| Saturday, 18th May 2019, 8:31 pm

മുകുള്‍ റോയ് പശ്ചിമബംഗാളില്‍ പ്രവേശിക്കുന്നത് തടയണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ബി.ജെ.പി നേതാവ് മുകുള്‍ റോയ് പശ്ചിമ ബംഗാളിലെ മണ്ഡലങ്ങളില്‍ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

മുകുല്‍ റോയ് ദല്‍ഹി സ്വദേശിയാണെന്ന് കാണിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനാനുമതി നല്‍കരുതെന്ന് പറയുന്നത്.

‘അദ്ദേഹം ദല്‍ഹിയിലെ വോട്ടറാണ്. നിയമപരമായി അദ്ദേഹത്തിന് ബംഗാളിലെ ഒരു മണ്ഡലത്തിലും തങ്ങാന്‍ കഴിയില്ല.’തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതിയ കത്തില്‍ പറയുന്നു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന മുകുള്‍ റോയ് 2017 നവംബറിലായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നത്. സെപ്തംബറിലായിരുന്നു മുകുള്‍ റോയ് തൃണമുലില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. ഇതേത്തുടന്ന് മുകുള്‍ റോയിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി തേതൃത്വം അറിയിച്ചിരുന്നു. രാജ്യസഭാംഗത്വം രാജിവച്ച ശേഷമാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്ലാതെ രാജ്യം മുന്നോട്ട് പോകില്ലെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മനോഭാവത്തില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് മുകുള്‍ റോയ് പറഞ്ഞിരുന്നു.

നേരത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ ശാരദ ചിട്ടി തട്ടിപ്പ് അടക്കമുള്ളവയില്‍ മുകുള്‍ റോയിയുടെ പങ്ക് അന്വേഷിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. താന്‍ അന്വേഷണ ഏജന്‍സികളുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് മുകുള്‍ റോയിയും പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more