| Wednesday, 2nd September 2020, 10:07 am

'സ്വകാര്യവത്കരണം അവസാനിപ്പിച്ച് സര്‍ക്കാര്‍ ജോലി സംരക്ഷിക്കൂ'; കേന്ദ്രസര്‍ക്കാരിനെതിരെ അണപൊട്ടി ഉദ്യോഗാര്‍ത്ഥികളുടെ രോഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വകാര്യവത്കരണത്തിലൂടെ സര്‍ക്കാര്‍ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കുന്നതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ അണപൊട്ടി ഉദ്യോഗാര്‍ത്ഥികളുടെ രോഷം.

റെയില്‍വെയിലുള്‍പ്പെടെ നിയമനങ്ങള്‍ നടക്കാത്ത പശ്ചാത്തലത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ആരംഭിച്ച സ്റ്റോപ്പ് പ്രൈവറ്റൈസേഷന്‍ സേവ് ഗവണ്‍മെന്റ് ജോബ് എന്ന ക്യാമ്പയിന്‍ ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്.

പ്രധാനമായും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് ക്യാമ്പയിനില്‍ പങ്കാളികളാകുന്നത്. എല്ലാ മാധ്യമങ്ങളും ദയവ് ചെയ്ത് തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുകയാണെങ്കില്‍ രാജ്യത്ത് ഒരു സര്‍ക്കാര്‍ ജോലി പോലും അവശേഷിക്കുകയില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ ക്യാമ്പയനിലൂടെ പറയുന്നു.

റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ സുതാര്യത ഇല്ലാതാകുന്നതിനെതിരെയും, വൈകുന്നതിനെതിരെയും ഉദ്യോഗാര്‍ത്ഥികള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തുന്ന വിഷയത്തില്‍ അഴിമതി കാണിക്കുകയാണെന്ന വിമര്‍ശനവും നിരവധി പേര്‍ ഉന്നയിക്കുന്നുണ്ട്.

രാജ്യത്തെ 30ലക്ഷത്തിലധികം വരുന്ന യുവജനങ്ങളുടെ ഭാവി വെച്ചാണ് കേന്ദ്രം കളിക്കുന്നതെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ അവരുടെ കുടുംബങ്ങളാകും അനുഭവിക്കേണ്ടി വരികയെന്നും ചിലര്‍ പറയുന്നു.

രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും മോശമായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന് ചെറുപ്പത്തില്‍ കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് കളിക്കാന്‍ സാധിച്ചില്ല അതുകൊണ്ട് ഇപ്പോള്‍ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിവെച്ച് കളിക്കുകയാണ് എന്നായിരുന്നു ട്വിറ്ററില്‍ മറ്റൊരു യുവാവിന്റെ പ്രതികരണം.

അതിനിടെ സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കണോമിയുടെ ആഗസ്ത് മാസത്തിലെ കണക്ക് ഇന്ത്യയില്‍ തൊഴില്‍ ഇല്ലായ്മ നിരക്ക് കുത്തനെ ഉയരുകയാണെന്ന് സൂചിപ്പിച്ചിരുന്നു.
കാര്‍ഷിക മേഖലയിലും ഔദ്യോഗിക മേഖലയിലും കഴിഞ്ഞ മാസത്തോടെ തൊഴിലില്ലായ്മ നിരക്ക് വഷളായതായി സര്‍വേ വ്യക്തമാക്കുന്നു.

സി.എം.ഐ.ഇയുടെ പുതിയ കണക്കുപ്രകാരം നഗര മേഖലയില്‍ ജൂലൈയിലുണ്ടായിരുന്നതിനെക്കാളും വര്‍ധിച്ച നിരക്കാണ് ഇപ്പോഴുള്ളത്. ജൂലൈയില്‍ 9.15 ശതമാനമായിരുന്നു തൊഴില്ലായ്മ നിരക്കെങ്കില്‍ ഓഗസ്റ്റിലത് 9.83 ശതമാനമായി വര്‍ധിച്ചു. അതായത് നഗര മേഖലയില്‍ പത്ത് പേരില്‍ ഒരാള്‍ക്ക് ജോലിയില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതായാണ് കാണുന്നത്. ജൂലൈ മാസത്തില്‍ 6.66 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്കെങ്കില്‍ അത് ഓഗസ്റ്റിലെത്തുമ്പോള്‍ 7.65 ശതമാനമായി വര്‍ധിച്ചു.

ലോകത്ത് തന്നെ ജിഡിപി നിരക്കില്‍ ഏറ്റവും മോശമായ സ്ഥിതിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ സാമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് സര്‍ക്കാര്‍ അടിയന്തരമായ ഇടപെടലുകള്‍ നടത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നതിനിടെയാണ് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്.

ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഹരിയാനയാണ്. 33.5 ശതമാനമാണ് ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക്. ത്രിപുരയാണ് രണ്ടാം സ്ഥാനത്ത് 27.9 ശതമാനമാണ് ത്രിപുരയിലെ തൊഴിലില്ലായ്മ നിരക്ക്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Stop privatisation save government job campaign against central govt as unemployment rate increases

We use cookies to give you the best possible experience. Learn more