'മാനുഷിക സഹായം തടയുന്നത് യുദ്ധക്കുറ്റം'; ഇസ്രഈലിനെതിരെ സൗദി അറേബ്യ
World News
'മാനുഷിക സഹായം തടയുന്നത് യുദ്ധക്കുറ്റം'; ഇസ്രഈലിനെതിരെ സൗദി അറേബ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2024, 5:08 pm

റിയാദ്: ഇസ്രഈലിനെതിരെ രൂക്ഷവിമര്‍ശനവുമായി സൗദി അറേബ്യ. ഗസയിലേക്കുള്ള മാനുഷിക സഹായം തടയുന്ന ഇസ്രഈല്‍ സര്‍ക്കാരിന്റെ നടപടികള്‍ യുദ്ധക്കുറ്റമാണെന്ന് സൗദി അറേബ്യ പറഞ്ഞു. ഗസയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ സാധ്യമാകാത്തത് അന്താരാഷ്ട്ര സുരക്ഷാ സംവിധാനത്തിന്റെ പരാജയമാണെന്നും സൗദി അറേബ്യ ചൂണ്ടിക്കാട്ടി.

സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫർഹാനാണ് ഗസയിലെ ഇസ്രഈല്‍ നീക്കത്തിനെതിരെ രംഗത്തെത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ ഇസ്രഈല്‍ തയ്യാറാവാത്തതിലും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചതായി ഫൈസല്‍ ബിന്‍ ഫര്‍ഹാനെ ഉദ്ധരിച്ച് സൗദി സ്റ്റേറ്റ് ചാനലായ അല്‍-ഇഖ്ബാരിയ റിപ്പോര്‍ട്ട് ചെയ്തു.

ചില രാഷ്ട്രങ്ങള്‍ ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ കൃത്യമായ സന്ദേശം നല്‍കുന്നുണ്ടെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. ഈ പിന്തുണ ഫലസ്തീനികള്‍ക്ക് ഒരു നിര്‍ണായക വിഷയത്തില്‍ സ്വയമേവ തീരുമാനമെടുക്കാന്‍ കഴിയാത്തവരാണെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ അന്താരാഷ്ട്ര സുരക്ഷാ സംവിധാനങ്ങളെയും പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറയുകയുണ്ടായി.

മാനുഷിക സഹായം തടയുന്നതില്‍ അന്താരാഷ്ട്ര കോടതിയും ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടും ഇസ്രഈല്‍ ഗസയില്‍ സൈനിക നടപടി തുടരുകയാണ്. ഇതിന് തുടര്‍ന്ന് ഫലസ്തീനിലെ കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുന്നുണ്ട്.

കഴിഞ്ഞ ദിവസം, ഇസ്രഈലിന്റെ വ്യോമാക്രമണത്തില്‍ പൊള്ളലേറ്റ കുട്ടികളുടെ ശരീരത്തിലെ മുറിവുകള്‍ പുഴുവരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവവും മരുന്നുകളുടെ ലഭ്യത കുറവുമാണ് ഇതിന് കാരണമായത്.

അതേസമയം തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഗസയിലേക്ക് വലിയ തോതില്‍ മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. തുര്‍ക്കിയിലെ ഹ്യുമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷന്‍ ഗസയിലെ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഫൗണ്ടേഷന്‍ ഗാസയില്‍ 10 ദശലക്ഷത്തോളം ചൂടുള്ള ഭക്ഷണം, ഒമ്പത് ദശലക്ഷം റൊട്ടി, 176,000 ഭക്ഷണ പൊതികള്‍ എന്നിവ വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. മൊബൈല്‍ അടുക്കളകള്‍ മുഖേനയാണ് ഫണ്ടേഷന്‍ ഇത് നടപ്പിലാക്കുന്നത്.

കൂടാതെ യു.എന്നിന്റെ മാനുഷിക സഹായവും ഗസയില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇസ്രഈലി സൈന്യത്തിന്റെ നടപടികളാല്‍ ഒന്നിലധികം തവണ മാനുഷിക സഹായമെത്തിക്കുന്നതില്‍ യു.എന്‍ പ്രതിസന്ധി നേരിട്ടിട്ടുണ്ട്. ഇതേ സാഹചര്യം ഇപ്പോഴും ഗസയില്‍ തുടരുന്ന പശ്ചാത്തലത്തിലാണ് സൗദി അറേബ്യ ഇസ്രഈലിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

Content Highlight: ‘Stopping humanitarian aid is a war crime’; Saudi Arabia against Israel