| Saturday, 7th January 2017, 9:46 am

'ഇത് കോമഡിയല്ല, അധിക്ഷേപം തന്നെയാണ്' മാധ്യമങ്ങളിലെ വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പത്ര, ദൃശ്യ മാധ്യമങ്ങള്‍ വഴിയുള്ള ജാതീയവും വംശീയവുമായ അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ.  “സ്റ്റോപ്പ് മീഡിയ വയലന്‍സ്” എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തരമൊരു പ്രതിഷേധത്തിന് തുടക്കമിട്ടിരിക്കുന്നത്.

ദളിത് ശരീരങ്ങളെ അവഹേളിക്കുകയും വംശീയാക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്ന കോമഡി പ്രോഗ്രാമുകള്‍ നിരോധിക്കുക, ചാനലുകള്‍ക്കെതിരെ വംശീയ ആക്ഷേപങ്ങള്‍ക്ക് നിയമനടപടികള്‍ കൈക്കൊള്ളുക എന്നിങ്ങനെ ആഹ്വാനം ചെയ്തുകൊണ്ടാണ് സ്റ്റോപ് മീഡിയ വയലന്‍സ് കാമ്പെയ്ന്‍ ആരംഭിച്ചത്.

ദളിത് ഓണ്‍ലൈന്‍ മൂവ്‌മെന്റ് എന്ന ഗ്രൂപ്പിലെ ചില പ്രവര്‍ത്തകരാണ് ഇത്തരമൊരു ഫേസ്ബുക്ക് കാമ്പെയ്‌നിനു പിന്നില്‍. കാമ്പെയ്‌ന്റെ ഭാഗമായി സ്റ്റോപ്പ് മീഡിയ വയലന്‍സ് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ഇതിനകം തന്നെ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

കറുത്ത നിറമുള്ളവരെ, ശാരീരിക വ്യത്യാസങ്ങളുള്ളവരെ, ലൈംഗിക ന്യൂനപക്ഷങ്ങളെ മാധ്യമങ്ങളില്‍ വളരെ പരിഹാസ്യമായ രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. പൊതുസമൂഹത്തിന് മുമ്പില്‍ ഇത് തുറന്നുകാട്ടുകയെന്ന ലക്ഷ്യമിട്ടാണ് ഇത്തരമൊരു കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നതെന്ന് ഈ പേജിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരിലൊരാളായ പ്രദീപ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.


Must Read:നോട്ടുപിന്‍വലിക്കല്‍ തീരുമാനം നടപ്പിലാക്കിയത് യു.എസും മോദിസര്‍ക്കാരും തമ്മിലുള്ള കരാര്‍ പ്രകാരം: ഡിജിറ്റല്‍ പെയ്‌മെന്റിനു വളരാന്‍ ഇന്ത്യയെ ഗിനിപ്പന്നിയാക്കിയെന്ന് റിപ്പോര്‍ട്ട്


ലോകത്തെല്ലായിടത്തും ഇത്തരം അധിക്ഷേപങ്ങള്‍ നടക്കുന്നത്. കറുത്ത നിറമുള്ളതിന്റെ പേരില്‍, ശരീരം വണ്ണം കൂടിയതിന്റെ പേരില്‍ അധിക്ഷേപിക്കപ്പെടുന്നവരുടെ വേദന ലോകത്തെല്ലായിടത്തും ഒരുപോലെയാണ്. പലപ്പോഴും പൊതുസമൂഹം അത് തിരിച്ചറിയുന്നില്ല. അവര്‍ പലപ്പോഴും ഇത് തമാശയല്ലേ അതിനെ അതുപോലെ കണ്ടാല്‍ പോരേ എന്നരീതിയിലാണ് സംസാരിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ മറ്റു രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇത്തരം അധിക്ഷേപങ്ങളെ തമാശയായി കണ്ടാല്‍ മതി എന്നു പഠിപ്പിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ട്. അതു തിരിച്ചറിഞ്ഞുകൊണ്ട്, വംശീയ അധിക്ഷേപമാണെന്ന് പൊതുസമൂഹത്തെ ബോധിപ്പിക്കേണ്ട ആവശ്യകത മനസിലാക്കികൊണ്ടാണ് ഇത്തരമൊരു പേജു തുടങ്ങിയതെന്നും പ്രദീപ് പറയുന്നു.

അമര്‍ അക്ബര്‍ അന്തോണി, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളിലെ ഇത്തരം അധിക്ഷേപങ്ങള്‍ അടങ്ങിയ സംഭാഷണങ്ങളുള്‍പ്പെട്ട പോസ്റ്ററുകളും പേജില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയകളില്‍ തങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും പ്രദീപ് വ്യക്തമാക്കി. നിരവധി പേരാണ് പിന്തുണച്ചുകൊണ്ടും ഇത്തരം കണ്ടന്റുകള്‍ നല്‍കാമെന്നും പറഞ്ഞ് മുന്നോട്ടുവരുന്നത്. അതേസമയം ഇതിനെ തമാശയായി കണ്ടാല്‍ പോരേ എന്ന ചോദ്യമുയര്‍ത്തുന്നവരുമുണ്ടെന്ന് പ്രദീപ് പറയുന്നു.

We use cookies to give you the best possible experience. Learn more