മുസ്‌ലിങ്ങള്‍ക്കുനേരെ കയ്യേറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ ആക്രമണങ്ങള്‍ തുടരും: ഫ്രാന്‍സിന് അല്‍-ഖ്വയ്ദയുടെ മുന്നറിയിപ്പ്
Daily News
മുസ്‌ലിങ്ങള്‍ക്കുനേരെ കയ്യേറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ ആക്രമണങ്ങള്‍ തുടരും: ഫ്രാന്‍സിന് അല്‍-ഖ്വയ്ദയുടെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th January 2015, 9:23 am

alqaida വാഷിങ്ടണ്‍: മുസ്‌ലിങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ തുടര്‍ന്നാല്‍ കാര്‍ട്ടൂണ്‍ മാഗസിനെതിരെയുണ്ടായ തരത്തിലുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് ഫ്രാന്‍സിന് അല്‍-ഖ്വയ്ദ യെമന്റെ മുന്നറിയിപ്പ്.

” മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ നിര്‍ത്തുന്നതാണ് നിങ്ങള്‍ക്കു നല്ലത്, അങ്ങനെയായാല്‍ ഒരുപക്ഷേ നിങ്ങള്‍ക്കു സമാധാനമായി ജീവിക്കാം.” വീഡിയോ ദൃശ്യത്തില്‍ ഹാരിത് അല്‍ നദ്വാരി പറയുന്നു.

അതിനിടെ, ഫ്രഞ്ച് മാഗസിനായ ചാര്‍ലി ഹെബ്‌ഡോയ്‌ക്കെതിരെ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ അല്‍-ഖ്വയ്ദ ഏറ്റെടുത്തിട്ടുണ്ട്. മരിക്കുന്നതിനു മുമ്പ് ഉസാമ ബിന്‍ ലാദന്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതിനാണ് മാഗസിനെതിരെ ആക്രമണം നടത്തിയതെന്നും അവര്‍ വിശദീകരിക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള അല്‍-ഖ്വയ്ദയുടെ പ്രസ്താവന അസോസിയേറ്റ് പ്രസിനാണ് നല്‍കിയത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇത്രയും കാലതാമസമുണ്ടായത് സുരക്ഷാ പ്രശ്‌നം കാരണമാണ്. ആക്രമണം നടത്തിയ സഹോദരന്‍മാര്‍ തന്നെ തങ്ങള്‍ക്ക് യെമനിലെ അല്‍-ഖ്വയ്ദയുടെ പിന്തുണയുണ്ടെന്നു പറഞ്ഞിരുന്നു.

2011ലെ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍-ഖ്വയ്ദ നേതാവ് അന്‍വര്‍ അല്‍ അവാക്കിയാണ് തങ്ങള്‍ക്ക് പരിശീലനം നല്‍കിയതെന്ന് മാഗസിനെതിരെ ആക്രമണം നടത്തിയ ചെറിഫ് കൗച്ചി ഫ്രഞ്ച് ടെലിവിഷനായ ബി.എഫ്.എം.ടി.വിയോടു പറഞ്ഞിരുന്നു.

അതേസമയം, സംഘടനയുടെ അവകാശവാദം വിശ്വസനീയമാണെന്നു വ്യക്തമല്ലെന്ന് പേരുവെളിപ്പെുത്താന്‍ തയ്യാറാവാത്ത യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.