| Tuesday, 21st November 2023, 4:40 pm

പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; ഓരോ ഉത്പന്നത്തിനും ഒരു കോടി രൂപ പിഴ ചുമത്തുമെന്ന് സുപ്രീം കോടതിയുടെ താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ആധുനിക മരുന്നുകൾക്കും കുത്തിവെപ്പിനുമെതിരായ പതഞ്ജലി ആയുർവേദിന്റെ പരസ്യങ്ങൾക്കെതിരെ സുപ്രീം കോടതി. തെറ്റിദ്ധരിക്കുന്ന പരസ്യങ്ങളും വ്യാജ അവകാശവാദങ്ങളും ഇനിയുണ്ടായാൽ ഓരോ ഉത്പന്നത്തിനും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്ന് കോടതി പതഞ്ജലിക്ക് മുന്നറിയിപ്പ് നൽകി.

തെറ്റിദ്ധാരണ പരത്തുന്ന മെഡിക്കൽപരമായ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗങ്ങൾ നിർദേശിക്കാൻ കോടതി കേന്ദ്ര സർക്കാരിന് ആവശ്യപ്പെട്ടു. 2024 ഫെബ്രുവരിയിൽ വിഷയം കോടതി വീണ്ടും പരിഗണിക്കും.

പതഞ്ജലിയുടെ പരസ്യങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

‘പതഞ്ജലിയുടെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ എല്ലാ പരസ്യങ്ങളും ഉടൻ അവസാനിപ്പിക്കണം. ഇത്തരം നടപടികളെ വളരെ ഗൗരവത്തോടെയാണ് കോടതി വീക്ഷിക്കുന്നത്.

ഒരു പ്രത്യേക രോഗത്തെ ചികിത്സിച്ചു ഭേദമാക്കുമെന്ന് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഓരോ ഉത്പന്നത്തിനും ഒരു കോടി രൂപ വരെ പിഴ ചുമത്തുന്നതായിരിക്കും,’ ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ളയും പ്രശാന്ത് കുമാർ മിശ്രയും ഉൾപ്പെടുന്ന ബെഞ്ച് അറിയിച്ചു.

ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നിർമിക്കരുതെന്നും മാധ്യമങ്ങളിൽ അനൗദ്യോഗികമായ പ്രസ്താവനകൾ നടത്തരുതെന്നും സുപ്രീം കോടതി പതഞ്ജലിയോട് നിർദേശിച്ചു.

വിഷയത്തെ അലോപതിയും ആയുർവേദവും തമ്മിലുള്ള സംവാദമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നില്ല, പക്ഷേ തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങൾ തടയാൻ ഒരു പരിഹാരം വേണമെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ വർഷം അലോപതിക്കെതിരെ പ്രസ്താവന നടത്തിയതിന് പതഞ്ജലി സ്ഥാപകനായ ബാബ രാംദേവിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

Content highlight: Stop Misleading Advertisements, Will Impose Rs 1 Crore Cost On Every Product Claiming False Cure: Supreme Court To Patanjali Ayurved

We use cookies to give you the best possible experience. Learn more