| Wednesday, 7th December 2022, 3:29 am

പെലക്ക് ശേഷം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന പ്രായം കുറഞ്ഞ താരം; ഭാവിയില്‍ റോണോയുടെ ശരിക്കും പകരക്കാരനായേക്കാം ഗോണ്‍സാലോ റാമോസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഗോണ്‍സാലോ റാമോസ് എന്ന 21 കാരന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു പ്രീക്വാര്‍ട്ടറില്‍ പോര്‍ചുഗല്‍- സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തില്‍ കാണാനായത്. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് 21 കാരനായ റാമോസ് നേടിയത്.

മത്സരത്തിന്റെ 17-ാം മിനിട്ടിലായിരുന്നു ഗോണ്‍സാലോ റാമോസിന്റെ ആദ്യ ഗോള്‍. പിന്നീട് 51, 67 മിനിട്ടുകളില്‍ റാമോസ് ലീഡുയര്‍ത്തി. ഇതോടെ ഫുട്‌ബോള്‍ ഇതിഹാസം പെലക്ക് ശേഷം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് റാമോസ്.

ജാവോ ഫെലിക്‌സിന്റെ നിന്ന് ത്രോ ഇന്‍ വഴി പന്ത് സ്വീകരിച്ച് പോസ്റ്റിന്റെ മുകളിലെ ഇടതുമൂലയിലേക്ക് അടിച്ചാണ് ഗോണ്‍സാലോയുടെ ആദ്യ ഗോള്‍. ആറ് ഗോള്‍ കണ്ട മത്സരത്തിലെ മികച്ച ഫിനിഷിങ്ങും ഇതായിരുന്നു.

പോര്‍ചുഗല്‍ ക്ലബ്ബായ ബെന്‍ഫിക്കയുടെ താരമാണ് റാമോസ്. ഒല്‍ഹാവോയില്‍ ജനിച്ച റാമോസ് ബെന്‍ഫിക്കയുടെ യൂത്ത് അക്കാദമിയിലൂടെയാണ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്.

2022 നവംബറില്‍ നൈജീരിയയ്ക്കെതിരായ ഒരു സൗഹൃദ മത്സരത്തില്‍ പോര്‍ചുഗലിനായി ഗോള്‍ നേടിയതോടെയാണ് റാമോസ് ശ്രദ്ധിക്കപ്പെടുന്നത്. മത്സരത്തില്‍ 4-0നായിരുന്നു പോര്‍ച്ചുഗല്‍ വിജയം.

അതേസമയം, 6-1നാണ് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ പോര്‍ച്ചുഗലിന്റ വിജയം. ഗാണ്‍സാലോ റാമോസിനെ കൂടാതെ നായകന്‍ പെപേയും റാഫേല്‍ ഗ്വിറേറോയും റാഫേല്‍ ലിയോയും ഓരോ ഗോളുകളടിച്ചു. മാന്വല്‍ അകഞ്ചിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിനായി ഒരു ഗോള്‍ നേടിയത്.

Content Highlight: Store about Portugal super player Gonçalo Ramos

We use cookies to give you the best possible experience. Learn more