| Friday, 26th June 2020, 12:33 pm

'നിങ്ങളുടെ ലാഭക്കൊതിക്കു വേണ്ടി ഞങ്ങളുടെ നിറവും വേദനയും ചൂഷണം ചെയ്യരുത്'; ബ്ലാക് ലൈവ്‌സ് മാറ്റര്‍ ക്യാംപെയിന്‍ മുതലാക്കുന്ന കമ്പനികള്‍ക്കെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പൊലീസ് ക്രൂരതയ്ക്ക് ഇരയായി ജോര്‍ജ് ഫ്‌ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വംശീയ വിവേചനത്തിനെതിരെ ലോകമെമ്പാടും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. വംശീയ വെറിക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുകയും വര്‍ണ വിവേചനത്തിനെതിരെ ശബ്ദം ഉയര്‍ത്തുകയും ചെയ്തു. ഒട്ടനവധി ആളുകളാണ് ഈ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായെത്തിയത്.

വര്‍ണ-വംശ വിവേചനത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ലോക ശ്രദ്ധ ലഭിച്ചതോടെ നിരവധി പ്രമുഖ കമ്പനികളും വര്‍ണ വെറിക്കെതിരെ രംഗത്തെത്തി.

വലുതും ചെറുതുമായ നിരവധി ബ്രാന്‍ഡുകള്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണശേഷം ലോകമെമ്പാടും നടന്ന വംശീയ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. നിറം വെളുപ്പിക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്ന പ്രോഡക്റ്റായ ഫെയര്‍ ആന്റ് ലവ്ലിയാണ് എറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. ഫെയര്‍ ആന്റ് ലവ്ലി എന്ന പേരിലെ ഫെയര്‍ എന്ന വാക്ക് എടുത്തുകളയുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ചില ബ്രാന്റുകള്‍ വംശീയ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന വിപണനത്തിനുള്ള പുതിയ തന്ത്രമായി ഉപയോഗിക്കുകയാണെന്ന ആരോപണം വിവിധ ഭാഗങ്ങളില്‍ നിന്ന്ഉയര്‍ന്നു വന്നിട്ടുണ്ട്. ബ്രാന്റിന്റെ പി.ആര്‍ വര്‍ക്കിനായി അവസരത്തെ മുതലാക്കുന്നതായും ആരോപണം ഉണ്ട്.

വംസീയ വിവേചനത്തിനെതിരെ സംസാരിക്കുമ്പോഴും വംശീയ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ കൊടുക്കുമ്പോഴും തങ്ങളുടെ കമ്പനികളില്‍ നടക്കുന്ന വംശീയ വേര്‍തിരിവ് കാണാനോ പരിഹരിക്കാനോ വേണ്ടത്ര കാര്യങ്ങള്‍ കമ്പനികള്‍ ചെയ്യുന്നില്ലെന്നാണ് കമ്പനികള്‍ക്കെതിരെ ഉപയോക്താക്കള്‍ പ്രധാനമായും ഉയര്‍ത്തുന്ന ആരോപണമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

പിന്തുണ പോസ്റ്റുചെയ്യുന്ന ബ്രാന്‍ഡുകള്‍ അര്‍ത്ഥവത്തായ രീതിയില്‍ വൈവിധ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബി.ബി.സിയോട് സംസാരിച്ച ഉപയോക്താക്കള്‍ പറഞ്ഞു.

” ലോകം മാറ്റത്തിന് വേണ്ടി മുറവിളികൂട്ടുകയാണ്, നമുക്ക് എല്ലാവര്‍ക്കും ആ മാറ്റം ആവശ്യമാണ്,” വംശീയ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഓസ്‌ട്രേലിയന്‍ ഫാഷന്‍ കമ്പനിയായ SABO SKIRT സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണിത്. എന്നാല്‍ കമ്പനിയുടെ പോസ്റ്റിനെതിരെ നിരവധി വിമര്‍ശനം ഉയര്‍ന്നിരുന്നു.

”ആദ്യം ആ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അതൊരു നല്ല ആശയമായിട്ടാണ് എനിക്ക് തോന്നിയത്. പക്ഷേ അവരുടെ ഇന്‍സ്റ്റഗ്രാം പേജ് സ്‌ക്രോള്‍ ചെയ്തു നോക്കിയപ്പോള്‍ എനിക്ക് മനസ്സിലായി അതിലെ കൂടുതല്‍ കണ്ടന്റുകളും വെള്ളക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടിയായിരുന്നു. കറുപ്പ് നിറത്തിന്റെ സ്വാധീനം എനിക്ക് എവിടെയും കാണാന്‍ സാധിച്ചില്ല,”

അമേരിക്കയിലെ ബോസ്റ്റണില്‍ നിന്നുള്ള ഒരു ഉപഭോക്താവ് പറഞ്ഞു. വംശീയതയ്ക്ക് എതിരാണെങ്കില്‍ എന്തുകൊണ്ടാണവര്‍ കറുത്ത വര്‍ഗക്കാരടെ ചിത്രങ്ങള്‍ ഉപയോഗിച്ചില്ലാ എന്നാണ് മരിയ കൊളാസോ എന്ന ഉപഭോക്താവ് ചോദിച്ചത്.

വംശീയതയ്ക്ക് എതിരാണെന്ന് പറയുകയും അതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രഹസനം എന്തിനുവേണ്ടിയാണ് നടത്തുന്നതെന്നും അവര്‍ ചോദിച്ചു.

‘സംസാരിക്കുന്നത് മൂല്യവത്താണ് ‘ എന്നാണ് വംശീയ വിരുദ്ധ പോരാട്ടങ്ങളെ പിന്തുണച്ചുകൊണ്ട് L’oreal എന്ന പ്രമുഖ ബ്രാന്റ് പോസ്റ്റ് ചെയ്തത്.
എന്നാല്‍ കറുത്തവര്‍ഗക്കാരുടെ നേര്‍ക്കുള്ള വെളുത്ത വര്‍ഗക്കാരുടെ ആക്രമണത്തെക്കുറിച്ച് പറഞ്ഞ മന്റോ ബെര്‍ഗ്‌ഡോര്‍ഫ് എന്ന മോധലിനെ 2017 ല്‍ കമ്പനി പുറത്താക്കിയിരുന്നു.

”ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഞങ്ങളുടെ വേദനയും പ്രയാസവും നിവൃത്തികേടും ചൂഷണം ചെയ്യുന്നത് ദയവ് ചെയ്ത് നിങ്ങള്‍ അവസാനിപ്പിക്കണം,” മറ്റൊരു ഉപഭോക്താവ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

 
We use cookies to give you the best possible experience. Learn more