| Wednesday, 12th June 2019, 1:12 pm

'ബംഗാള്‍ മിനി പാകിസ്ഥാനായി മാറുന്നു, ബിഹാറികളെ ബംഗാളില്‍ നിന്ന് റോഹിംഗ്യകള്‍ നാടുകടത്തുന്നു'; ആരോപണവുമായി ജെ.ഡി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബംഗാള്‍ അതിവേഗം ‘മിനി പാക്കിസ്ഥാനാ’യി മാറിക്കൊണ്ടിരിക്കുകയാണെന്ന ആരോപണവുമായി ജെ.ഡി.യു. ബംഗാളിലുള്ള ബിഹാറികളെ റോഹിംഗ്യകള്‍ അവിടെനിന്നും നാടുകടത്തുകയാണെന്നും ജെ.ഡി.യു വക്താവ് അജയ് അലോക് കുറ്റപ്പെടുത്തി.

ബി.ജെ.പിയെ ഒഴിവാക്കി നാലു സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കാനുള്ള ജെ.ഡി.യു നീക്കത്തെ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത അഭിനന്ദിച്ചതിനു തൊട്ടുപിറകെയാണു ഗുരുതര ആരോപണവുമായി ജെ.ഡി.യു രംഗത്തെത്തിയത്.

‘ബംഗാളില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ട്. ഇതു ഞാന്‍ ഏറെനാളായി പറയുന്നതാണ്. എന്തിനാണ് അവര്‍ ഞങ്ങളുടെ മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞത് അദ്ദേഹത്തെ അഭിനന്ദിച്ചതും എന്നെനിക്കു മനസ്സിലാകുന്നില്ല. ചിലപ്പോള്‍ എന്‍.ഡി.എയുടെ ഭാഗമല്ലാതെ നാലു സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനമാകാം.

പക്ഷേ ഈ പ്രവൃത്തി ഒരിക്കലും അവര്‍ ചെയ്ത തെറ്റുകള്‍ മായ്ക്കില്ല. അവരുടെ സംസ്ഥാനത്തെ മിനി പാകിസ്താനായി മാറ്റാന്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ തടയുകയാണ് അവര്‍ ചെയ്യേണ്ടത്.

അവര്‍ നന്ദി പറഞ്ഞതുകൊണ്ട് ബംഗാളില്‍ നിന്ന് ബിഹാറികളെ ഓടിച്ചുവിടുന്നതു ഞങ്ങള്‍ക്കു മറക്കാനാവില്ല.’- അദ്ദേഹം പറഞ്ഞു.

അജയ് അലോകിന്റെ പ്രസ്താവനയ്‌ക്കെതിരേ ബിഹാറിലെ പ്രതിപക്ഷകക്ഷിയായ ആര്‍.ജെ.ഡി രംഗത്തെത്തി. വളരെ വൃത്തികെട്ടൊരു പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്ന് ആര്‍.ജെ.ഡി ദേശീയവക്താവും രാജ്യസഭാംഗവുമായ മനോജ് ഝാ പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാര്‍ ബംഗാളിനെ വിഭജിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നു കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തങ്ങള്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിന് പുറത്ത് എന്‍.ഡി.എയുമായി സഖ്യമില്ലെന്ന് ജെ.ഡി.യു കഴിഞ്ഞദിവസമാണു വ്യക്തമാക്കിയത്. ദല്‍ഹിയില്‍ നടന്ന ജെ.ഡി.യു ദേശീയ എക്സിക്യൂട്ടീവ് മീറ്റിങ്ങിലായിരുന്നു തീരുമാനം. ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ്, ഹരിയാന, ദല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനും ജെ.ഡി.യു തീരുമാനമെടുത്തിട്ടുണ്ട്.

എന്‍.ഡി.എയുമായി ജെ.ഡി.യുവിന് ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തീരുമാനമുണ്ടായത്. ഒരു കാബിനറ്റ് പദവി മാത്രം വാഗ്ദാനം ചെയ്തതിനാല്‍ കേന്ദ്രമന്ത്രി സഭയുടെ ഭാഗമാവില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

‘മന്ത്രിസഭയുടെ ആരംഭത്തില്‍ ക്ഷണമില്ലെങ്കില്‍ പിന്നീട് സര്‍ക്കാരിന്റെ ഭാഗമാകാന്‍ താല്‍പ്പര്യമില്ല. ഇനി ക്ഷണിച്ചാലും പോകില്ല. അതേസമയം എന്‍.ഡി.എയോടും ബി.ജെ.പിയോടുമൊപ്പം ഉറച്ചുനില്‍ക്കും’- നിതീഷ് കുമാര്‍ പറഞ്ഞു. ലോക്‌സഭയില്‍ 16 എം.പിമാരുള്ള ജെ.ഡി.യുവിന് മറ്റ് സഖ്യകക്ഷികള്‍ക്ക് സമാനമായി ഒരു മന്ത്രിസ്ഥാനമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തത്. എന്‍.ഡി.എയില്‍ ഏറ്റവും കൂടുതല്‍ എം.പിമാരുള്ള മൂന്നാമത്തെ പാര്‍ട്ടിയാണ് ജെ.ഡി.യു.

കഴിഞ്ഞ ദിവസം ജെ.ഡി.യു വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുകയും തൃണമൂലിന് വേണ്ടി പ്രവര്‍ത്തിക്കാനും തീരുമാനമെടുത്തപ്പോള്‍ നിതീഷ് കുമാര്‍ പ്രശാന്ത് കിഷോറിനെ തള്ളിപ്പറയാന്‍ തയ്യാറായിരുന്നില്ല.

We use cookies to give you the best possible experience. Learn more