| Wednesday, 15th July 2020, 5:00 pm

പിന്നെന്തിനാണ് ബി.ജെ.പി നേതാക്കളോട് സംസാരിക്കുന്നത്, പ്രശ്‌നങ്ങള്‍ ഞങ്ങളോട് പറയൂ; സച്ചിന്‍ പൈലറ്റിനായി വീണ്ടും വാതില്‍ തുറന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ബി.ജെ.പിയില്‍ ചേരില്ലെന്ന സച്ചിന്‍ പൈലറ്റിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പിയിലേക്ക് പോകില്ലെന്ന് താങ്കളുടെ (സച്ചിന്‍ പൈലറ്റ്) പ്രസ്താവന മാധ്യമങ്ങളിലൂടെ കണ്ടു. അങ്ങനെയാണെങ്കില്‍ ഹരിയാനയിലെ ഖട്ടാര്‍ സര്‍ക്കാരിന്റെ ഹോട്ടലുകളില്‍ നിന്ന് തിരിച്ചുവരൂ. ബി.ജെ.പി നേതാക്കളോട് സംസാരിക്കുന്നത് നിര്‍ത്തൂ’, സുര്‍ജേവാല പറഞ്ഞു.

പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളിലാണ് സംസാരിക്കേണ്ടതെന്നും മാധ്യമങ്ങള്‍ക്ക് മുന്നിലല്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ താന്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസ് നേതാവ് തന്നെയാണെന്നും ബി.ജെ.പിയില്‍ ചേരുകയെന്ന ലക്ഷ്യത്തോടെയല്ല പാര്‍ട്ടി വിട്ടതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നു.

ബി.ജെ.പിയുമായി ഒരിക്കലും സഹകരിക്കില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി തന്നെയായിരിക്കും തന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെന്നും പൈലറ്റ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബി.ജെ.പിയുടെ ഒരു നേതാക്കളുമായും ഞാന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിട്ടില്ല. ബി.ജെ.പി നേതാക്കളുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നും സച്ചില്‍ പൈലറ്റ് പറഞ്ഞു.

രാജസ്ഥാന്‍ മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള തര്‍ക്കമൊന്നുമല്ല ഇത്. 2018 ല്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. അതിന് എനിക്ക് സാധുവായ കാരണങ്ങളുണ്ട്.

200 സീറ്റില്‍ 21 സീറ്റുമാത്രമുള്ള ഘട്ടത്തിലാണ് ഞാന്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തത്. ഞാന്‍ ജനങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിച്ചു. അന്നൊന്നും ഗെലോട്ട് ജിയുടെ ഭാഗത്തുനിന്നും ഒരു ഇടപെടലും ഉണ്ടായിട്ടില്ല.

എന്നാല്‍ പാര്‍ട്ടിയുടെ വിജയത്തിന് ശേഷം അദ്ദേഹം മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ചു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തായിരുന്നു അതിനായി ഉയര്‍ത്തിക്കാട്ടിയത്. എന്ത് അനുഭവത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

2018 ന് മുമ്പ് 1999 ലും 2009 ലും രണ്ടുതവണ അദ്ദേഹം മുഖ്യമന്ത്രിയായി. 2003, 2013 തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി 56, 26 സീറ്റുകളില്‍ ഒതുങ്ങി. എന്നിട്ടും അദ്ദേഹത്തിന് മൂന്നാം തവണയും മുഖ്യമന്ത്രി സ്ഥാനം ലഭിച്ചു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയമാണ് അദ്ദേഹം അതിനായി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ഗെലോട്ടിന്റെ സ്വന്തം ബൂത്തില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. അതാണ് അദ്ദേഹത്തിന്റെ അനുഭവം. എന്നിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഞാന്‍ അംഗീകരിച്ചു.

രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധപ്രകാരമാണ് ഉപമുഖ്യമന്ത്രിയാകാന്‍ ഞാന്‍ ആദ്യം സമ്മതിച്ചത്. അധികാരവും ജോലിയും തുല്യമായി ക്രമീകരിക്കണമെന്ന് അന്ന് രാഹുല്‍ജി ഗെലോട്ടിനോട് പറഞ്ഞിരുന്നു. എന്നാല്‍ എന്നെ ഒരു മൂലയിലിരുത്താനും അപമാനിക്കാനുമാണ് ഗെലോട്ട് ശ്രമിച്ചത്. ജനങ്ങളില്‍ നിന്ന് എന്നെ അകറ്റാനുള്ള അജണ്ടയുണ്ടാക്കുകയായിരുന്നു അവര്‍. രാജസ്ഥാന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ എന്നെയും എന്റെ അനുയായികളെയും അദ്ദേഹം അനുവദിച്ചില്ല.

എന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കരുതെന്ന് ബ്യൂറോക്രാറ്റുകളോട് ആവശ്യപ്പെട്ടു, ഫയലുകള്‍ എനിക്ക് അയച്ചില്ല, സംസ്ഥാനത്ത് മാസങ്ങളായി മന്ത്രിസഭാ യോഗങ്ങളും സി.എല്‍.പി യോഗങ്ങളും നടക്കുന്നില്ല. എന്റെ ജനതയോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ എന്നെ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ ആ സ്ഥാനത്തിന്റെ വിലയെന്താണ്, പൈലറ്റ് ചോദിച്ചു.

ഒരു സ്ഥാനവും ഞാന്‍ ആവശ്യപ്പെട്ടില്ല. എനിക്ക് വേണ്ടത് മാന്യമായ ഒരു തൊഴില്‍ അന്തരീക്ഷം മാത്രമായിരുന്നു. വീണ്ടും ഞാന്‍ ആവര്‍ത്തിക്കുകയാണ് എനിക്ക് അധികാരമോ പദവിയോ വേണ്ട, അതിനുവേണ്ടിയുള്ള തര്‍ക്കവുമല്ല ഇത്. എന്നാല്‍ അന്തസ്സായി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് വേണം-പൈലറ്റ് പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായോ രാഹുല്‍ ഗാന്ധിയുമായോ താന്‍ സംസാരിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധിയുമായി ടെലഫോണില്‍ സംസാരിച്ചിരുന്നെന്നും പൈലറ്റ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more