| Monday, 10th June 2024, 10:10 pm

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നിര്‍ത്തി മണിപ്പൂരില്‍ സമാധാനമുണ്ടാക്കാന്‍ ശ്രമിക്കൂ: മോഹന്‍ ഭഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂര്‍: തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് മണിപ്പൂരിലേക്ക് ശ്രദ്ധിക്കണമെന്ന നിര്‍ദേശവുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. മണിപ്പൂര്‍ സമാധാനത്തിനായി കാത്തിരിക്കുകയാണെന്നും 10 വര്‍ഷം മുമ്പ് വരെ അവിടെ സമാധാനമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷമായി മണിപ്പൂരില്‍ സമാധാനം നിലച്ചിരിക്കുകയാണെന്നും ഇനിയുള്ള ശ്രദ്ധ മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് കേന്ദ്രീകരിക്കണമെന്നും നാഗ്പൂരിലെ രേഷിംബാഗിലുള്ള ഹെഡ്‌ഗേവാര്‍ സമൃതിഭവന്‍ പരിസരത്ത് നടന്ന ഒരു ആര്‍.എസ്.എസ് പരിപാടിയില്‍ മോഹന്‍ ഭഗവത് പറഞ്ഞു.

‘ കഴിഞ്ഞ ഒരു വര്‍ഷമായി മണിപ്പൂര്‍ സമാധാനത്തിനായി കാത്തിരിക്കുകയാണ്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ സമാധാനമുണ്ടായിരുന്നു. തോക്ക് സംസ്‌കാരം മണിപ്പൂരില്‍ അവസാനിച്ചു എന്നാണ് കരുതിയിരുന്നത്. എന്നാല്‍ അവിടെ വീണ്ടും കലാപം ആരംഭിച്ചിരിക്കുകയാണ്. മണിപ്പൂരിലെ സാഹചര്യങ്ങള്‍ പഠിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലേക്ക് എത്രയും പെട്ടെന്ന് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്,’ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞു.

തെരഞ്ഞെടുപ്പുകള്‍ പരസ്പരം സമവായമുണ്ടാക്കാനുള്ള മാര്‍ഗമാണെന്നും ഇരുപക്ഷത്തെയും വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ പാര്‍ലമെന്റില്‍ അവസരമുണ്ടെന്നും ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാങ്കേതിക വിദ്യ ഉപയോഗിച്ചും അല്ലാതെയും പരസ്പരം ആക്രമിക്കുന്ന രീതിയെയും ആര്‍.എസ്.എസ് മേധാവി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം ഒരിടവേളക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൈലറ്റ് വാഹനങ്ങള്‍ക്ക് നേരെ തിങ്കളാഴ്ച ആക്രണമുണ്ടായിരുന്നു. ആക്രമണത്തില്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ മുഖ്യമന്ത്രിയുടെ യാത്ര തന്നെ മാറ്റിവെക്കേണ്ടി വന്നിരുന്നു.

ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു മണിപ്പൂരിലെ അശാന്തി. മേഖലയിലെ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകല്‍ ഒന്നും ചെയ്തില്ല എന്ന വിമര്‍ശനവും വ്യാപകമായിരുന്നു. തെരഞ്ഞെടുപ്പില്‍ ഇവിടെ ആകെയുള്ള രണ്ട് സീറ്റുകളിലും ബി.ജെ.പി പരാജയപ്പെടുകയും ചെയ്തിരുന്നു.

പിന്നാലെ പ്രശ്‌ന പരിഹാരത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി ബീരേന്‍ സിങ് തുറന്നു പറയുകയും ചെയ്തു. പിന്നാലെയാണ് ഇപ്പോള്‍ ആര്‍.എസ്.എസ് മേധാവിയും സര്‍ക്കാറിനോട് മണിപ്പൂരില്‍ സമാധാനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തൂ എന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

CONTENT HIGHLIGHTS: Stop election talks and try to bring peace in Manipur: Mohan Bhagwat

We use cookies to give you the best possible experience. Learn more