മൂന്നാര്‍: ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്റെ മൂന്നാറിലെ വീട് നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ. റവന്യൂ വകുപ്പാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. അനുമതിയില്ലാതെ രണ്ടാം നില നിര്‍മ്മിക്കുന്നതാണ് തടഞ്ഞത്. റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി ഇല്ലാതെയായിരുന്നു നിര്‍മ്മാണം.
വീട് നിര്‍മാണത്തെ കുറിച്ചും ഭൂമിയുടെ പട്ടയത്തെ കുറിച്ചും വിശദമായി അന്വേഷിക്കാന്‍ ദേവികുളം സബ് കളക്ടര്‍ മൂന്നാര്‍ വില്ലേജ് ഓഫീസറെ നിയോഗിച്ചിട്ടുണ്ട്.
അനുമതിയില്ലാതെ എസ് രാജേന്ദ്രന്‍ എം.എല്‍.എ വീടിന്റെ രണ്ടാംനില നിര്‍മിക്കുന്നുവെന്നായിരുന്നു പരാതി ഉയര്‍ന്നത്. മൂന്നാര്‍ ടൗണിന്റെ ഹൃദയഭാഗമായ ഇക്കാ നഗറിലാണ് എസ് .രാജേന്ദ്രന്റെ വീട്.
മൂന്നാറില്‍ എന്ത് നിര്‍മാണത്തിനും റവന്യൂ വകുപ്പിന്റെ അനുമതി നിര്‍ബന്ധമാണ് എന്ന ചട്ടം നിലനില്‍ക്കെയാണ് എന്‍.ഒ.സി ഇല്ലാതെ വീട് നിര്‍മ്മാണം നടന്നത്. ഭൂമിക്ക് മതിയായ പട്ടയ രേഖകളും എം.എല്‍.എ ഹാജരാക്കിയിരുന്നില്ല.
എം.എല്‍.എയുടെ വീടിന് മുകളില്‍ രണ്ടാം നിലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. സമാന രീതിയില്‍ രണ്ടാംനില പണിത നിരവധി കെട്ടിടങ്ങള്‍ അധികൃതര്‍ പൊളിച്ച് നീക്കിയിരുന്നു.
കെ.എസ്.ഇ.ബിയുടെ ഭൂമി കയ്യേറിയാണ് എസ് രാജേന്ദ്രന്‍ വീട് നിര്‍മിച്ചതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും മഴയില്‍ ചോര്‍ച്ച ഒഴിവാക്കാന്‍ വീടിന് മുകളില്‍ ഷീറ്റ് മേയാനാണ് നിര്‍മ്മാണമെന്നുമാണ് എം.എല്‍.എയുടെ വിശദീകരണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക