| Saturday, 10th January 2015, 9:23 am

മുസ്‌ലിങ്ങള്‍ക്കുനേരെ കയ്യേറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ ആക്രമണങ്ങള്‍ തുടരും: ഫ്രാന്‍സിന് അല്‍-ഖ്വയ്ദയുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: മുസ്‌ലിങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ തുടര്‍ന്നാല്‍ കാര്‍ട്ടൂണ്‍ മാഗസിനെതിരെയുണ്ടായ തരത്തിലുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് ഫ്രാന്‍സിന് അല്‍-ഖ്വയ്ദ യെമന്റെ മുന്നറിയിപ്പ്.

” മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ നിര്‍ത്തുന്നതാണ് നിങ്ങള്‍ക്കു നല്ലത്, അങ്ങനെയായാല്‍ ഒരുപക്ഷേ നിങ്ങള്‍ക്കു സമാധാനമായി ജീവിക്കാം.” വീഡിയോ ദൃശ്യത്തില്‍ ഹാരിത് അല്‍ നദ്വാരി പറയുന്നു.

അതിനിടെ, ഫ്രഞ്ച് മാഗസിനായ ചാര്‍ലി ഹെബ്‌ഡോയ്‌ക്കെതിരെ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ അല്‍-ഖ്വയ്ദ ഏറ്റെടുത്തിട്ടുണ്ട്. മരിക്കുന്നതിനു മുമ്പ് ഉസാമ ബിന്‍ ലാദന്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതിനാണ് മാഗസിനെതിരെ ആക്രമണം നടത്തിയതെന്നും അവര്‍ വിശദീകരിക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള അല്‍-ഖ്വയ്ദയുടെ പ്രസ്താവന അസോസിയേറ്റ് പ്രസിനാണ് നല്‍കിയത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇത്രയും കാലതാമസമുണ്ടായത് സുരക്ഷാ പ്രശ്‌നം കാരണമാണ്. ആക്രമണം നടത്തിയ സഹോദരന്‍മാര്‍ തന്നെ തങ്ങള്‍ക്ക് യെമനിലെ അല്‍-ഖ്വയ്ദയുടെ പിന്തുണയുണ്ടെന്നു പറഞ്ഞിരുന്നു.

2011ലെ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍-ഖ്വയ്ദ നേതാവ് അന്‍വര്‍ അല്‍ അവാക്കിയാണ് തങ്ങള്‍ക്ക് പരിശീലനം നല്‍കിയതെന്ന് മാഗസിനെതിരെ ആക്രമണം നടത്തിയ ചെറിഫ് കൗച്ചി ഫ്രഞ്ച് ടെലിവിഷനായ ബി.എഫ്.എം.ടി.വിയോടു പറഞ്ഞിരുന്നു.

അതേസമയം, സംഘടനയുടെ അവകാശവാദം വിശ്വസനീയമാണെന്നു വ്യക്തമല്ലെന്ന് പേരുവെളിപ്പെുത്താന്‍ തയ്യാറാവാത്ത യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more