നോട്ടുമാല നിര്‍ത്തണം: റിസര്‍വ്വ് ബാങ്ക്
Kerala
നോട്ടുമാല നിര്‍ത്തണം: റിസര്‍വ്വ് ബാങ്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2013, 7:41 pm

[]ന്യൂദല്‍ഹി: രാഷ്ടീയക്കാരെയും മറ്റും നോട്ടുമാല അണിയിക്കുന്നത് നിര്‍ത്തണമെന്ന് റിസര്‍വ്വ് ബാങ്ക്. നോട്ടുമാല അണിയിക്കുന്നത് രൂപയെ അപമാനിക്കുന്നതിന് തുല്യമാണ്. കറന്‍സി നോട്ടുകളെ ആദരവോടെ വേണം കാണാനെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.

കറന്‍സി നോട്ടുകള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് റിസര്‍വ്വ ബാങ്ക് ശ്രമം നടത്തുന്നത്. എന്നാല്‍ അത് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ജനങ്ങളുടെ കൂടെ സഹകരണം ആവശ്യമാണ്. []

നോട്ടുമാല അണിയിക്കുന്നത് കറന്‍സികളുടെ ആയുസ് കുറയുന്നതിന് കാരണമാവും. മാത്രമല്ല കറന്‍സികളെ വളരെ പവിത്രമായാണ് ആര്‍.ബി.ഐ കാണുന്നത്.

അതിനാല്‍ തന്നെ പിന്‍ ചെയ്തും വള്ളിയില്‍ നൂറ്റും നോട്ട്് മാലയുണ്ടാക്കി അണിയിക്കുന്ന ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തണമെന്നും റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെട്ടു.

ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായി നോട്ടുകള്‍ പിന്‍ ചെയ്യുന്നതിന് നേരത്തെ സുപ്രീം കോടതിയുടെ വിലക്കുണ്ട്. എന്നാലിതിന് ശേഷവും രാഷ്ട്രീയ നേതാക്കന്മാരെയും മറ്റും നോട്ട് മാല നല്‍കി സ്വീകരിക്കുന്നത് ഇന്ത്യയില്‍ പതിവാണ്.

2010ല്‍ അന്നത്തെ യു.പി.മുഖ്യമന്ത്രിയായിരുന്ന മായാവതിയെ ബി.എസ്.പി.പ്രവര്‍ത്തകര്‍ അഞ്ച് കോടിയുടെ നോട്ടുമാല സമ്മാനിച്ചത് വിവാദമായിരുന്നു.

അടുത്തിടെ കേരളയാത്രക്കിടെ കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് പ്രവര്‍ത്തകര്‍ നോട്ട്മാല സമ്മാനിച്ചതും വാര്‍ത്തയായിരുന്നു. കേരളയാത്രയുടെ ഭാഗമായി നടക്കുന്ന സ്വീകരണ യോഗങ്ങളില്‍ വ്യാപകമായി നോട്ട് മാല അണിയുന്നെന്ന് കാണിച്ച് റിസര്‍വ്വ ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും പരാതി പോയിരുന്നു.

റിസര്‍വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസിക്കു വിരുദ്ധമായി കറന്‍സി മാല കഴുത്തിലണിഞ്ഞ രമേശ് ചെന്നിത്തല എംഎല്‍എയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ടു പാലായിലെ മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസാണ് പരാതിപ്പെട്ടിരുന്നത്.