ മൂന്നാംസ്ഥാനക്കാരായി ലോകകപ്പ് ഫിനിഷ് ചെയ്യുന്നത്. ഒന്നാം സ്ഥാനമെന്ന സ്വപ്നത്തെ വഴിയില്‍ ഉപേക്ഷിച്ച് ഒരിക്കല്‍ കൂടി അയാള്‍ പിന്‍വാങ്ങുന്നു.

മോഡ്രിച്ച് ഇല്ലാത്ത ലോകകപ്പ് മൈതാനങ്ങളാണ് ഇനി നമ്മളെ കാത്തിരിക്കുന്നത്. മധ്യനിരയെ അനാഥമാക്കി അയാള്‍ മടങ്ങുന്നു.
മോഡ്രിച്ച് എന്ന ഒരു കുഗ്രാമത്തില്‍ യുദ്ധം മൈനുകള്‍ കുഴിച്ചിട്ട വഴികളില്‍ പന്തുരുട്ടി കളിച്ചു വളര്‍ന്നതാണ് മോഡ്രിച്ച്.

ക്രൊയേഷ്യന്‍ വംശജര്‍ നാടുവിട്ടുപോകണമെന്ന സെര്‍ബിയന്‍ പട്ടാളത്തിന്റെ ശാസന അനുസരിക്കാത്തതിനാല്‍ വെടിയേറ്റു വീണ മുത്തശ്ശന്റെ അതേ പേരുള്ള ലൂക്ക മോഡ്രിച്ച്. അഭയാര്‍ത്ഥി ക്യാമ്പുകളായിരുന്നു മോഡ്രിച്ചിന്റെ ഫുട്‌ബോള്‍ ക്യാമ്പുകള്‍.

അവിടെ നിന്നും മെസിയും റൊണാള്‍ഡോയും അഴിഞ്ഞാടിയ ഫുട്‌ബോള്‍ മൈതാനത്ത് 2018ലെ ബാലണ്‍ ഡിയോറും പിടിച്ചു നിങ്ങള്‍ നിന്നപ്പോള്‍ ഞങ്ങളുടെ ലോകം പിന്നെയും വലുതായി. നന്ദി മോഡ്രിച്ച്, മധ്യനിരയുടെ പേരില്‍ ഞങ്ങളെ പുളകം കൊള്ളിച്ചതിന്, കുഴിബോംബുകളില്‍ നിന്നും കയറിവന്നു മൈതാനങ്ങളിലെ യുദ്ധം നയിച്ചതിന്.

Content Highlight: Story about Croatian football legend Luka Modrić

ഷിബു ഗോപാലകൃഷ്ണൻ

We use cookies to give you the best possible experience. Learn more