| Saturday, 31st December 2022, 8:13 am

കളിക്കുന്ന മേജര്‍ ലീഗുകള്‍ ഏതൊക്കെ, ടീമിലെ മറ്റ് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെ; അല്‍ നസറിനെ കുറിച്ച് അറിയേണ്ടതെന്തെല്ലാം

സ്പോര്‍ട്സ് ഡെസ്‌ക്

വളരെ കുറച്ചു നാളുകള്‍ക്ക് മുമ്പ് മാത്രമാണ് ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ അല്‍ നസര്‍ എന്ന പേര് പതിഞ്ഞുതുടങ്ങിയത്. റെക്കോഡ് തുകക്ക് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വാങ്ങാന്‍ ശ്രമിക്കുന്ന ക്ലബ്ബ് എന്ന നിലയിലാണ്‌ യൂറോപ്യന്‍ ആരാധകര്‍ക്കിടയില്‍ അല്‍ നസര്‍ ചര്‍ച്ചയായത്.

സ്വന്തം ലീഗില്‍ അതികായരാണെങ്കിലും സൗദിക്ക് പുറത്ത് അത്രത്തോളം പേരും പെരുമയുമില്ലാതിരുന്ന ക്ലബ്ബിന് റൊണോയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നു എന്ന ഒറ്റ റൂമര്‍ കാരണം ലഭിച്ച പ്രശസ്തി ചില്ലറയല്ല.

ഇന്നിപ്പോള്‍ ആ റൂമര്‍ സത്യമാക്കിക്കൊണ്ട് അല്‍ നസര്‍ ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തേയും വമ്പന്‍ പേരുകാരില്‍ ഒരാളായ റൊണാള്‍ഡോയെ സ്വന്തമാക്കിയിരിക്കുകയാണ്.

റൊണാള്‍ഡോ ടീമിലെത്തിയത് കേവലം അല്‍ നസര്‍ എന്ന ക്ലബ്ബിന് മാത്രമല്ല, മറിച്ച് ഏഷ്യന്‍ ഫുട്‌ബോളിന് തന്നെ നല്‍കുന്ന ഡ്രൈവിങ് ഫോഴ്‌സ് ചില്ലറയായിരിക്കില്ല.

റൊണാള്‍ഡോ അല്‍ നസറുമായി കരാറിലെത്തി എന്നല്ലാതെ ആ ക്ലബ്ബിനെ കുറിച്ചോ അവര്‍ പങ്കെടുക്കുന്ന മേജര്‍ ലീഗുകളെ കുറിച്ചോ പലര്‍ക്കും വലിയ ധാരണ കാണില്ല.

67 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1955 ഒക്ടോബര്‍ 24നാണ് അല്‍ നസര്‍ എന്ന ഫുട്‌ബോള്‍ ക്ലബ്ബ് പിറവിയെടുക്കുന്നത്. സൗദി അറേബ്യയിലെ റിയാദില്‍ നിന്നും ഉയര്‍ന്നുവന്ന ക്ലബ്ബാണിത്. മിര്‍സൂല്‍ പാര്‍ക്ക് (Mrsool P-ark) ആണ് ഹോം സ്‌റ്റേഡിയം. ദി ഇന്റനാഷണല്‍ ക്ലബ്ബ് എന്നര്‍ത്ഥം വരുന്ന അല്‍-ആലാമി എന്നാണ് ടീമിന്റെ വിളിപ്പേര്.

നസര്‍ എന്ന അറബി വാക്കിനര്‍ത്ഥം വിജയം എന്നാണ്. പേരിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ 27 തവണയാണ് അല്‍ നസര്‍ വിവധ ലീഗുകളില്‍ ചാമ്പ്യന്‍മാരായത്.

ഡൊമസ്റ്റിക് ലെവലില്‍ ഒമ്പത് തവണയാണ് അല്‍ നസര്‍ സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കിയത്. ഇതിന് പുറമെ ആറ് തവണ കിങ്‌സ് കപ്പും മൂന്ന് തവണ ക്രൗണ്‍ പ്രിന്‍സ് കപ്പും സ്വന്തമാക്കിയ അല്‍ നസര്‍ ഫെഡറേഷന്‍ കപ്പ് മൂന്ന് തവണയും സൗദി സൂപ്പര്‍ കപ്പ് രണ്ട് തവണയും റിയാദിലെത്തിച്ചു.

അന്താരാഷ്ട്ര തലത്തില്‍ രണ്ട് തവണ ജി.സി.സി. ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയ ടീം ഏഷ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പും ഏഷ്യന്‍ സൂപ്പര്‍ കപ്പും സ്വന്തമാക്കി ഹിസ്റ്റോറിക് ഏഷ്യന്‍ ഡബിളും സ്വന്തമാക്കിയിരുന്നു.

അല്‍ നസര്‍ എന്ന പേരില്‍ ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, യു.എ.ഇ, ലിബിയ എന്നിവിടങ്ങളിലും മറ്റ് ക്ലബ്ബുകള്‍ ഉണ്ടെങ്കിലും സൗദി ക്ലബ്ബാണ് ആദ്യം ഈ പേര് സ്വീകരിച്ചത്.

മഞ്ഞയും നീലയുമാണ് ടീമിന്റെ നിറങ്ങള്‍. മഞ്ഞ നിറം സൗദി അറേബ്യയിലെ വിശാലമായ മരുഭൂമികളെയും മണല്‍ പരപ്പിനെയും പ്രതിനിധാനം ചെയ്യുമ്പോള്‍ അറബിക്കടലിലെ വെള്ളത്തെയാണ് നീല നിറം റെപ്രെസെന്റ് ചെയ്യുന്നത്. മഞ്ഞ ബാക്ക്ഗ്രൗണ്ടില്‍ സൗദിയുടെ ഭൂപടമാണ് ടീമിന്റെ ക്രസ്റ്റ്.

1989 മുതല്‍ 2002 വരെയായിരുന്നു ടീമിന്റെ സുവര്‍ണ കാലമായി കണക്കാക്കിയിരുന്നത്. സൗദിയുടെ ഗോള്‍ഡന്‍ ട്രയോ എന്നറിയപ്പെട്ടിരുന്ന മജീദ് അബ്ദുള്ള, ഫഹദ് അല്‍ ഹെരാഫി, മുഹസീന്‍ അല്‍ ജമാന്‍ എന്നിവരായിരുന്നു ടീമിന്റെ കരുത്ത്.

ഈ ഗോള്‍ഡന്‍ ട്രയോ ഫുട്‌ബോളില്‍ നിന്നും പടിയിറങ്ങിയതോടെ ടീമിന്റെ പ്രതാപവും പതിയെ മങ്ങുകയായിരുന്നു. 2003 മുതല്‍ 2007 വരെയുള്ള കാലത്ത് അല്‍ നസര്‍ എന്ന ക്ലബ്ബ് ചിത്രത്തില്‍ പോലും ഉണ്ടായിരുന്നില്ല.

ശേഷം 2014 വരെ വലിയ ചലനങ്ങളൊന്നുമുണ്ടാക്കാതെ മുന്നേറിയ ടീം ആ സീസണിന്റെ ഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ ചിര വൈരികളായ അല്‍ ഹിലാലിനോട് പെനാല്‍ട്ടിയില്‍ തോല്‍ക്കാനായിരുന്നു വിധി. തുടര്‍ന്നുള്ള സീസണുകളില്‍ നഷ്ടപ്പെട്ടത് ഓരോന്നായി തിരികെ പിടിക്കുന്ന അല്‍ നസറിനെയായിരുന്നു ഫുട്‌ബോള്‍ ലോകം കണ്ടത്.

നിരവധി കിരീടനേട്ടത്തിനൊപ്പം ഫുട്‌ബോള്‍ ലെജന്‍ഡ് റൊണാള്‍ഡോയെ ടീമിലെത്തിച്ചതും അല്‍ നസറിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തും.

സൗദി താരങ്ങള്‍ തന്നെയാണ് ടീമിന്റെ കരുത്ത്. ഇവര്‍ക്ക് പുറമെ 2022 ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനെ തോല്‍പിച്ച കാമറൂണിന്റെ ബ്ലാക്ക് സ്റ്റാലിയണ്‍ വിന്‍സെന്റ് അബൂബക്കര്‍, ഐവറി കോസ്റ്റ് ഇന്റര്‍നാഷണല്‍ ഗിസ്ലൈന്‍ കോനന്‍, സ്‌പെയ്ന്‍ താരം ആല്‍വരോ ഗോണ്‍സാല്‍വസ് തുടങ്ങി എണ്ണമറ്റ താരങ്ങളാണ് അല്‍ നസറിനെ ശക്തരാക്കുന്നത്.

Content highlight: Story about Al Nassr FC

We use cookies to give you the best possible experience. Learn more