| Wednesday, 27th November 2013, 11:00 am

'ആരുഷിയെ സ്വഭാവഹത്യ ചെയ്യുന്നത് അവസാനിപ്പിക്കൂ'- കൂട്ടുകാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: “ആരുഷിയെ സ്വഭാവഹത്യ ചെയ്യുന്നത് അവസാനിപ്പിക്കൂ.” ആരുഷി തല്‍വാറിന്റെ അടുത്ത സുഹൃത്തും സഹപാഠിയുമായ രാജേശ്വരി സഹായ് അപേക്ഷിക്കുന്നു.

സ്‌കൂളില്‍ നിന്നും തന്റെ പതിനാലാമത് ജന്മദിനാഘോഷത്തിന് ക്ഷണിക്കാന്‍ ആരുഷി തീരുമാനിച്ചിരുന്ന ചുരുക്കം സുഹൃത്തുക്കളില്‍ ഒരാളാണ് രാജേശ്വരി. പക്ഷേ ആ ആഘോഷത്തിന് ഏതാനും ദിവസങ്ങള്‍ മുമ്പാണ് അവളെ നോയിഡയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

“അതിക്രൂരമായ നിലയിലാണ് അവളെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. ഇത്ര വര്‍ഷങ്ങള്‍ക്കിടയില്‍ അവള്‍ വീണ്ടും വീണ്ടും കൊല്ലപ്പെടുന്നതും ഞങ്ങള്‍ കണ്ടു.” നിലവില്‍ കോളജ് വിദ്യാര്‍ത്ഥിനിയായ രാജേശ്വരി പറയുന്നു.

ആരുഷിയുടെ വധവുമായി ബന്ധപ്പെട്ട് കോടതി അംഗീകരിച്ച വാദത്തെ രാജേശ്വരി ശക്തമായി എതിര്‍ക്കുന്നു. വീട്ടുജോലിക്കാരനായ ഹേംരാജിനൊപ്പം അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും ചേര്‍ന്ന് മകളെയും വീട്ടുജോലിക്കാരനെയും കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു കേസ്.

“കൊല്ലപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയ്‌ക്കെതിരെ വിധിയെഴുതുന്നതിന് മുമ്പ് സമൂഹം ഒരു കാര്യം ചിന്തിക്കണം. ഇത് നമ്മളില്‍ ആരുടെയെങ്കിലും വീട്ടിലായിരുന്നു സംഭവിച്ചതെങ്കിലോ. അവള്‍ നിങ്ങളുടെ മകളോ സഹോദരിയോ സുഹൃത്തോ ആയിരുന്നെങ്കില്‍… ഇപ്പോള്‍ അവളുടെ വ്യക്തിത്വത്തെ കൊലപ്പെടുത്തുകയാണ്.” രാജേശ്വരി പറയുന്നു.

ഇരട്ടക്കൊലപാതകത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് നൂപുറിനെയും രാജേഷിനെയും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മേല്‍ക്കോടതിയില്‍ വിധിയെ ചോദ്യം ചെയ്യുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ അറിയിച്ചു.

ആരുഷിയുടെയും ഹേംരാജിന്റെയും കൊലപാതകത്തില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന കാര്യത്തില്‍ തെളിവുകളൊന്നുമില്ലെന്ന് അന്വേഷണസംഘം നേരത്തെ സമ്മതിച്ചിരുന്നു. 2010-ല്‍ ഈ അന്വേഷണം മുമ്പോട്ട് പോകില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കണമെന്ന സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഈ തീരുമാനത്തെ തല്‍വാര്‍ തന്നെയായിരുന്നു എതിര്‍ത്തത്. മകള്‍ക്ക് നീതി കിട്ടണമെന്നായിരുന്നു ആവശ്യം.

ഇത് പൊലീസിന്റെ കഴിവുകേടിനെയാണ് കാണിക്കുന്നതെന്ന് തല്‍വാറിനെ  പിന്തുണയ്ക്കുന്നവര്‍ പറയുന്നു. ആ കുടുംബത്തെ കുറിച്ച് കെട്ടിച്ചമച്ച കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങളും മത്സരിച്ചെന്ന്  അവര്‍ ആരോപിച്ചു.

ആരുഷിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി 24 മണിക്കൂറിന് ശേഷമാണ് പൊലീസ് സംഭവസ്ഥലം സീല്‍ ചെയ്തത്. അതിനാല്‍ തന്നെ വിലപ്പെട്ട പല തെളിവുകളും നഷ്ടപ്പെട്ടിരുന്നു. അടുത്ത ദിവസമാണ് ഹേംരാജിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

We use cookies to give you the best possible experience. Learn more