| Friday, 24th April 2020, 7:52 pm

ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാതെ കോടികളുടെ ആ പാഴ്‌ചെലവുകള്‍ ഒഴിവാക്കൂ; ബുള്ളറ്റ് ട്രെയിനും വിസ്തയും ഉപേക്ഷിക്കാന്‍ മോദി സര്‍ക്കാരിനോട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിസ്ത പദ്ധതി പോലെയുള്ള പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ആളുകള്‍ക്ക് പണം നല്‍കുന്നതിന് പകരം സെന്‍ട്രല്‍ വിസ്ത പ്രൊജക്ട് പോലെയുള്ള പാഴ്‌ചെലവുകള്‍ കേന്ദ്രം തുടരുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

‘23000 കോടിയുടെ വിസ്ത പദ്ധതി അടക്കമുള്ള പാഴ് ചെലവുകള്‍ക്കാണ് കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മോദി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. 1,10,000 കോടിയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി മുടക്കുന്നത്. സര്‍ക്കാര്‍ ചെലവ് 30 ശതമാനം കുറയ്ക്കാന്‍ തയ്യാറായിട്ടുമില്ല’, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പട്ടാളക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷന്‍ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും വെട്ടിക്കുറയ്ക്കുന്നതിന് പകരം 20,000 കോടിയുടെയും 1,10,000 കോടിയുടെയും പാഴ്‌ചെലവുകള്‍ ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്’ സുര്‍ജേവാല പറഞ്ഞു.

ഈ പദ്ധതികള്‍ എത്രയും പെട്ടെന്ന് നിര്‍ത്തിവെക്കണമെന്നാണ് കോണ്‍ഗ്രസ് ബി.ജെ.പി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. കൊവിഡ് വ്യാപനത്തില്‍ പ്രതിസന്ധിയിലായിരിക്കുന്ന പൊതുജനത്തിന്റെ കൈകളിലേക്ക് ഈ പണമെത്തിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more