| Monday, 30th September 2013, 11:10 am

162 മരുന്നുകളുടെ പരീക്ഷണം ഉടന്‍ നിര്‍ത്തിവെക്കണം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: നിലവില്‍ പുതുതായി അനുമതി നല്‍കിയ 162 മരുന്നുകളുടെ പരീക്ഷണം തത്ക്കാലമായി നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണോ അനുമതി നല്‍കിയതെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

മരുന്ന് പരീക്ഷണത്തിന് അനുമതി നല്‍കിയത് ഏതെങ്കിലും അടിയന്തര സാഹചര്യത്തിലാണോ എന്ന് വിശദീകരിക്കണമെന്നും കോടതി പറഞ്ഞു.

പരീക്ഷണത്തിന് വിധേയരാവുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോടതി ആവര്‍ത്തിച്ചു. ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.

ബഹുരാഷ്ട്ര കമ്പനികളുടെ മരുന്ന് പരീക്ഷണത്തിനെതിരെ സന്നദ്ധ സംഘടനയായ സ്വാസ്ഥ്യ അധികാര്‍ മഞ്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്.

മരുന്ന് പരീക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കാലതാമസമില്ലാതെ നടപ്പിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പുതിയ രാസഘടനയിലുള്ള മരുന്നുകളുടെ പരീക്ഷണവും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

പുതിയതായി അനുമതി നല്‍കിയ 162 മരുന്നുകള്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പ് വരുത്തിയ ശേഷമാണോ പരീക്ഷണത്തിന് അനുമതി നല്‍കിയതെന്ന് രണ്ടാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ഇതേത്തുടര്‍ന്ന് നേരത്തെ അനുമതി നല്‍കിയ 162 മരുന്നുകളുടെ പരീക്ഷണം നിര്‍ത്തിവെക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പുനല്‍കി.

മരുന്ന് പരീക്ഷണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് സുപ്രീം കോടതി നേരത്തെതന്നെ നിര്‍ദ്ദേശിച്ചിരുന്നു.

നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിമാരുടെയും യോഗം വിളിച്ചുചേര്‍ക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more