| Friday, 12th April 2019, 9:19 am

രാഷ്ട്രീയ പാര്‍ട്ടികള്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നത് തടയുക; രാഷ്ട്രപതിക്ക് മുന്‍ സൈനിക മേധാവികളുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാഷ്ട്രീയ പാര്‍ട്ടികള്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നത് തടയുക; രാഷ്ട്രപതിക്ക് 8 മുന്‍ സൈനിക മേധാവികളുടെ കത്ത്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എട്ട് മുന്‍ സൈനിക മേധാവികളടക്കം 156 മുന്‍ സൈനികരുടെ കത്ത്. സൈന്യത്തേയും, സൈനീക ചിഹ്നങ്ങളേയും, വസ്ത്രങ്ങളും, വ്യക്തികളേയും രാഷ്ട്രീയ നേട്ടത്തിനായി ഏതെങ്കിലും പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് തടയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

‘സൈന്യത്തിന്റെ അതിര്‍ത്തിയിലെ നടപടികളും, സൈന്യത്തെ മോദിജി കി സേന എന്ന് വിശേഷിപ്പിക്കുന്നതും അസ്വാഭാവികവും അംഗീകരിക്കാന്‍ പറ്റാത്തതുമാണ്. ഇത് നിലവില്‍ സേവിക്കുന്ന പട്ടാളക്കാരെയും, വിരമിച്ച പട്ടാളക്കാരെയും ഒരു പോലെ ആശങ്കാകുലരാക്കിയിട്ടുണ്ട്’- ഇന്ത്യന്‍ സൈന്യത്തിന്റെ പരമാധികാരി കൂടിയായ രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍, പ്രത്യേകിച്ച് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ ഉപയോഗിക്കുന്നതും, ഇത്തരം അവസരങ്ങളില്‍ സൈനിക വേഷങ്ങള്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇന്ത്യന്‍ സായുധ സേനയുടെ പേരുപയോഗിച്ച് വോട്ടു നേടുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളെ തടയണമെന്ന് ഇന്ത്യയുടെ മുന്‍ നാവിക സേനാ മേധാനി അഡ്മിറല്‍ എല്‍ രാംദാസിന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ചെങ്കിലും, ഇത് നടപ്പില്‍ വരുത്തുന്നതായി കാണുന്നില്ലെന്ന് കത്തില്‍ കുറ്റപ്പെടുത്തി.

സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയപാര്‍ട്ടികള്‍ സൈന്യത്തിന്റെ ചിത്രവും യൂണിഫോമുമെല്ലാം ദുരുപയോഗപ്പെടുത്തി തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍. രാംദാസ് തെരഞ്ഞെടുപ്പ് കമ്മീഷനയച്ച തുറന്ന കത്തില്‍ വ്യക്തമാക്കിയിരുന്നു. സൈന്യത്തിന്റെ വിലയിടിക്കുന്നതാണ് ഇത്തരം നടപടികളെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പാകിസ്ഥാന്‍ തിരിച്ചയച്ച വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ ചിത്രങ്ങളടക്കം ഉപയോഗിച്ച് ബി.ജെ.പി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് വിവാദമായിരുന്നു. നേരത്തെ ദല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരിയും സൈന്യത്തിന്റെ യൂണിഫോം ധരിച്ച് പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

ബി.ജെ.പിയെ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഊര്‍മിള മതോംഡ്കര്‍ അഭിനന്ദ് വര്‍ത്തമാന്റെ ചിത്രം തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചത് വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more