എമിലിയാനോ മാര്‍ട്ടിനസ് ഒരു നിധിയാണ്; അദ്ദേഹം അര്‍ജന്റീനയെ രക്ഷിക്കുന്നത് ഇതാദ്യമല്ല
football news
എമിലിയാനോ മാര്‍ട്ടിനസ് ഒരു നിധിയാണ്; അദ്ദേഹം അര്‍ജന്റീനയെ രക്ഷിക്കുന്നത് ഇതാദ്യമല്ല
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th December 2022, 4:15 am

ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോളണ്ടിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍ പ്രവേശിച്ചിരിക്കുകയാണ്. 2-2 എന്ന സ്‌കോറില്‍ അധിക സമയവും അവസാനിച്ച മത്സരത്തില്‍ ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയുടെ വിജയം. 4- 3 ആണ്ഷൂട്ടൗട്ടിലെ സ്‌കോറിങ്.

ഇതോടെ ഹോളണ്ടിന്റെ ആദ്യ രണ്ട് കിക്കുകള്‍ തടത്ത എമിലിയാനോ മാര്‍ട്ടിനസ് വീണ്ടും അര്‍ജന്റീനയുടെ രക്ഷകനായിരിക്കുകയാണ്.

2021ല്‍ അര്‍ജന്റീന മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കോപ്പാ അമേരിക്ക കിരീടം നേടിയപ്പോഴും മെസിയുടെ അവസാന ലോകകപ്പാണെന്ന് വിലയിരുത്തുന്ന ഖത്തര്‍ ലോകകപ്പിലും, അര്‍ജന്റൈന്‍ വിജയത്തിന് നിര്‍ണായകമാവുകയാണ് 30കാരനായ എമിലിയാനോ മാര്‍ട്ടിനസ്.

2021ലെ കോപ്പാ അമേരിക്ക സെമി ഫൈനലില്‍ കൊളംബിയയോട് പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് അര്‍ജന്റീന വിജയിക്കുന്നത്. അന്നും നിര്‍ണായക കിക്കുകള്‍ തടഞ്ഞ്
ടീമിന്റെ രക്ഷകനായത് മാര്‍ട്ടിനസായിരുന്നു.

ഖത്തര്‍ ലോകകപ്പിലും ടീമിന്റെ നിധിയായിട്ടാണ് മാര്‍ട്ടിനസ് നിലകൊണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ സൗദിയോട് തോറ്റ് തുടങ്ങിയ അര്‍ജന്റീനക്ക് പിന്നീടുള്ള എല്ലാ മത്സരങ്ങളും നിര്‍ണായകമായിരുന്നു.

ഇതില്‍ മെക്‌സിക്കോയുമായുള്ള രണ്ടാം മത്സരത്തില്‍ മര്‍ട്ടിനസിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ആ മത്സരത്തില്‍ ഫ്രീകിക്ക് സേവ് അടക്കം ക്ലീന്‍ ചിറ്റ് നേടാന്‍ മാര്‍ട്ടിനസിനായി. പിന്നീട് പോളണ്ടിനെതിരെയും ക്ലീന്‍ ചിറ്റ് വാങ്ങിയ മാര്‍ട്ടിനെസ്, പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെയും നിര്‍ണായക സേവുകള്‍ നടത്തി അര്‍ജന്റീനയുടെ രക്ഷകനായി. ഇപ്പോള്‍ ഹോളണ്ടിനെതിരെയും മികച്ച പ്രകടനം തുടര്‍ന്ന് അര്‍ജന്റീനക്ക് ശ്വാസം നല്‍കുകയാണ് എമിലിയാനോ മാര്‍ട്ടിനസ്.

അതേസമയം, ഷൂട്ടൗട്ടില്‍ നാല് അര്‍ജന്റൈന്‍ താരങ്ങള്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ മൂന്ന് പേരാണ് ഡച്ച് പടയില്‍ നിന്ന് ലക്ഷ്യം കണ്ടത്. നാലാമത് കിക്കെടുത്ത എന്‍സോ ഫെര്‍ണ്ടറസിനാണ് അര്‍ജന്റീനന്‍ നിരയില്‍ പിഴച്ചത്.

90 മിനിട്ടും 10 മിനിട്ട് ഇന്‍ജ്വറി ടൈമും കഴിഞ്ഞതോടെയായിരുന്നു മത്സരം അധികസമയത്തിലേക്ക് പോയത്. അവസാന നിമിഷം അര്‍ജന്റീന നേടിയ രണ്ട് ഗോള്‍ തിരിച്ചടിച്ച് ഹോളണ്ട് കളി തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു.

Content Highlight: Story about argentina’s goa keper emiliano martínez