ഗോണ്‍സാലോ റാമോസ് എന്ന 21 കാരന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു പ്രീക്വാര്‍ട്ടറില്‍ പോര്‍ചുഗല്‍- സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തില്‍ കാണാനായത്. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് 21 കാരനായ റാമോസ് നേടിയത്.
മത്സരത്തിന്റെ 17-ാം മിനിട്ടിലായിരുന്നു ഗോണ്‍സാലോ റാമോസിന്റെ ആദ്യ ഗോള്‍. പിന്നീട് 51, 67 മിനിട്ടുകളില്‍ റാമോസ് ലീഡുയര്‍ത്തി. ഇതോടെ ഫുട്‌ബോള്‍ ഇതിഹാസം പെലക്ക് ശേഷം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് റാമോസ്.
ജാവോ ഫെലിക്‌സിന്റെ നിന്ന് ത്രോ ഇന്‍ വഴി പന്ത് സ്വീകരിച്ച് പോസ്റ്റിന്റെ മുകളിലെ ഇടതുമൂലയിലേക്ക് അടിച്ചാണ് ഗോണ്‍സാലോയുടെ ആദ്യ ഗോള്‍. ആറ് ഗോള്‍ കണ്ട മത്സരത്തിലെ മികച്ച ഫിനിഷിങ്ങും ഇതായിരുന്നു.
പോര്‍ചുഗല്‍ ക്ലബ്ബായ ബെന്‍ഫിക്കയുടെ താരമാണ് റാമോസ്. ഒല്‍ഹാവോയില്‍ ജനിച്ച റാമോസ് ബെന്‍ഫിക്കയുടെ യൂത്ത് അക്കാദമിയിലൂടെയാണ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്.